അമേരിക്കന്‍ ഗായികയായ ടെയ്‌ലര്‍ സ്വിഫ്റ്റ് മെയ് 30നാണ് ആറ് ആല്‍ബങ്ങളുടെ അവകാശം തിരികെ വാങ്ങിയ വിവരം പ്രഖ്യാപിച്ചത്. അതിന് പിന്നാലെ മെയ് 31ന് തന്റെ അടുത്ത സുഹൃത്തും ഗായികയുമായ സലീന ഗോമസിനൊപ്പം വിജയം ആഘോഷിക്കാനായി ന്യൂയോര്‍ക് സിറ്റിയില്‍ ഇരുവരും എത്തി.
സെലിബ്രിറ്റി ഗോസിപ്പ് എന്ന ഇന്‍സ്റ്റഗ്രാം പേജാണ് ഇരുവരുടെയും ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. ബിഗ് ആപ്പിളിലെ മങ്കി ബാര്‍ റെസ്റ്റോറെന്റില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. ആരാധകര്‍ സമൂഹമാധ്യമത്തില്‍ ഇരുവരുടെയും കണ്ടുമുട്ടലിനെ ആഘോഷമാക്കിയിരിക്കുകയാണ്.
2008 മുതല്‍ ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ടെയ്‌ലര്‍ ആല്‍ബങ്ങളുടെ അവകാശം തിരിച്ചുപിടിച്ച വാര്‍ത്ത സന്തോഷത്തോടെയാണ് സലീന ഗോമസ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. 'നിന്നില്‍ അഭിമാനം തോന്നുന്നു' എന്നാണ് അവര്‍ സ്വിഫ്റ്റിന്റെ ചിത്രം പങ്കുവെച്ച് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്.
ആല്‍ബങ്ങളുടെ അവകാശം തിരികെ വാങ്ങുന്നതിന് മുന്‍പ് ടെയ്‌ലര്‍ സ്വിഫ്റ്റ് ആല്‍ബങ്ങളെല്ലാം റീ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു. ടെയ്‌ലേഴ്‌സ് വേര്‍ഷന്‍ എന്നാണ് താരം ഇതിന് പേരിട്ടിരുന്നത്. ഫിയര്‍ലെസ്, സപീക് നൗ, റെഡ്, 1989 എന്നീ ആല്‍ബങ്ങളാണ് ഇതുവരെ ടെയ്‌ലര്‍ റീ റെക്കോര്‍ഡ് ചെയ്തത്.
2019ലാണ് ആല്‍ബങ്ങളുടെ അവകാശം ടെയ്‌ലര്‍ സ്വിഫ്റ്റിന് നഷ്ടമാകുന്നത്. അമേരിക്കന്‍ ബിസിനസ് മാനും ഇന്‍വെസ്റ്ററുമായ സ്‌കൂട്ടര്‍ ബ്രോണ്‍ ആണ് ആല്‍ബങ്ങളുടെ അവകാശം സ്വന്തമാക്കിയത്. ആല്‍ബങ്ങളുടെ അവകാശം സ്വിഫ്റ്റ് തിരികെ വാങ്ങിയതിനെ കുറിച്ച്, 'ഞാന്‍ അവളുടെ വിജയത്തില്‍ സന്തോഷിക്കുന്നു' എന്നാണ് സ്‌കൂട്ടര്‍ ബ്രോണ്‍ പറഞ്ഞത്.
'you belong with me' എന്ന ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ തന്നെ ഫിയര്‍ലെസ് എന്ന ആല്‍ബത്തിലെ ഗാനത്തിന്റെ വരികള്‍ പങ്കുവെച്ചുകൊണ്ടാണ് താരം ആല്‍ബങ്ങള്‍ തിരികെ നേടിയ സന്തോഷ വാര്‍ത്ത പങ്കുവെച്ചത്. അതിനൊപ്പം തന്റെ വെബ്‌സൈറ്റില്‍ വൈകാരികമായ ഒരു കത്തും ടെയ്‌ലര്‍ പങ്കുവെച്ചിരുന്നു.