'അമ്പമ്പോ അഞ്ചനമണിക്കട്ടിലമ്മേ നല്ല പഞ്ഞണിത്തേര്‍ മെത്തമേ', വളരെ പ്രശസ്തമായൊരു നാടന്‍ പാട്ടാണ്. ഈ ഗാനം പുതിയ ഓര്‍ക്കസ്‌ട്രൈയുടെ അകമ്പടിയോടെ തനിമ ഒട്ടും നഷ്ടപ്പെടാതെ സതീഷ് തന്‍വി സംവിധാനം ചെയ്യുന്ന ഇന്നസന്റ് എന്ന ചിത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. സംഗീത സംവിധായകനായ ജയ് സ്റ്റെല്ലറാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. രേഷ്മ രാഘവേന്ദ്രയും സംഘവുമാണ് ആലാപനം.
എലമെന്റ്‌സ് ഓഫ് സിനിമയുടെ ബാനറില്‍ ശീരാജ് ഏ.ഡി.യാണ് ഇന്നസെന്റ് നിര്‍മിച്ചിരിക്കുന്നത്. അജയ് വാസുദേവ്, ജി.മാര്‍ത്താണ്ഡന്‍ ഡിക്‌സണ്‍ പൊടുത്താസ് എന്നിവരാണ് ചിത്രത്തിന്റെ എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍മാര്‍. സര്‍ക്കാര്‍ ജീവനക്കാരനായ വിനോദ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ കഥാവികസനം. അദ്ദേഹത്തിന്റെ കരുനാഗപ്പള്ളിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ഒരു യാത്രയും അതിനിടയില്‍ അരങ്ങേറുന്ന സംഭവങ്ങളുമാണ് തികഞ്ഞ സറ്റയറായി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
നമ്മുടെ നിത്യ ജീവിതത്തില്‍ കാണുകയും, കേള്‍ക്കുകയും ചെയ്യുന്ന വിഷയങ്ങളാണ് ഈ ചിത്രത്തിലുടനീളമുള്ളത്. അല്‍ത്താഫ് സലിമാണ് വിനോദിനെ അവതരിപ്പിക്കുന്നത്. ജ്യോമോന്‍ ജ്യോതിറും അനാര്‍ക്കലി മരക്കാറും ഈ ചിത്രത്തിലെ മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അസീസ് നെടുമങ്ങാട്, റിയാസ് നര്‍മ്മ കല, അന്നാ പ്രസാദ്, ജോളി ചിറയത്ത്, ആദിനാട് ശശി, എന്നിവരും ഏതാനും പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. കൊച്ചി, തിരുവനന്തപുരം, കരുനാഗപ്പള്ളി, ആറ്റിങ്ങല്‍ എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ ചിത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുകയാണ്. സെഞ്ചറി ഫിലിംസാണ് ചിത്രം തിയേറ്ററിലെത്തിക്കുന്നത്.
ഷിഹാബ് കരുനാഗപ്പള്ളിയുടെ കഥയ്ക്ക് ഷിഹാബ് കരുനാഗപ്പള്ളി, സര്‍ജി വിജയന്‍, സതീഷ് തന്‍വി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിനായക് ശശികുമാര്‍ രചിച്ച എട്ടു ഗാനങ്ങള്‍ ഈ ചിത്രത്തിലുണ്ട്. സംഗീതം - ജയ് സ്റ്റെല്ലര്‍. ഛായാഗ്രഹണം - നിഖില്‍ എസ്. പ്രവീണ്‍. എഡിറ്റിംഗ്- റിയാസ്. കലാസംവിധാനം - മധു രാഘവന്‍. മേക്കപ്പ് - സുധി ഗോപിനാഥ്. കോസ്റ്റ്യും ഡിസൈസന്‍- ഡോണ മറിയം ജോസഫ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - സുമി ലാല്‍ സുബ്രഹ്‌മണ്യന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സുരേഷ് മിത്രക്കരി. പിആര്‍ഒ - വാഴൂര്‍ ജോസ്.