'പേട്രിയറ്റ്' ആദ്യ ഗാനം 'കാറ്റ് തൊട്ടപ്പോൾ' 
MUSIC

'കാറ്റ് തൊട്ടപ്പോൾ...'; 'പേട്രിയറ്റ്' ആദ്യ ഗാനം സുഷിൻ ശ്യാമിന്റെ യൂട്യൂബ് ചാനലിൽ

'കാറ്റ് തൊട്ടപ്പോൾ' എന്ന പ്രണയഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മർട്ടിസ്റ്റാർ ചിത്രം 'പേട്രിയറ്റി'ലെ ആദ്യ ഗാനം പുറത്ത്. സുഷിൻ ശ്യാം ഈണം പകർന്ന 'കാറ്റ് തൊട്ടപ്പോൾ' എന്ന പ്രണയഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. സുഷിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പാട്ട് റിലീസ് ചെയ്തിരിക്കുന്നത്. വീഡിയോ സോങ്ങും ഇന്ന് തന്നെ പുറത്തിറങ്ങും.

കപിൽ കപിലനും സായ് പ്രഭയും ചേർന്നാണ് ഈ പാട്ട് ആലപിച്ചിരിക്കുന്നത്. അൻവർ അലിയുടേതാണ് വരികൾ. കുഞ്ചാക്കോ ബോബനും ദർശനാ രാജേന്ദ്രനുമാണ് ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്.

മമ്മൂട്ടിയും മോഹൻലാലും 17 വർഷത്തിനു ശേഷം ഒന്നിക്കുന്ന ചിത്രമാണ് 'പേട്രിയറ്റ്'. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം ഏപ്രിൽ 23ന് തിയേറ്ററുകളിൽ എത്തും. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രാജീവ് മേനോൻ, രേവതി എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സിനിമയിൽ വില്ലനായാണ് എത്തുന്നതെന്ന് അടുത്തിടെ ഫഹദ് പറഞ്ഞിരുന്നു.

ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് സംവിധായകന്‍ മഹേഷ് നാരായണനാണ്. മഹേഷ് നാരായണനും രാഹുല്‍ രാധാകൃഷ്ണനും ചേര്‍ന്നാണ് എഡിറ്റിങ്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് - വിഷ്ണു സുഗതന്‍.

വിവിധ രാജ്യങ്ങളിലെ 10ൽ അധികം ഷെഡ്യൂളുകളിലായി ഒരു വര്‍ഷത്തിലധികമാണ് സിനിമയുടെ ചിത്രീകരണം നീണ്ടത്. 2024 നവംബറിൽ ശ്രീലങ്കയിലാണ് 'പേട്രിയറ്റ്' ഷൂട്ടിങ് തുടങ്ങിയത്. മലയാളത്തില്‍ ഏറ്റവുമധികം രാജ്യങ്ങളില്‍ ചിത്രീകരിച്ച സിനിമയെന്ന ബഹുമതിയും 'പേട്രിയറ്റി'നാണ്. ഇന്ത്യ, ശ്രീലങ്ക, യുകെ, അസര്‍ബെയ്ജാന്‍, യുഎഇ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലായിരുന്നു ഷൂട്ടിങ്. ഇന്ത്യയിലെ വന്‍നഗരങ്ങളായ ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളാണ് ഈ സിനിമയ്ക്ക് ലൊക്കേഷനായത്. മലയാളത്തില്‍ ഇന്നേവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്.

SCROLL FOR NEXT