കെ പോപ്പ് ബാൻഡ് ബ്ലാക്ക്പിങ്ക് Source: X / BLACKPINKOFFICIAL
MUSIC

മൂന്ന് വർഷത്തെ കാത്തിരിപ്പിന് വിരാമം; ബ്ലാക്ക്പിങ്കിന്റെ പുതിയ മിനി ആൽബം വരുന്നു

ബ്ലാക്ക്പിങ്കിന്റെ പുതിയ ആൽബത്തിന്റെ പേരും റിലീസ് തീയതിയും പുറത്ത്

Author : ശ്രീജിത്ത് എസ്

മൂന്ന് വർഷത്തെ കാത്തിരിപ്പിന് ശേഷം ആരാധകർക്ക് സന്തോഷ വാർത്തയുമായി കെ-പോപ്പ് ബാൻഡ് ബ്ലാക്ക്പിങ്ക്. തങ്ങളുടെ മൂന്നാമത്തെ മിനി ആൽബം ബാൻഡ് പ്രഖ്യാപിച്ചു. 'ഡെഡ്‌ലൈൻ' എന്ന് പേരിട്ടിരിക്കുന്ന ആൽബം ഫെബ്രുവരി 27ന് പുറത്തിറങ്ങും.

വ്യാഴാഴ്ച പുറത്തുവിട്ട ടീസർ വീഡിയോയിലൂടെയാണ് ആൽബത്തിന്റെ പേരും റിലീസ് തീയതിയും ഔദ്യോഗികമായി അറിയിച്ചത്. "ബാക്ക്പിങ്കിന്റെ മൂന്നാമത്തെ മിനി ആൽബം [ഡെഡ്‌ലൈൻ] 2026.02.27 എത്തുന്നു" എന്നായിരുന്നു പ്രഖ്യാപനം. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ബ്ലാക്ക്പിങ്കിന്റെ വേൾഡ് ടൂറിന്റെ പേര് തന്നെയാണ് ആൽബത്തിനും നൽകിയിരിക്കുന്നത്. ഹോങ്കോങ്ങിലെ കായ് ടാക്ക് സ്റ്റേഡിയത്തിൽ ജനുവരി 26നാണ് കെ പോപ്പ് സംഘത്തിന്റെ ലോക പര്യടനം അവസാനിക്കുന്നത്.

ആൽബം പ്രഖ്യാപിച്ചതിന് പിന്നാലെ ബ്ലാക്ക്പിങ്ക് ആരാധകർ സോഷ്യൽ മീഡിയ കീഴടക്കി. നീണ്ട കാത്തിരിപ്പിന് ശേഷം വരുന്ന ആൽബത്തിന്റെ സന്തോഷം ചിലർ പങ്കിട്ടപ്പോൾ ഒരു വിഭാഗം കടുത്ത നിരാശയിലാണ്. ഇത്രവും കാത്തിരുന്നിട്ടും ഒരു 'ഫുൾ ആൽബ'ത്തിന് പകരം ആറ്-എട്ട് പാട്ടുകളുള്ള മിനി ആൽബം പുറത്തിറക്കുന്നതിലാണ് ഇവരുടെ പ്രതിഷേധം.

ബ്ലാക്ക് പിങ്കിന്റെ പുതിയ ആൽബം 2025 മെയ് മാസത്തിൽ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പല കാരണങ്ങളാൽ ഇത് നീണ്ടുപോയി. ആൽബത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനാണ് റിലീസ് വൈകിയതെന്നാണ് വൈ.ജി എന്റർടെയ്‌ൻമെന്റ് നൽകുന്ന വിശദീകരണം.

2022ൽ പുറത്തിറങ്ങിയ 'ബോൺ പിങ്ക്' എന്ന ആൽബത്തിന് ശേഷം ബ്ലാക്ക്പിങ്കിലെ അംഗങ്ങളെല്ലാം സോളോ പ്രോജക്ടുകളുടേയും മറ്റ് സംരംഭങ്ങളുടേയും തിരക്കിലായിരുന്നു. ബ്രൂണോ മാഴ്സുമായി ചേർന്നുള്ള 'APT' എന്ന ഗാനത്തിലൂടെ റോസെ, ഗ്രാമി നാമനിർദേശം സ്വന്തമാക്കിയിരുന്നു. ജെനി, 'ODD ATELIER' എന്ന പേരിൽ സ്വന്തം ഫാഷൻ ലേബൽ ആരംഭിച്ച് സംരംഭകത്വത്തിലേക്ക് കടന്നു. ലിസയും LLOUD' എന്ന പേരിൽ സ്വന്തമായി കമ്പനി ആരംഭിച്ചു. കൂടാതെ, 2026ലെ ഗോൾഡൻ ഗ്ലോബ്സിൽ അവാർഡ് പ്രസന്ററായും ശ്രദ്ധ നേടി. , ജീസു അഭിനയ ജീവിതത്തിലും സംഗീതത്തിലും ഒരുപോലെ ശ്രദ്ധ സജീവമായിരുന്നു. വൺ ഡയറക്ഷൻ താരം സെയ്ൻ മാലിക്കിനൊപ്പം ഒരു സിംഗിളും ജീസു പുറത്തിറക്കിയിരുന്നു. ഇപ്പോൾ വീണ്ടും നാലുപേരും ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് ലോകമെമ്പാടുമുള്ള കെ-പോപ്പ് പ്രേമികൾ.

SCROLL FOR NEXT