വയലാര്‍ രാമവര്‍മ്മ Source: News Malayalam 24X7
MUSIC

വയലാറിന്റെ കുണുക്കിട്ട കോഴിയും, ഒലക്കയും ഇരുമ്പും ചുട്ട് ഉണക്കിപ്പൊടിച്ച ചൂരല്‍ കഷായവും

പുതിയ ഭാഷയില്‍ പറഞ്ഞാല്‍ വരികളില്‍ നിറയെ തഗ്ഗ് ഒളിപ്പിച്ച ഗാനരചയിതാവ് കൂടിയായിരുന്നു വയലാര്‍.

Author : എസ്. ഷാനവാസ്

കുണുക്കിട്ട കോഴി കുളക്കോഴി...

കുന്നും ചരുവിലെ വയറ്റാട്ടി...

നീ കേട്ടോ.. നീ കേട്ടോ...

കളിപ്പാങ്കുളങ്ങരെ കടിഞ്ഞൂല്‍ പെറ്റൂ...

കന്നി ചെമ്പരത്തി...

ഈ പാട്ട് കേള്‍ക്കുമ്പോള്‍ പലരുടെയും മനസില്‍ തെളിയുന്നത് ശ്രീനിവാസന്റെ മുഖമായിരിക്കും. ചിന്താവിഷ്ടയായ ശ്യാമളയില്‍ ശ്രീനിവാസന്റെ കഥാപാത്രം ഭാര്യക്ക് പാടിക്കൊടുക്കുന്നത് ഈ പാട്ടാണ്. എന്നാല്‍, ഇത് 1972ല്‍ പുറത്തിറങ്ങിയ ചെമ്പരത്തി എന്ന ചിത്രത്തിനായി വയലാര്‍ എഴുതിയ ഗാനമാണ്. ഈണമിട്ടത് ജി ദേവരാജന്‍ മാസ്റ്റര്‍. പാടിയത് പി. മാധുരിയും. ഒറ്റക്കേള്‍വിയില്‍ ഏതോ ഒരു യുവതി പ്രസവിച്ചതിനെ കുറിച്ചാണ് കവി പറയുന്നതെന്നേ തോന്നൂ. എന്നാല്‍, ഇവിടെ നൊന്തു പെറ്റത് ഒരു ചെമ്പരത്തി പൂവാണ്. തുടര്‍ന്നുള്ള വരികളിലെ നാടന്‍ പ്രയോഗങ്ങള്‍ പിന്തുടര്‍ന്നാല്‍ അത് വ്യക്തമായി മനസിലാകുമെന്ന് വയലാര്‍ ഗാനങ്ങളിലെ ചിരികളെ കുറിച്ചെഴുതിയ ഡോ. ടി സുരേഷ് കുമാര്‍ പറയുന്നുണ്ട്.

മേല്‍മുണ്ട് മുകളില്‍ചുളിച്ചുവച്ചു അമ്മ, പൂമണിക്കുഞ്ഞിന് പാല്‍കൊടുത്തു... കള്ളിയങ്കാട്ടിലെ കാമുകര്‍ വണ്ടുകള്‍ കള്ളക്കണ്ണിട്ടു നോക്കിനിന്നു... എന്നു പാടിയാണ് കവി ചെമ്പരത്തിയുടെ പ്രസവ വിശേഷം അവസാനിപ്പിക്കുന്നത്. മലയാറ്റൂര്‍ രാമകൃഷ്ണന്റെ രചനയില്‍ പി.എന്‍ മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ടൈറ്റിലിനോട് ചേര്‍ന്നുനില്‍ക്കുന്നതാണ് വയലാറിന്റെ വരികള്‍. പുതിയ ഭാഷയില്‍ പറഞ്ഞാല്‍ വരികളില്‍ നിറയെ തഗ്ഗ് ഒളിപ്പിച്ച ഗാനരചയിതാവ് കൂടിയായിരുന്നു വയലാര്‍.

വാഴ്‌വേമായം എന്ന ചിത്രത്തില്‍, 'ഭഗവാനൊരു കുറവനായി... ശ്രീ പാര്‍വ്വതി കുറത്തിയായി...' എന്നൊരു ഗാനമുണ്ട്. ധനുമാസത്തിലെ തിരുവാതിരനാളില്‍ ശിവനും പാര്‍വ്വതിയും തീര്‍ത്ഥാടനത്തിനിറങ്ങി... നാടും നഗരവും കണ്ടു, നന്മയും തിന്മയും കണ്ടു എന്നിങ്ങനെ പോകുന്ന പാട്ട് കേട്ടാല്‍ ഭക്തിഗാനമാണെന്ന് തോന്നിപ്പോകും... പക്ഷേ, കുറച്ചുകൂടി കേട്ടുകഴിഞ്ഞാല്‍ സകല ഭക്തിയും മാറിനില്‍ക്കും. പിന്നീട് കാണാനാകുക വയലാര്‍ എന്ന വിപ്ലവകാരിയെയാണ്. 'ആശ്രമങ്ങള്‍ കണ്ടു, അമ്പലങ്ങള്‍ കണ്ടു, പണക്കാര്‍ പണിയിച്ച പൂജാമുറികളില്‍ പാല്‍പ്പായസമുണ്ടു, അവര്‍ പലപല വരം കൊടുത്തു' എന്ന് വയലാര്‍ എഴുതുന്നു.

അതായത് തീര്‍ത്ഥാടനത്തിനിടെ, ശിവപാര്‍വതിമാര്‍ പണക്കാര്‍ക്ക് പല പല വരം കൊടുത്തത്രേ... എന്നാലോ, 'കൈമൊട്ടുകള്‍ കൂപ്പിയും കൊണ്ടേ.. കണ്ണീരുമായി ഞങ്ങള്‍ കാത്തുനിന്നു... പാവങ്ങള്‍ ഞങ്ങള്‍ പ്രാര്‍ത്ഥിച്ചതൊന്നും, ദേവനും ദേവിയും കേട്ടില്ല' എന്ന് കവി പറയുന്നു. ശരിക്കും പണക്കാരനെ സഹായിക്കുകയും പാവങ്ങളെ കൈവിടുകയും ചെയ്ത ശിവപാര്‍വതിമാരുടെ ഇരട്ടത്താപ്പാണ് വയലാര്‍ പൊളിച്ചടുക്കിയിരിക്കുന്നത്. സിനിമയിലെ ഗാനരംഗം കാണുമ്പോള്‍ അത് വ്യക്തമാകും. പക്ഷേ, ദേവരാജന്‍ മാസ്റ്ററുടെ ഈണത്തില്‍ പി. ലീല പാടിയ ഗാനം കേള്‍ക്കുന്നവര്‍ക്ക് പെട്ടെന്ന് ഇത് പിടുത്തം കിട്ടണമെന്നില്ല. അതാണ് വയലാറിന്റെ സൂത്രവിദ്യ.

വയലാറിലെ യുക്തിവാദിയുടെ ചോദ്യങ്ങള്‍ പല പാട്ടുകളില്‍ വന്നുപോകുന്നുണ്ട്. 1970ല്‍ പുറത്തിറങ്ങിയ കെ.എസ് സേതുമാധവന്‍ സംവിധാനം ചെയ്ത കുറ്റവാളി എന്ന ചിത്രത്തിലെ ഒരു ഗാനം ശ്രദ്ധിക്കാം. 'ജനിച്ചു പോയി മനുഷ്യനായ് ഞാന്‍... എനിക്കുമിവിടെ ജീവിക്കേണം മരിക്കുവോളം..., മരിച്ചു ചെന്നാല്‍ സ്വര്‍ഗ്ഗ കവാടം, തുറക്കുമത്രേ ദൈവം..., പക്ഷേ, പിറന്ന മണ്ണില്‍ മനുഷ്യ പുത്രന് നിറഞ്ഞ ദുഃഖം മാത്രം... ഗീതയിലുണ്ടോ ബൈബിളിലുണ്ടോ.. ഖുറാനിലുണ്ടോ പറയൂ... വിധിക്ക് പോലും ചിരി വരുമീയൊരു... ചതഞ്ഞ വേദാന്തം'... ഇങ്ങനെ പോകുന്ന വരികള്‍ അവസാനിക്കുമ്പോള്‍, 'വെറുത്തുകൊള്ളൂ തെണ്ടികള്‍ ഞങ്ങളെ, വെറുത്തുകൊള്ളൂ നിങ്ങള്‍.., പക്ഷെ വിശന്ന വയറില്‍ തീ പടരുമ്പോള്‍ വീണ വായിക്കരുതേ...' എന്നാണ് വയലാര്‍ പറയുന്നത്. യേശുദാസിന് മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത അച്ഛനും ബാപ്പയും എന്ന ചിത്രത്തിലെ 'മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു...' എന്ന ഗാനം ശ്രദ്ധിച്ചാല്‍, മതങ്ങളെയും ദൈവത്തെയും യുഗാവതാരങ്ങളെയുമൊക്കെ കണക്കിന് പരിഹസിക്കുന്നുണ്ട് വയലാര്‍.

1971ല്‍ പുറത്തിറങ്ങിയ അഗ്നിമൃഗം എന്ന ചിത്രത്തിലെ ഒരു ഗാനം കൂടി പറഞ്ഞ് അവസാനിപ്പിക്കാം. 'മരുന്നോ..നല്ല മരുന്ന്.. അര മരുന്ന്.. പൊടി മരുന്ന്.. വാറ്റു മരുന്ന്.. നീറ്റു മരുന്ന്...' എന്നാണ് തുടക്കം. അനുപല്ലവിയിലേക്ക് എത്തുമ്പോള്‍ ചിരിമരുന്നിന് തുടക്കമാകുകയാണ്. വയ്യുമ്പം വയറ്റിനകത്തൊരുരുണ്ടുകേറ്റം എന്ന പെണ്‍കൊടിയുടെ രോഗത്തിന് വൈദ്യരുടെ നിര്‍ദേശം നോക്കുക. 'അടുത്ത വീട്ടിലെ ചെറുപ്പക്കാരന്റെ കടക്കണ്ണിലെ പൂവ്..അകത്തുനിന്ന് മുളച്ചുവന്ന സ്വപ്നത്തിന്റെ വേര്.. സമംസമം ചേര്‍ത്തരച്ചുരുട്ടി പ്രേമം മെമ്പൊടി ചേര്‍ത്ത്.. കടുക്കയോളം മൂന്നുനേരം കഴിച്ചാല്‍... നിന്റെ ഉരുണ്ടുകേറ്റവും പിരണ്ടുകേറ്റവും പമ്പ കടക്കും...പെണ്ണേ...' ആയൂര്‍വേദ വൈദ്യന്മാരുടെ ചികിത്സാപ്രയോഗങ്ങളെ വളരെ ഭംഗിയായാണ് വയലാര്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ഡോ. സുരേഷ് കുമാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

വൈകുമ്പം മനസ്സിനകത്തൊരു ലൊട്ടുലൊടുക്ക് എന്ന പരാതിയുമായി വരുന്ന കാമുകനോട്...'ഒലക്ക ചുട്ടാരുനീക്കിയൊരു കഴഞ്ച്. ഇരുമ്പുചുട്ടു തുരുമ്പുനീക്കിയരക്കഴഞ്ച് എടുത്തുണക്കിപ്പൊടിച്ചു വെച്ച്.. ചൂരല്‍ കഷായമിട്ട് മടുക്കുവോളം മൂന്നു നേരം കഴിച്ചാല്‍.. നിന്റെ ലൊട്ടുലൊടുക്കും തട്ടിപ്പും പറപറക്കും അളിയാ പറപറക്കും...' എന്നും വയലാര്‍ പറയുന്നു. ദേവരാജന്‍ മാസ്റ്ററുടെ ഈണത്തില്‍ യേശുദാസും സംഘവുമാണ് ഗാനം പാടിയിരിക്കുന്നത്.

ഒരു കാര്യം തീര്‍ച്ചയാണ്... വയലാര്‍ ഇക്കാലത്തും ജീവിച്ചിരുന്നെങ്കില്‍ ഏത് ഡയലോഗ് വീരനും അടിക്കുന്ന തഗ്ഗിനേക്കാള്‍ മികച്ച തഗ്ഗുകള്‍ പാട്ടുകളില്‍ നിറഞ്ഞേനേ...സംശയമുണ്ടോ.. എങ്കില്‍... പഴശ്ശിരാജ എന്ന ചിത്രത്തില്‍ ആര്‍.കെ ശേഖര്‍ ഈണമിട്ട് മെഹ്ബൂബൂം പി. ലീലയും പാടിയ.. സായിപ്പേ.. സായിപ്പേ.... കൊല്ലക്കുടിയില്‍ തൂശി വില്‍ക്കണ സായിപ്പേ... എന്ന പാട്ടോ... സ്വാമി അയ്യപ്പനിലെ തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണെങ്കില്‍ ചുമ്മാ തെറിച്ചുപോട്ടെ... ഒരു പെഗ്ഗു റമ്മടിച്ചാലീശ്വരന്‍ പിണങ്ങുമെങ്കില്‍ ചുമ്മാ പെണങ്ങിക്കോട്ടെ... എന്നിങ്ങനെ പാട്ടുകളൊക്കെ ഒന്നു കേട്ടുനോക്കിക്കോളൂ...

SCROLL FOR NEXT