MUSIC

വീണ്ടും ഹിറ്റ്! സായ് അഭ്യങ്കറിന്റെ പുതിയ സിംഗിൾ 'രതിമാ' തരംഗമാകുന്നു

നടി ഭാഗ്യശ്രീ ബോർസെയാണ് സായ് അഭ്യങ്കറിനൊപ്പം മ്യൂസിക് വീഡിയോയിൽ പ്രധാന വേഷത്തിൽ എത്തുന്നത്

Author : ന്യൂസ് ഡെസ്ക്

സംഗീതസംവിധായകനും ഗായകനുമായ സായ് അഭ്യങ്കറിന്റെ ഏറ്റവും പുതിയ സിംഗിൾ 'രതിമാ' തരംഗമാകുന്നു. മ്യൂസിക് വീഡിയോയ്‌ക്ക് മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. നടി ഭാഗ്യശ്രീ ബോർസെയാണ് സായ് അഭ്യങ്കറിനൊപ്പം മ്യൂസിക് വീഡിയോയിൽ പ്രധാന വേഷത്തിൽ എത്തുന്നത്.

റിലീസ് ചെയ്ത് 24 മണിക്കൂർ തികയും മുൻപ് 'രതിമാ' ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചു കഴിഞ്ഞു. രണ്ടര മില്യണിൽ അധികം വ്യൂസാണ് മ്യൂസിക് വീഡിയോയ്‌ക്ക് യൂട്യൂബിൽ ലഭിച്ചത്.

സായ് അഭ്യങ്കർ ഈണം പകർന്ന് ആലപിച്ച 'രതിമാ' എന്ന ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് വിവേക് ആണ്. 'ആശ കൂട', 'വിഴി വീക്കുറാ', 'പവഴ മല്ലി' തുടങ്ങിയ ജനപ്രിയ മ്യൂസിക് വീഡിയോകൾ ഒരുക്കിയ തേജോ ഭരദ്വാജ് തന്നെയാണ് ഈ ഗാനത്തിന്റെയും മ്യൂസിക് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്.

'ട്രാഫിക്' (2011), 'കുമ്പളങ്ങി നൈറ്റ്സ്' (2019), 'മഞ്ഞുമ്മൽ ബോയ്സ്' (2024), 'ബാലൻ: ദ ബോയ്' എന്നീ ശ്രദ്ധേയ സിനിമകളുടെ ക്യാമറ ചലിപ്പിച്ച ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. അജയൻ ചാലിശ്ശേരിയാണ് പ്രൊഡക്ഷൻ ഡിസൈനിങ്. എഡിറ്റിങ് - സാർത്ഥക് ചീമ .

ഈ വർഷം സായ് അഭ്യങ്കറിന്റേതായി പുറത്തിറങ്ങുന്ന രണ്ടാമത്തെ സിംഗിൾ ആണ് 'രതിമാ'. മുൻപ് ശ്രുതി ഹാസനുമായി കൈകോർത്ത് പുറത്തിറക്കിയ 'പവഴ മല്ലി' എന്ന ഗാനവും ട്രെൻഡിങ്ങായിരുന്നു. കായാദു ലോഹർ ആണ് ഈ ഗാനരംഗത്ത് സായ്‌‌ക്കൊപ്പം അഭിനയിച്ചത്.

സായ് ആദ്യമായി സംഗീത സംവിധാനം നിർവഹിച്ച തമിഴ് ചിത്രം 'കറുപ്പും' ഈ വർഷമാണ് പുറത്തുവന്നത്. വിജയ് സേതുപതി നായകനാകുന്ന ബാലാജി തരണീതരൻ ചിത്രം 'ബത്ത', ധനുഷ് പ്രധാന വേഷത്തിലെത്തുന്ന 'ഓം: ചാപ്റ്റർ വൺ - ഉധിരം' എന്നീ ചിത്രങ്ങളാണ് സായ്‌യുടെ റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ.

SCROLL FOR NEXT