സ്മൃതി മന്ദാനയ്ക്കൊപ്പം പലക് മുച്ചൽ  Image: Instagram
MUSIC

സ്മൃതി മന്ദാനയുടെ ഭാവി വരന്റെ സഹോദരി; 3,800 കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയ നടത്തിയ ഗായിക പലക് മുച്ചല്‍

Author : ന്യൂസ് ഡെസ്ക്

ദരിദ്ര കുടുംബങ്ങളിലെ കുട്ടികളുടെ ഹൃദയശസ്ത്രക്രിയയ്ക്കായി സാമ്പത്തിക സഹായം നല്‍കുന്ന ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ നടത്തുന്നതിലൂടെ ശ്രദ്ധേയയാണ് ഗായിക പലക് മുച്ചല്‍. ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ ഭാവി വരനായ പലാഷ് മുച്ചലിന്റെ സഹോദരി കൂടിയാണ് പലക്.

പലാഷ് മുച്ചലിനൊപ്പം ചേര്‍ന്നാണ് പലക് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ നടത്തുന്നത്. ഇപ്പോള്‍ ഗിന്നസ് റെക്കോര്‍ഡും പലക്കിനെ തേടി വന്നിരിക്കുകയാണ്. 3,800 കുട്ടികളുടെ ഹൃദയശസ്ത്രക്രിയയ്ക്കായി സാമ്പത്തിക സഹായം നല്‍കിയതിലൂടെയാണ് പലക്കും അവരുടെ ചാരിറ്റബിള്‍ ഫൗണ്ടേഷനും ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചത്.

ഇന്ത്യയിലും പുറത്തുമുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് പലക് മുച്ചലിന്റെ ഇടപെടലിലൂടെ പുതുജീവന്‍ ലഭിച്ചത്. ഗായികയായി ശ്രദ്ധ നേടുന്നതിനൊപ്പം ചാരിറ്റി പ്രവര്‍ത്തനങ്ങളിലും സജീവമാണ് പലക്.

കുട്ടിക്കാലത്ത് ഒരു ട്രെയിന്‍ യാത്രയാണ് ജീവിതത്തെ കുറിച്ചും ലോകത്തെ കുറിച്ചുമുള്ള കാഴ്ചപ്പാടില്‍ മാറ്റമുണ്ടായതെന്ന് പലക് പറയുന്നു. കുടുംബത്തിനൊപ്പമുള്ള ട്രെയിന്‍ യാത്രയില്‍ തന്റെ അതേ പ്രായത്തിലുള്ള കുട്ടികള്‍ ട്രെയിനില്‍ ഭിക്ഷാടനം നടത്തുന്നും ജോലി ചെയ്യുന്നതും കണ്ടാണ് അങ്ങനെയുള്ള കുട്ടികളെ സഹായിക്കാന്‍ തന്നാല്‍ ആവുന്നത് ചെയ്യുമെന്ന് പലക് തീരുമാനിക്കുന്നത്.

വളര്‍ന്ന് ഗായികയായി ശ്രദ്ധിക്കപ്പെട്ടപ്പോഴും പലക് ആ തീരുമാനത്തില്‍ നിന്ന് പിന്നോട്ടുപോയില്ല. സ്വന്തം കണ്‍സേര്‍ട്ടുകളില്‍ നിന്ന് ലഭിക്കുന്ന പണവും സമ്പാദ്യത്തില്‍ നിന്നുമുള്ള പണവും ഉപയോഗിച്ചാണ് ചാരിറ്റി ഫൗണ്ടേഷനുള്ള പണം കണ്ടെത്തുന്നത്.

കാര്‍ഗില്‍ രക്തസാക്ഷികളുടെ കുടുംബത്തിനും ഗുജറാത്ത് ഭൂകമ്പ ബാധിതകര്‍ക്കും ദുരിതാശ്വാസ സഹായമായി പത്ത് ലക്ഷം രൂപ പലക് മുമ്പ് നല്‍കിയിട്ടുണ്ട്. സാമൂഹിക സേവനത്തിലൂടെ നേരത്തേ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും പലക് ഇടംനേടിയിരുന്നു.

SCROLL FOR NEXT