ഹരിനാരായണന്‍ Source : PRO
MUSIC

'മൊഴിഗ' സൃഷ്ടിച്ച് ഹരിനാരായണന്‍; ലോക ചാപ്റ്റര്‍ വണ്‍ : ചന്ദ്രയിലെ പുതിയ ഭാഷ

സംഗീത സംവിധായകന്‍ ജേക്സ് ബിജോയിയും ഹരിനാരായണനും കൂടിയാണ് പുതിയ ഭാഷ അവതരിപ്പിച്ചത്.

Author : ന്യൂസ് ഡെസ്ക്

പ്രേക്ഷകര്‍ ആവേശത്തോടെ സ്വീകരിച്ച ലോക സിനിമയിലെ ഗാനങ്ങളും ഇന്ന് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാകുകയാണ്. കഥാപശ്ചാത്തലത്തിനോട് ചേര്‍ന്ന് ബി.കെ ഹരിനാരായണന്‍ എഴുതിയ ഫോക്ക് ഗാനങ്ങളെല്ലാം സിനിമക്കൊപ്പം തന്നെ ശ്രദ്ധനേടുകയാണ്. സംഗീത സംവിധായകന്‍ ജേക്സ് ബിജോയിയും ഹരിനാരായണനും കൂടി തങ്ങള്‍ അവതരിപ്പിച്ച പുതിയഭാഷയ്ക്ക് 'മൊഴിഗ' എന്നാണ് പേര് നല്‍കിയത്. ലോക സിനിമയ്ക്കായി പുതിയൊരു ഭാഷ തന്നെ സൃഷ്ടിച്ചതിന്റെ ആഹ്ലാദം പങ്കുവച്ചാണ് ബി.കെ ഹരിനാരായണന്‍ സംസാരിച്ചത്.

"അപ്രതീക്ഷിതമായാണ് സംഗീത സംവിധായകന്‍ ജേക്സ് ബിജോയ് ഒരു ഫോക് പാട്ട് വേണമെന്ന് പറഞ്ഞ് വിളിക്കുന്നത്. ലോകയുടെ ടീസര്‍ വര്‍ക്കുകള്‍ നടക്കുന്ന സമയത്തായിരുന്നു വിളി. ഒരു ഈണമുണ്ടാക്കിയിട്ടുണ്ടെന്നും അതിന് യോജിക്കുന്ന ഒരു ഫോക് പാട്ട് വേണമെന്നുമായിരുന്നു ആവശ്യം. മലയാളത്തില്‍ വരികള്‍ വേണ്ട, പകരം ഗോത്രവര്‍ഗ്ഗക്കാരുടെ ഏതെങ്കിലും ഒരു ഭാഷയിലുള്ള വരികളാകണം, പഴയകാലത്ത് നടക്കുന്ന ഒരുകഥയ്ക്ക് വേണ്ടിയാണെന്നും പറഞ്ഞു. എന്റെ ശേഖരത്തില്‍ അത്തരം കുറേ പാട്ടുകളുണ്ടെന്നും എന്നാല്‍ യോജിക്കുന്നത് ഉണ്ടോ എന്നറിയില്ല എന്നുമാണ് ആദ്യം പറഞ്ഞത്. ഗോത്രഭാഷയിലെ വാക്കുകള്‍ കിട്ടാന്‍ പ്രയാസമില്ലെന്നും എന്നാല്‍ ആ വാക്കുകള്‍ ഏത് തരത്തിലാണ് പ്രയോഗിക്കുന്നത് എന്നറിയാന്‍ അല്‍പം വിഷമമാണെന്നും അറിയിച്ചു. ജേക്സ് നല്‍കിയ പിന്‍തുണയുടെ ധൈര്യത്തിലാണ് എഴുതി തുടങ്ങിയത്. ഈണം ഞാന്‍ കേട്ട ശേഷം വരികള്‍ ഉണ്ടാക്കാനുള്ള ശ്രമം തുടങ്ങി. സംവിധായകന്‍ ഡൊമിനിക് അരുണില്‍ നിന്ന് കഥയുടെ ഏതാണ്ടൊരു രൂപം അറിഞ്ഞു. നമ്മള്‍ വലതുകൈകൊണ്ട് സ്ഥിരമായി ചെയ്യുന്ന ജോലി പെട്ടെന്നൊരുദിവസം ഇടതുകൈക്കൊണ്ട് ചെയ്യേണ്ട അവസ്ഥ പോലെയാണ് മറ്റൊരുഭാഷയില്‍ പാട്ട് ഉണ്ടാക്കുക എന്നത്. ശരിയാകുമോ എന്നറിയില്ലായിരുന്നു, മുന്‍കൂര്‍ ജാമ്യമെടുത്താണ് ഞാനെഴുതി തുടങ്ങിയത്", ഹരിനാരായണന്‍ പറഞ്ഞു.

ഒരുപാട് ഗോത്രഭാഷകള്‍ പരിശോധിച്ചും പഠിച്ചുമാണ് പാട്ടെഴുതിയതെന്ന് ഗാനരചയിതാവ് പറയുന്നു. മുള്ളകുറുമര്‍, കാട്ടുനായ്ക്കര്‍, ചോലനായ്ക്കര്‍, ഊരാളികുറുമര്‍, അടിയര്‍, പണിയര്‍, കുറിച്യര്‍ തുടങ്ങി ഓരോ ഗോത്രവിഭാഗത്തിന്റെയും ഭാഷയില്‍ നിന്നെല്ലാമുള്ള പദങ്ങള്‍ പാട്ടില്‍ ചേര്‍ത്തുവച്ചിട്ടുണ്ട്.മേക്കിങ്ങിനുപുറമെ മികച്ച കാസ്റ്റുങ്ങും പശ്ചാത്തലസംഗീതവും പാട്ടിന്റെ വരികളുമെല്ലാം ലോകയുടെ വിജയത്തിന് കൂട്ടുവന്നിട്ടുണ്ട്.

SCROLL FOR NEXT