ലാലോ ഷിഫ്രിൻ Source: X/ Marcelo Stiletano
MUSIC

സംഗീത സംവിധായകന്‍ ലാലോ ഷിഫ്രിന്‍ അന്തരിച്ചു; വിടപറഞ്ഞത് 'മിഷൻ: ഇംപോസിബിൾ' തീമിന്റെ രചയിതാവ്

നാല് ​ഗ്രാമി അവാർഡുകൾ സ്വന്തമാക്കിയ സം​ഗീത സംവിധായകനാണ് ലാലോ ഷിഫ്രിൻ

Author : ന്യൂസ് ഡെസ്ക്

'മിഷൻ: ഇംപോസിബിൾ' സീരിസിലെ ചിത്രങ്ങളെ ആകർഷണീയമാക്കിയ തീം സോങ്ങ് ചിട്ടപ്പെടുത്തിയ സംഗീത സംവിധായകൻ ലാലോ ഷിഫ്രിൻ (93) അന്തരിച്ചു. സിനിമകള്‍ക്കും ടെലിവിഷന്‍ പരിപാടികള്‍ക്കുമായി 100ലധികം ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയ ഷിഫ്രിന്‍ വ്യാഴാഴ്ചയാണ് സംഗീത ലോകത്തോട് വിടപറഞ്ഞത്. ന്യുമോണിയ സംബന്ധമായ സങ്കീർണതകളെത്തുടർന്നായിരുന്നു മരണം. ഷിഫ്രിന്റെ മക്കളായ വില്യമും റയാനും വ്യാഴാഴ്ച അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചു.

ബ്യൂണസ് ഐറിസിൽ ജനിച്ച ഷിഫ്രിൻ കൗമാരത്തില്‍ തന്നെ അമേരിക്കൻ ജാസിന്റെ ആരാധകനായി. അദ്ദേഹം ഒരു പിയാനിസ്റ്റും കണ്ടക്ടറും കൂടിയായിരുന്നു. 1990-ൽ ഇറ്റലിയിൽ നടന്ന ലോകകപ്പ് ചാംപ്യൻഷിപ്പ് ഗ്രാൻഡ് ഫിനാലെയിലെ സംഗീത പ്രകടനം ചിട്ടപ്പെടുത്തിയത് ലാലോ ഷിഫ്രിൻ ആണ്. പ്ൾസിഡോ ഡൊമിംഗോ, ലൂസിയാനോ പാവറോട്ടി, ജോസ് കരേരസ് എന്നിങ്ങനെ മൂന്ന് ടെനറുകൾ ആദ്യമായി ഒരുമിച്ച് പാടിയത് ഈ സംഗീത പ്രകടനത്തെ സവിശേഷമാക്കി. ക്ലാസിക്കല്‍ സംഗീത ചരിത്രത്തിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കൃതികളിൽ ഒന്നായിരുന്നുവിത്.

എന്നാല്‍, ലാലോ ഷിഫ്രിനെയും അദ്ദേഹത്തിന്റെ സംഗീതത്തെയും ജനപ്രിയമാക്കിയത് സിബിഎസ് ടെലിവിഷൻ ഡ്രാമ, മിഷൻ: ഇംപോസിബിളിന് വേണ്ടി ചിട്ടപ്പെടുത്തിയ തീം സോങ്ങാണ്. പിന്നീട് ഫീച്ചർ ഫിലിം ഫ്രാഞ്ചൈസിയായി വികസിച്ച മിഷന്‍ ഇംപോസിബിളിലൂടെ സിനിമാ ആരാധകരുടെ ഇഷ്ട തീമായി ഷിഫ്രിന്‍റെ സ്കോർ മാറി.

നാല് ​ഗ്രാമി അവാർഡുകൾ സ്വന്തമാക്കിയ സം​ഗീത സംവിധായകനാണ് ലാലോ ഷിഫ്രിൻ. ആറ് ഓസ്കർ പുരസ്കാരങ്ങൾക്ക് നാമനിർദേശം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട് . 2018-ൽ ഷിഫ്രിന് അദ്ദേഹം സംഗീത ലോകത്തിന് നല്‍കിയ സമഗ്രസംഭാവനയ്ക്ക് ഓണററി ഓസ്കാർ ലഭിച്ചു. ക്ലിന്റ് ഈസ്റ്റ്‍വുഡാണ് അദ്ദേഹത്തിന് അവാർഡ് സമ്മാനിച്ചത്.

SCROLL FOR NEXT