ശബരിമലയില്‍ ഇളയരാജയുടെ ഭക്തിഗാന മേളയ്ക്ക് ഗഞ്ചിറ വായിക്കുന്ന ഗായകന്‍ കെ.ജെ. യേശുദാസ്  Source: facebook.com/gopala.r.16
MUSIC

ഇളയരാജയുടെ കച്ചേരിക്ക് ഗഞ്ചിറ വായിക്കുന്ന യേശുദാസ്! അത്യപൂര്‍വ ഫോട്ടോയുടെ കഥ

പെട്ടെന്നാണ് ഇളയരാജയുടെ പക്കവാദ്യക്കാരില്‍ ഒരു പരിചിത മുഖം ഗോപാലകൃഷ്ണന്‍ കണ്ടത്. ഗഞ്ചിറ വായിക്കുന്നത് സാക്ഷാല്‍ യേശുദാസ്.

Author : എസ് ഷാനവാസ്

ശബരിമലയില്‍ ഇളയരാജയുടെ ഭക്തി ഗാനമേളയ്ക്ക് ഗഞ്ചിറ വായിക്കുന്ന കെ.ജെ. യേശുദാസ്! അത്യപൂര്‍വമായൊരു ചിത്രം. ഗാനഗന്ധര്‍വനും ഇസൈജ്ഞാനിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴം പറയുന്ന ചിത്രം. ഒരുപക്ഷേ, ഫോട്ടോ കണ്ടില്ലെങ്കില്‍ ആരും വിശ്വസിക്കാന്‍ പോലും സാധ്യതയില്ലാത്തൊരു കഥ. ഈ അത്യപൂര്‍വ ചിത്രം പകര്‍ത്തിയത് സിനിമാ ഫോട്ടോഗ്രാഫറായ ആര്‍. ഗോപാലകൃഷ്ണനാണ്. 1980ല്‍ എടുത്ത ചിത്രത്തിന്റെ വിശേഷങ്ങള്‍ അദ്ദേഹമൊരിക്കല്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. ഇളയരാജയുടെ ജന്മദിനത്തില്‍ ആ കുറിപ്പ് പലരുടെയും സമൂഹമാധ്യമങ്ങളില്‍ നിറയാറുമുണ്ട്.

പെട്ടെന്നാണ് ഇളയരാജയുടെ പക്കവാദ്യക്കാരില്‍ ഒരു പരിചിത മുഖം ഗോപാലകൃഷ്ണന്‍ കണ്ടത്. ഗഞ്ചിറ വായിക്കുന്നത് സാക്ഷാല്‍ യേശുദാസ്.

സ്ഥിരമായി ശബരിമലയില്‍ പോകാറുണ്ട് ഗോപാലകൃഷ്ണന്‍. അന്ന് പക്ഷേ, ദേവസ്വം ബോര്‍ഡ് നടത്തിയൊരു അനൗണ്‍സ്‌മെന്റ് ഗോപാലകൃഷ്ണനെ ആകര്‍ഷിച്ചു. അന്ന് ദീപാരാധനയ്ക്കുശേഷം തമിഴ് സംഗീത സംവിധായകന്‍ ഇളയരാജയുടെ ഭക്തി ഗാനമേള ഉണ്ടായിരിക്കും - എന്നായിരുന്നു അറിയിപ്പ്. ഇളയരാജയെ അതുവരെ കാണാന്‍ കഴിഞ്ഞിട്ടില്ലാത്തതിനാല്‍ ഗോപാലകൃഷ്ണന്‍ സന്ധ്യയാകാന്‍ കാത്തിരുന്നു. ആളുകള്‍ കൂടിത്തുടങ്ങി. ഇളയരാജ എത്തി കച്ചേരി തുടങ്ങി. മങ്ങിയ വെളിച്ചമേയുള്ളൂ. ശ്രദ്ധയോടെ നോക്കി ഗോപാലകൃഷ്ണന്‍ ഒന്നുരണ്ട് ചിത്രങ്ങളെടുത്തു. ആകെ കുറച്ച് ഫ്രെയിംസിനുള്ള ഫിലിമേയുള്ളൂ. ഇന്നത്തെപ്പോലെ ഹൈ സ്പീഡ് ഫിലിമൊന്നും കിട്ടാനില്ലാത്ത കാലം. അതുകൊണ്ട് കുറച്ച് ചിത്രങ്ങളില്‍ അവസാനിപ്പിക്കാമെന്ന് ഗോപാലകൃഷ്ണന്‍ കരുതി. പെട്ടെന്നാണ് ഇളയരാജയുടെ പക്കവാദ്യക്കാരില്‍ ഒരു പരിചിത മുഖം ഗോപാലകൃഷ്ണന്‍ കണ്ടത്. ഗഞ്ചിറ വായിക്കുന്നത് സാക്ഷാല്‍ യേശുദാസ്. ഇതെങ്ങനെ? ദേവസ്വം ബോര്‍ഡിന്റെ അനൗണ്‍സ്‌മെന്റില്‍ യേശുദാസിന്റെ പേര് പറഞ്ഞിരുന്നില്ലല്ലോ എന്ന് തെല്ലുനിമിഷം ആലോചിച്ചു. പിന്നാലെ സമയമൊട്ടും കളയാതെ, ബാക്കി ഫ്രെയിംസെല്ലാം കച്ചേരിക്കായി തന്നെ മാറ്റിവെച്ചു.

എപ്പോഴത്തേയും പോലായിരുന്നില്ല, അന്ന് തികഞ്ഞ ആത്മനിര്‍വൃതിയോടെയാണ് മലയിറങ്ങിയതെന്ന് ഗോപാലകൃഷ്ണന്‍ കുറച്ചുനാള്‍ മുമ്പ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. കാരണവും അദ്ദേഹം തന്നെ പറയുന്നുണ്ട്:" മറ്റാര്‍ക്കും ലഭിക്കാത്ത അസുലഭമായൊരു ചിത്രം ക്യാമറയിൽ പകർത്താൻ സാധിച്ചില്ലേ?". പക്കവാദ്യ സംഘത്തില്‍ യേശുദാസിനൊപ്പം മൃദംഗം വായിച്ചത് മാവേലിക്കര കൃഷ്ണൻകുട്ടി നായരായിരുന്നു. ഘടം വായിച്ചത് ഉഡുപ്പി ശ്രീധരും.

ആര്‍. ഗോപാലകൃഷ്ണന്‍

ശബരിമലയിലോ, മറ്റേതെങ്കിലും വേദിയിലോ അത്തരമൊരു സംഗമം ഇനിയും സംഭവിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാനാകുമോ? ഇല്ല എന്ന് തന്നെയാകും ഉത്തരം. ഇളയരാജയുടെ ലൈവ് കണ്‍സേര്‍ട്ടുകളില്‍ പാട്ടുമായി യേശുദാസിനെ കാണാറുണ്ട്, ഇനിയും കാണുകയും ചെയ്യാം. പക്ഷേ, ഗോപാലകൃഷ്ണന്‍ പകര്‍ത്തിയ ചിത്രത്തിനോട് ചേര്‍ന്നുനില്‍ക്കുന്ന നിമിഷങ്ങള്‍ പോലും ഇനി വന്നുപോകണമെന്നില്ല. ഇന്ത്യന്‍ സിനിമാ സംഗീത രംഗത്തെ രണ്ട് പ്രതിഭകളുടെ അപൂര്‍വ സംഗമം പകര്‍ത്താന്‍ ലഭിച്ച ഏക ഫോട്ടോഗ്രാഫര്‍ എന്ന വിശേഷണം കൂടി ഗോപാലകൃഷ്ണന് നല്‍കാം.

SCROLL FOR NEXT