ബിടിഎസ് ബാൻഡ് 
MUSIC

നാല് വർഷത്തിന് ശേഷം ബിടിഎസിന്റെ തിരിച്ചുവരവ്; പുതിയ ആൽബം 'അരിരാങ്' പുറത്ത്, ആഘോഷമാക്കി ആരാധകർ

ബിടിഎസിന്റെ മടങ്ങിവരവിന്റെ ഭാഗമായുള്ള ആദ്യ സംഗീതപരിപാടി ശനിയാഴ്ച സോളിൽ നടക്കും

Author : ന്യൂസ് ഡെസ്ക്

മൂന്ന് വർഷവും ഒൻപത് മാസവും നീണ്ട ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ജനപ്രിയ ദക്ഷിണ കൊറിയൻ കെ പോപ്പ് ബാൻഡായ ബിടിഎസ് തിരിച്ചെത്തിയിരിക്കുന്നു. 2022ൽ ബാൻഡ് താൽക്കാലികമായി പിരിച്ചുവിട്ടതിന് ശേഷമുള്ള ആദ്യ ആൽബം വെള്ളിയാഴ്ച പുറത്തിറക്കി. 'അരിരാങ്' എന്നാണ് പുതിയ ആൽബത്തിന്റെ പേര്. ബിടിഎസിന്റെ തിരിച്ചുവരവ് ആഘോഷമാക്കുകയാണ് ലോകമെമ്പാടുമുള്ള ആരാധകർ.

ബിടിഎസിന്റെ മടങ്ങിവരവിന്റെ ഭാഗമായുള്ള ആദ്യ സംഗീതപരിപാടി ശനിയാഴ്ച സിയോളിൽ നടക്കും. ഇതിന് മുന്നോടിയായിട്ടായിരുന്നു ആൽബം റിലീസ്. 'അരിരാങ്' റിലീസിനോടനുബന്ധിച്ച് സിയോൾ നഗരം അക്ഷരാർഥത്തിൽ ചുവപ്പണിഞ്ഞു.

ബിടിഎസിന്റെ ലൈവ് പെർഫോമൻസിന് മുന്നോടിയായി നഗരത്തിൽ ഉത്സവാന്തരീക്ഷണം തന്നെയാണ്. ബാൻഡിന്റെ തിരിച്ചുവരവിന്റെ ഭാഗമാകാൻ ലോകമെമ്പാടുമുള്ള ബിടിഎസ് ആർമി നഗരത്തിലേക്ക് ഒഴുകിയെത്തുകയാണ്. സോളിന്റെ ഹൃദയഭാഗത്ത് നടക്കുന്ന ഈ ഓപ്പൺ എയർ കൺസേർട്ടിൽ ഏകദേശം 2,60,000 ആരാധകർ പങ്കെടുക്കുമെന്നാണ് ദക്ഷിണകൊറിയൻ ആഭ്യന്തരമന്ത്രാലയം കണക്കാക്കുന്നത്. ഏകദേശം നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള ബിടിഎസിന്റെ ആദ്യത്തെ ഗ്രൂപ്പ് കൺസേർട്ടാണിത്. ഇതിന് പിന്നാലെ 82 ഇടങ്ങളിൽ ലോക പര്യടനവും ഇവർ നടത്തുന്നുണ്ട്.

ഹൈബ് കമ്പനിയും സോൾ സിറ്റി ഗവൺമെന്റും സംയുക്തമായി നടപ്പിലാക്കുന്ന 'ബിടിഎസ് ദ സിറ്റി അരിരാങ് സിയോൾ' എന്ന പ്രോജക്ടിന്റെ ഭാഗമായാണ് കൺസേർട്ട് നടക്കുന്നത്. വൻ ജനത്തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ കർശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്. അയ്യായിരത്തിലധികം പൊലീസുകാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ഇതിനായി നിയോഗിച്ചിട്ടുണ്ട്. ഗ്വാൻഘ് വാമുൻ ചത്വരത്തിൽ നടക്കുന്ന പരിപാടി നെറ്റ്ഫ്ളിക്സ് 190 രാജ്യങ്ങളിൽ തത്സമയം സംപ്രേഷണം ചെയ്യും.

ബിടിഎസിന്റെ അഞ്ചാമത്തെ സ്റ്റുഡിയോ ആൽബമാണ് 'അരിരാങ്'. ദക്ഷിണ കൊറിയയുടെ അനൗദ്യോഗിക ദേശീയ ഗാനമായി അറിയപ്പെടുന്ന നാടൻ പാട്ടാണ് 'അരിരാങ്'. ഈ പേരാണ് ആൽബത്തിന് നൽകിയിരിക്കുന്നത്. ആകെ 14 ഗാനങ്ങളാണ് ഇതിലുള്ളത്.

2013ലാണ് ഏഴംഗ കെ പോപ് ബാൻഡായ ബിടിഎസ് രൂപീകരിക്കുന്നത്. ആർ.എം, ജിൻ, സൂഗ, ജെ-ഹോപ്പ്, ജിമിൻ, വി, ജങ്‌കുക്ക് എന്നിവരാണ് ബാൻഡിലെ അംഗങ്ങൾ. ചുരുങ്ങിയ കാലം കൊണ്ട് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട ബാൻഡ് 2022 ജൂണിൽ താൽക്കാലികമായി പിരിയുകയായിരുന്നു. ബാൻഡംഗങ്ങൾക്ക് ദക്ഷിണകൊറിയയിലെ നിർബന്ധിത സൈനികസേവനം പൂർത്തിയാക്കുന്നതിനായിട്ടായിരുന്നു ഈ തീരുമാനം.

SCROLL FOR NEXT