വയലാര്‍ രാമവര്‍മ 
MUSIC

സെന്‍സര്‍ ബോര്‍ഡ് കത്തിവെച്ചു; 'ഇന്ത്യ'ക്ക് പകരം 'ലോകം' ഭ്രാന്താലയമായി; മലയാളത്തിന് കിട്ടി രണ്ട് ദേശീയ പുരസ്കാരം

വയലാര്‍, യേശുദാസ്, ദേശീയ പുരസ്കാരം... ഇത്രയും കേള്‍ക്കുമ്പോള്‍ തന്നെ മലയാളികളുടെ മനസിലേക്ക് ആ പാട്ട് ഒഴുകിയെത്തും

Author : എസ് ഷാനവാസ്

സെന്‍സര്‍ ബോര്‍ഡ് ഇടപെട്ട് സിനിമയുടെ സീനുകളും ഡയലോഗുകളുമൊക്കെ വെട്ടിമാറ്റിയതിനെക്കുറിച്ച് നാം ഒരുപാട് കേട്ടിട്ടുണ്ടാകും. എന്നാല്‍ ദേശവിരുദ്ധമെന്ന് വിധിയെഴുതി, ഒരു സിനിമാപ്പാട്ടിലെ വരി മാറ്റിയെഴുതണം എന്ന് ആവശ്യപ്പെട്ടതിനെക്കുറിച്ച് അറിയാമോ? അത് മലയാളത്തിലാണെന്നും, മാറ്റിയെഴുതാന്‍ പറഞ്ഞ വരികളെഴുതിയത് വയലാര്‍ രാമവര്‍മയാണെന്നും അറിഞ്ഞാലോ? തീര്‍ന്നില്ല. വരി മാറ്റിയെഴുതിയ പാട്ടിന് വയലാറിനും ഗായകന്‍ കെ.ജെ. യേശുദാസിനും ദേശീയ പുരസ്കാരം കൂടി ലഭിച്ചു എന്നുകൂടി അറിയുമ്പോഴേ അതിന്റെ ത്രില്‍ പൂര്‍ണമാകൂ.

ഈണത്തിന് ഭംഗം വരുത്താതെയായിരുന്നു വയലാറിന്റെ തിരുത്തല്‍. മാറ്റിയെഴുതിയ വരി മാത്രം യേശുദാസ് വീണ്ടും പാടി. അത് പഴയ റെക്കോഡിലേക്ക് ചേര്‍ത്ത് സിനിമയില്‍ ഉള്‍പ്പെടുത്തി. സെന്‍സര്‍ ബോര്‍ഡ് ഹാപ്പിയായി.

വയലാര്‍, യേശുദാസ്, ദേശീയ പുരസ്കാരം... ഇത്രയും കേള്‍ക്കുമ്പോള്‍ തന്നെ മലയാളികളുടെ മനസിലേക്ക് ആ പാട്ട് ഒഴുകിയെത്തും. 1972ല്‍ പുറത്തിറങ്ങിയ 'അച്ഛനും ബാപ്പയും' എന്ന ചിത്രത്തിനുവേണ്ടി വയലാര്‍ വരിയെഴുതി, ദേവരാജന്‍ മാസ്റ്റര്‍ ഈണം പകര്‍ന്ന 'മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു...' എന്നതാണ് ആ ഗാനം. അതിലെ, 'ഹിന്ദുവായി മുസൽമാനായി ക്രിസ്ത്യാനിയായി നമ്മളെ കണ്ടാലറിയതായി...' എന്നതിനുശേഷം വരുന്ന വരിയിലായിരുന്നു സെന്‍സര്‍ ബോര്‍ഡ് ഇടപെട്ടത്. വയലാര്‍ എഴുതിയത് 'ഇന്ത്യ ഭ്രാന്താലയമായി' എന്നായിരുന്നു. പാട്ട് ഗ്രാമഫോണില്‍ റെക്കോഡ് ചെയ്തപ്പോള്‍ യേശുദാസ് പാടിയതും അങ്ങനെയായിരുന്നു.

എന്നാല്‍, 'ഇന്ത്യയെ ഭ്രാന്താലയമാക്കിയ' കവിഭാവനയെ അങ്ങനെയങ്ങ് ഉള്‍ക്കൊള്ളാന്‍ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് പറ്റിയില്ല. ദേശവിരുദ്ധമെന്ന തോന്നലില്‍ നിന്നാവാം, ആ വരി മാറ്റിയേ മതിയാകൂ എന്ന് അവര്‍ ആവശ്യപ്പെട്ടു. എന്തുവേണം എന്നറിയാതെ സിനിമയുടെ അണിയറക്കാര്‍ കുഴഞ്ഞു. നിവൃത്തിയില്ലെന്നായപ്പോള്‍, വരി തിരുത്താന്‍ തീരുമാനിച്ചു. കാര്യം വയലാറിനോട് അവതരിപ്പിച്ചു. വയലാര്‍ ഒരു പൊടിക്കൈ പ്രയോഗിച്ചു. വരി മാറ്റിയില്ല, 'ഇന്ത്യ' എന്ന വാക്കിനു പരം 'ലോകം' എന്ന വാക്ക് ചേര്‍ത്തു. അതോടെ, 'ഇന്ത്യ ഭ്രാന്താലയമായി' എന്നതിനു പകരം 'ലോകം ഭ്രാന്താലയമായി' എന്നായി.

ഈണത്തിന് ഭംഗം വരുത്താതെയായിരുന്നു വയലാറിന്റെ തിരുത്തല്‍. മാറ്റിയെഴുതിയ വരി മാത്രം യേശുദാസ് വീണ്ടും പാടി. അത് പഴയ റെക്കോഡിലേക്ക് ചേര്‍ത്ത് സിനിമയില്‍ ഉള്‍പ്പെടുത്തി. സെന്‍സര്‍ ബോര്‍ഡ് ഹാപ്പിയായി. ആ പാട്ട് സിനിമയുടെ ടൈറ്റില്‍ സോങ്ങായി. ശ്രദ്ധിച്ചുകേട്ടാല്‍ ഇന്ത്യക്കു പകരമെത്തിയ ലോകം പാട്ടില്‍ അങ്ങനെ മുഴച്ചുനില്‍ക്കുന്നത് കൃത്യമായി മനസിലാക്കാനാകും. ചിത്രത്തിന്റെ സംവിധായകന്‍ കെ.എസ്. സേതുമാധവന്‍ പോലും മറന്നുപോയ കാര്യം അന്വേഷിച്ച് കണ്ടെത്തിയത് സിനിമാ ഗാന നിരൂപകനായ രവി മേനോനാണ്. സംവിധായകനും അണിയറ പ്രവര്‍ത്തകരുമൊക്കെ മറന്നുപോയ കാര്യത്തിന് യേശുദാസില്‍ നിന്നാണ് വ്യക്തമായ മറുപടി ലഭിച്ചതെന്നും രവി മേനോന്‍ ഒരിക്കല്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

വിശേഷം അവിടെയും തീരുന്നില്ല. മതങ്ങൾക്കതീതമായി മനുഷ്യർ ജീവിക്കുന്ന ലോകത്തെക്കുറിച്ചാണ് അച്ഛനും ബാപ്പയും എന്ന ചിത്രം പറഞ്ഞത്. സ്വന്തം നാടകത്തെ അവലംബമാക്കി കെ.ടി. മുഹമ്മദ് രചിച്ച്, കെ.എസ്. സേതുമാധവന്‍ ഒരുക്കിയ ചിത്രത്തിന് മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള നർഗീസ് ദത്ത് പുരസ്കാരം ലഭിച്ചു. വരി തിരുത്തിയ പാട്ടിലൂടെ യേശുദാസിന് മികച്ച ഗായകനുള്ള ആദ്യ ദേശീയ പുരസ്കാരവും, വയലാറിന് മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരവും ലഭിച്ചു. പാട്ടിന്റെ വരിയില്‍നിന്ന് 'ഇന്ത്യ' എന്ന വാക്ക് മാറ്റിയില്ലായിരുന്നെങ്കില്‍ പുരസ്കാരം ലഭിക്കുമായിരുന്നോ എന്നൊരു ചോദ്യം അപ്പോഴും അവശേഷിക്കുന്നു. രണ്ട് പാട്ടും യുട്യൂബില്‍ ലഭ്യമാണ്.

SCROLL FOR NEXT