ബിടിഎസ് വേൾഡ് ടൂർ Source: X
MUSIC

ബിടിഎസ് വേൾഡ് ടൂറിന് ഒരുങ്ങുന്നു; ടിക്കറ്റ് കിട്ടാൻ കിഡ്നി വിൽക്കാനും തയ്യാറെന്ന് ആരാധകർ

മാർച്ച് മാസത്തിൽ പുതിയ ആൽബം പുറത്തിറക്കുമെന്നും ബിടിഎസ്

Author : ശ്രീജിത്ത് എസ്

കെ-പോപ്പ് മെഗാസ്റ്റാറുകളായ ബിടിഎസ്, നാല് വർഷത്തിന് ശേഷമുള്ള തങ്ങളുടെ ആദ്യ വേൾഡ് ടൂറിന് ഒരുങ്ങുന്നു. ബിടിഎസിന്റെ ലോക പര്യടനം ഏപ്രിലിൽ ആരംഭിക്കുമെന്ന് ബാൻഡിന്റെ ഏജൻസി അറിയിച്ചു. ലോകമെമ്പാടും വലിയ തരംഗം സൃഷ്ടിച്ച ഈ ദക്ഷിണ കൊറിയൻ ബാൻഡ് സൈനിക സേവനത്തിന് ശേഷം വലിയൊരു തിരിച്ചുവരവിനായി തയ്യാറെടുക്കുകയാണ്.

'ഡൈനാമൈറ്റ്', 'ബട്ടർ' തുടങ്ങിയ ഹിറ്റ് ഗാനങ്ങളിലൂടെ ശ്രദ്ധേയരായ ബിടിഎസ്, സ്‌പോട്ടിഫൈയിൽ ഏറ്റവും കൂടുതൽ സ്ട്രീം ചെയ്യപ്പെട്ട ബാൻഡ് എന്ന റെക്കോർഡിന് ഉടമകളാണ്. കൂടാതെ, യുഎസിലെ ബിൽബോർഡ് 200, ബിൽബോർഡ് ആർട്ടിസ്റ്റ് 100 ചാർട്ടുകളിൽ ഒന്നാമതെത്തുന്ന ആദ്യ കെ-പോപ്പ് ബാൻഡ് കൂടിയാണിവർ. ദക്ഷിണ കൊറിയയിലെ നിർബന്ധിത സൈനിക സേവനത്തിനായി അംഗങ്ങൾ പോയതിനാൽ 2022 ന് ശേഷം ഇവർ സംഗീത പരിപാടികളോ ആൽബങ്ങളോ പുറത്തിറക്കിയിരുന്നില്ല. 30 വയസിന് താഴെയുള്ള യുവാക്കൾ സൈനിക സേവനം നടത്തണമെന്നത് ദക്ഷിണ കൊറിയയിൽ നിർബന്ധമാണ്.

ബാൻഡിലെ ഏഴ് അംഗങ്ങളും സൈനിക സേവനം പൂർത്തിയാക്കിയതോടെ, മാർച്ച് മാസത്തിൽ പുതിയ ആൽബം പുറത്തിറക്കുമെന്നും തൊട്ടടുത്ത മാസം ടൂർ ആരംഭിക്കുമെന്നും പുതുവത്സരത്തിൽ ഇവരുടെ മ്യൂസിക് ലേബലായ ഹൈബ് പ്രഖ്യാപിച്ചു.

34 നഗരങ്ങളിലായി 79 ഷോകളാണ് വേൾഡ് ടൂറിന്റെ ഭാഗമായി ബിടിഎസ് നടത്തുക. ഒരു കെ-പോപ്പ് ബാൻഡ് നടത്തുന്ന ഏറ്റവും വലിയ ഏകാംഗ പര്യടനമായിരിക്കും ഇതെന്നും ഹൈബ് അറിയിച്ചു. ഏപ്രിൽ ഒൻപതിന് ദക്ഷിണ കൊറിയയിലെ ഗോയാങ്ങിൽ നിന്നാകും ബിടിഎസിന്റെ യാത്ര ആരംഭിക്കുക. തുടർന്ന് ജപ്പാനിലേക്ക് പോകും. യുഎസ്, യൂറോപ്പ് എന്നിവിടങ്ങളിലെ ഷോകൾക്ക് ശേഷം 2027 മാർച്ചിൽ മനിലയിൽ പര്യടനം അവസാനിക്കും. ജപ്പാനിലും മിഡിൽ ഈസ്റ്റിലും കൂടുതൽ ഷോകൾ ഉണ്ടാകുമെന്നും റിപ്പോർട്ടുണ്ട്.

അതേസമയം, ബിടിഎസിന്റെ പുതിയ ആൽബത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ ആൽബം, 2022 ലെ അവരുടെ ഹിറ്റ് ആന്തോളജി 'പ്രൂഫിന്' ശേഷമുള്ള ആദ്യത്തേതാണ്.

സൈനിക സേവനത്തിനായി എടുത്ത ഇടവേളയിലും ബിടിഎസ് തരംഗത്തെ ബാധിച്ചിട്ടില്ല എന്നാണ് ഈ വാർത്തയോടുള്ള പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. ആരാധക കൂട്ടായ്മയായ ബിടിഎസ് 'ആർമി' (ARMY) വലിയ ആവേശത്തിലാണ് ഈ വാർത്തയെ സ്വീകരിച്ചത്. ടിക്കറ്റ് എടുക്കാൻ താൻ "വലത് വൃക്ക വരെ നൽകാൻ തയ്യാറാണെന്ന്" എന്നാണ് ഒരു ആരാധകൻ തമാശരൂപേണ ഫേസ്ബുക്കിൽ കുറിച്ചത്. ടിക്കറ്റുകൾക്കായി ആരാധകർക്കിടയിൽ വലിയ മത്സരം തന്നെയുണ്ടാകുമെന്നും മറ്റൊരാൾ അഭിപ്രായപ്പെട്ടു.

SCROLL FOR NEXT