കാമാതുരമായ, ഇറോട്ടിക്കായുള്ള ശബ്ദം വേണ്ടിവരുന്ന പാട്ടുകള്‍ പാടാന്‍ വിമുഖതയുള്ള ആളായിരുന്നു മലയാളത്തിന്റെ പ്രിയപ്പെട്ട ഗായിക കെ.എസ്. ചിത്ര. ചിത്രയുടെ അത്തരം ചിന്താഗതികളെ മാറ്റിയെടുത്തത് ഗായിക എസ്. ജാനകിയായിരുന്നു. ശാലീന സുന്ദരിമാരും പ്രൗഢകളുമായ കഥാപാത്രങ്ങള്‍ക്കുവേണ്ടി മാത്രമേ പാടൂ എന്ന് വാശി പിടിക്കുന്നതില്‍ അര്‍ഥമില്ല എന്ന ജാനകിയുടെ ഉപദേശമാണ് ചിത്രയെ സ്വാധീനിച്ചത്. കഥാപാത്രത്തിന്റെ സ്വഭാവവിശേഷണങ്ങളെയും മനോനിലയുമൊക്കെ പ്രതിഫലിപ്പിക്കുന്നതാകും പാട്ടുകളിലെ വരികള്‍. അതിനു ചേരുന്ന ഈണമാകും സംഗീത സംവിധായകര്‍ നല്‍കുക. സിനിമയില്‍ അവ പാടുന്നത് അഭിസാരികകളോ, മാദക നര്‍ത്തകികളോ ആകാം. പാട്ടിന് ആവശ്യമായ ഭാവം നല്‍കാന്‍ പ്രൊഫഷണലായ ഒരു ഗായിക തയ്യാറാകണം. പാട്ടിന്റെ ആശയവും ഗായികയുടെ വ്യക്തിത്വവും തമ്മില്‍ കൂട്ടിക്കുഴയ്ക്കേണ്ട കാര്യവുമില്ലെന്ന ഉപദേശമാണ് ചിത്രയ്ക്ക് പിന്നീട് അത്തരം പാട്ടുകള്‍ പാടാന്‍ ധൈര്യം നല്‍കിയത്.
1995ല്‍ ഭദ്രന്‍ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമാണ് സ്ഫടികം. പി. ഭാസ്കരന്‍ മാസ്റ്റര്‍ അവസാനമായി പാട്ടെഴുതിയ സിനിമകളില്‍ ഒന്നായിരുന്നു സ്ഫടികം. മൂന്ന് പാട്ടുകളാണ് ചിത്രത്തിലുണ്ടായിരുന്നത്. ഈണമൊരുക്കിയത് എസ്.പി. വെങ്കിടേഷും. ചിത്രയുടെ രണ്ട് സോളോയും, മോഹന്‍ ലാലുമായി ചേര്‍ന്നുള്ള ഒരു ഡ്യൂയറ്റും ഉണ്ടായിരുന്നു. ചിത്ര പാടിയ ഒരു പാട്ട് എം.ജി. ശ്രീകുമാറും പാടിയിരുന്നു. ചിത്രയെ വെല്ലുവിളിക്കുന്നതായിരുന്നു രണ്ട് പാട്ടുകള്‍. ഒന്നില്‍ ശൃംഗാരമായിരുന്നു ഭാവം. രണ്ടാമത്തേതില്‍ കള്ളുകുടിച്ചശേഷമുള്ള ഭാവങ്ങളും. 'ജാനകിയമ്മയെ മനസില്‍ ധ്യാനിച്ചാണ്' ആ പാട്ടുകള്‍ പാടിയതെന്നാണ് ചിത്രയുടെ സാക്ഷ്യപ്പെടുത്തല്‍.
ഏഴിമലപ്പൂഞ്ചോലാ... ഹാ മാമലയ്ക്ക് മണിമാല എന്നതായിരുന്നു ആദ്യ പാട്ട്. ഗാനരംഗത്തെത്തുന്നത് ആരെയും മയക്കുന്ന നോട്ടവും മാദകത്വം നിറഞ്ഞ ശരീരചലനങ്ങളും കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നെടുക്കുന്ന സില്‍ക്ക് സ്മിത, കൂടെ മോഹന്‍ലാലും. മോഹന്‍ലാലിനെ എണ്ണ തേപ്പിക്കുന്ന സീനും വന്നുപോകുന്നുണ്ട്. ഭാസ്കരന്‍ മാസ്റ്റര്‍ എഴുതിയ വരികള്‍ ലഭിച്ചതിനു പിന്നാലെ, സീനുകളെക്കുറിച്ച് സംവിധായകന്‍ ഭദ്രന്‍ വക വിവരണം. ദൃശ്യങ്ങള്‍ മനസില്‍ വന്ന് നിറയുന്നതു പോലെയാണ് ഭദ്രന്‍ കഥയും സീനുമൊക്കെ വിശദീകരിക്കുക. ഗാനത്തിന്റെ സിറ്റുവേഷനും സീന്‍ ബൈ സീനായുള്ള വിശദീകരണവുമൊക്കെ കഴിഞ്ഞപ്പോള്‍, ഏറെക്കുറെ സന്ദര്‍ഭം ചിത്രയ്ക്ക് മനസിലായി. ഗിത്താറില്‍ വിരലോടിച്ച് എസ്.പി. വെങ്കിടേഷ് ട്യൂണും പറഞ്ഞുകൊടുത്തതോടെ പാട്ട് പിറവിക്ക് തയ്യാറായി.
ചെന്നൈയിലെ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ കോദണ്ഡപാണി സ്റ്റുഡിയോയില്‍ ആയിരുന്നു റെക്കോഡിങ്. ചമ്മലും ചെടിപ്പുമൊക്കെ മാറ്റിവെച്ച് ചിത്ര പാടാന്‍ സ്റ്റുഡിയോയിലെത്തി. വേണ്ടത്ര സ്വകാര്യത ലഭിക്കുന്ന തരത്തിലാണ് അവിടത്തെ വോയ്സ് ബൂത്ത്. അതുകൊണ്ട് ഒരു ചമ്മലുമില്ലാതെ പാടാം. വേണമെങ്കില്‍ അഭിനയിക്കുകയുമാവാം. ജാനകിയമ്മയെ മനസില്‍ ധ്യാനിച്ചാണ് ചിത്ര മൈക്കിന് മുന്നിലെത്തിയത്. ഇത്തരം ഭാവത്തിലുള്ള നിരവധി പാട്ടുകള്‍ ജാനകിയമ്മ പാടിയിട്ടുണ്ട്. അതെല്ലാം ഒറ്റ നിമിഷംകൊണ്ട് ചിത്രയുടെ മനസില്‍ വന്നുമറഞ്ഞു. ആ ധൈര്യത്തില്‍ സ്വന്തം ശൈലിയില്‍, ഒരു ഭാവം ഉള്‍ക്കൊണ്ട് ചിത്ര പാട്ട് പൂര്‍ത്തിയാക്കി. മോഹന്‍ ലാല്‍ പാടുന്ന ഭാഗം പിന്നീടാണ് റെക്കോഡ് ചെയ്തത്.
വെല്ലുവിളി അവസാനിച്ചിരുന്നില്ല. ഉര്‍വശിക്കുവേണ്ടി അടുത്ത പാട്ട് വേണം. പരുമലച്ചെരുവിലെ പടിപ്പുരവീട്ടിൽ... പതിനെട്ടാം പട്ട തെങ്ങു വച്ചു... എന്നാണ് പാട്ടിന്റെ വരികള്‍ തുടങ്ങുന്നത്. അതില്‍ പക്ഷേ പ്രണയമോ, ശൃംഗാരമോ അല്ല, കള്ള് കുടിച്ചു കഴിഞ്ഞുള്ള ഭാവമാണ് വരേണ്ടത്. കള്ളിന്റെ എഫക്ട് എന്താണെന്ന് അറിഞ്ഞിട്ടില്ലാത്തയാള്‍ അത് പാട്ടില്‍ കൊണ്ടുവരണം. കള്ള് കുടിച്ചവരെ കണ്ടുള്ള പരിചയമേയുള്ളൂ. അങ്ങനെ കണ്ടും കേട്ടുമുള്ള അനുഭവങ്ങള്‍വെച്ചാണ് ചിത്ര ആ പാട്ട് പാടിയത്. ലഹരി പിടിച്ചവരുടേതു പോലൊരു ശബ്ദമാറ്റം കൊണ്ടുവരാന്‍ പാട്ടിന്റെ തുടക്കത്തില്‍ ചിത്ര ശ്രമിച്ചിട്ടുണ്ട്. തനനതാനന.. തനനതാനന... എന്നാണ് ചിത്ര പാട്ട് തുടങ്ങിയത്. ചിത്രയുടെ ശ്രമങ്ങളെല്ലാം വിജയം കണ്ടു. രണ്ട് പാട്ടുകളും ആളുകള്‍ വീണ്ടും വീണ്ടും കേട്ടു, ഇഷ്ടപ്പെട്ടു.
സ്ഫടികത്തിലെ മറ്റൊരു പാട്ട് മനോഹരമായൊരു മെലഡി ആയിരുന്നു. ഓര്‍മകള്‍... ഓര്‍മകള്‍... ഓടക്കുഴലൂതി... എന്ന പാട്ട് കേള്‍ക്കുന്നവരില്‍ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒന്നായിരുന്നു. ചിത്രയുടെ ആലാപനസൗന്ദര്യം പാട്ടിന് മികച്ച ഫീലാണ് നല്‍കിയത്. ഈ പാട്ട് എം.ജി. ശ്രീകുമാറും പാടിയിരുന്നു.
27 വര്‍ഷങ്ങള്‍ക്കുശേഷം, സ്ഫടികത്തിലെ മൂന്ന് പാട്ടുകളും ചിത്ര വീണ്ടും പാടി. സ്ഫടികം 4K റീമാസ്റ്ററിങ്ങിന്റെ ഭാഗമായാണ് 2022ല്‍ പാട്ടുകള്‍ വീണ്ടും റെക്കോഡ് ചെയ്തത്. സംവിധായകന്‍ ഭദ്രന്റെയും സംഗീത സംവിധായകന്‍ എസ്.പി. വെങ്കിടേഷിന്റെയും സാന്നിധ്യത്തിലാണ് ചിത്ര മൂന്ന് പാട്ടുകളും വീണ്ടും പാടിയത്. 'സംഗീതജീവിതത്തിലെ സുപ്രധാന ദിനം' എന്നായിരുന്നു ചിത്ര അതിനെക്കുറിച്ച് ഫേസ്ബുക്കില്‍ എഴുതിയത്. ഉർവശിയുടെയും സിൽക്ക് സ്മിതയുടെയും ചെറുപ്പകാലത്ത് സംഭവിച്ച ചിത്രത്തിലെ പാട്ടുകൾ അതേ ഭാവത്തിൽ വീണ്ടും പാടാനായതും പാട്ടുകളുടെ രസതന്ത്രം നഷ്ടപ്പെടുത്താതെ മുൻപ് പലപ്പോഴും പാടിയതിനേക്കാൾ മനോഹരമായി എന്ന സംവിധായകന്റെ പ്രശംസയും തന്നെ ഏറെ സന്തോഷിപ്പിക്കുന്നു- എന്നായിരുന്നു ചിത്ര അന്ന് കുറിച്ചത്.
വിവരങ്ങള്‍ക്ക് കടപ്പാട്: ചിത്ര വര്‍ണ്ണങ്ങള്‍, രവി മേനോന്‍, ഡിസി ബുക്സ്