അമേരിക്കന്‍ ഗായിക ടെയ്‌ലര്‍ സ്വിഫ്റ്റ് തന്റെ പുതിയ ആല്‍ബം പ്രഖ്യാപിച്ചു. 'ദ ലൈഫ് ഓഫ് എ ഷോഗേള്‍' എന്നാണ് ആല്‍ബത്തിന്റെ പേര്. തന്റെ പങ്കാളി ട്രാവിസ് കെല്‍സിയുടെയും അദ്ദേഹത്തിന്റെ സഹോദരന്‍ ജേസണ്‍ കെല്‍സിയുടെയും പോഡ്കാസ്റ്റായ 'ദി ന്യൂ ഹൈറ്റ്‌സി'ലൂടെയാണ് ടെയ്‌ലര്‍ ആല്‍ബത്തിന്റെ പ്രഖ്യാപനം നടത്തിയത്. ആല്‍ബത്തിന്‍റെ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കും.
പോഡ്കാസ്റ്റിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കിട്ട ഒരു വീഡിയോയില്‍ ടെയ്‌ലര്‍ ഓറഞ്ച് നിറത്തിലുള്ള ഒരു ബ്രീഫ്‌കേസ് പുറത്തെടുത്തുകൊണ്ട് തന്റെ 12-ാമത്തെ ആല്‍ബം പ്രഖ്യാപിച്ചു. ആല്‍ബത്തിന്റെ കവര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പച്ചയും ഓറഞ്ചും നിറത്തിലാണ് കവര്‍ കാണപ്പെട്ടത്. ആറു മിനിറ്റിനുള്ളില്‍ ആ വീഡിയോയ്ക്ക് 75000 ലൈക്കുകളും ലഭിച്ചിരുന്നു.
ടെയ്‌ലര്‍ സ്വിഫ്റ്റ് (2006), ഫിയര്‍ലെസ് (2008), സ്പീക്ക് നൗ (2010), റെഡ് (2012), 1989 (2014), റെപ്യുട്ടേഷന്‍ (2017), ലവര്‍ (2019), ഫോക്‌ളോര്‍ (2020), എവര്‍മോര്‍ (2020), മിഡ്‌നൈറ്റ് (2022), ദി ടോര്‍ച്ചേര്‍ഡ് പോയറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് (2024) എന്നിവയ്ക്ക് ശേഷമുള്ള ടെയ്‌ലറിന്റെ സ്റ്റുഡിയോ ആല്‍ബമാണിത്.
അതേസമയം 2025 മെയില്‍ ടെയ്‌ലര്‍ സ്വിഫ്റ്റ് മറ്റൊരു പ്രഖ്യാപനം നടത്തിയിരുന്നു. സ്‌കൂട്ടര്‍ ബ്രോണില്‍ നിന്നും ടെയ്ലര്‍ തന്റെ ആദ്യ ആറ് ആല്‍ബങ്ങളുടെ മാസ്റ്റര്‍ റെക്കോര്‍ഡുകള്‍ സ്വന്തമാക്കി എന്നായിരുന്നു പ്രഖ്യാപനം.
"ഇതെന്റെ ഏറ്റവും വലിയ സ്വപ്നസാക്ഷാത്കാരമാണെന്ന് പറയുമ്പോള്‍ അത് എത്രത്തോളം പ്രധാനമാണെന്ന് എന്റെ ആരാധകര്‍ക്ക് അറിയാം. അത്രയധികം സൂക്ഷ്മതയോടെ ഞാന്‍ നാല് ആല്‍ബങ്ങളും വീണ്ടും റെക്കോര്‍ഡ് ചെയ്ത് പുറത്തിറക്കി. അവയെ ടെയ്ലേഴ്സ് വേര്‍ഷന്‍ എന്ന് വിളിച്ചു. നിങ്ങള്‍ അതിന് നല്‍കിയ സ്വീകാര്യതയും സ്നേഹവുമാണ് എനിക്ക് എന്റെ സംഗീതം തിരികെ വാങ്ങാന്‍ സാധിച്ചതിന് കാരണം. എന്റെ ജീവിതം സമര്‍പ്പിച്ചിട്ടുള്ള എന്നാല്‍ ഇതുവരെ എന്റേതായിരുന്നതല്ലാത്ത ഈ കലയുമായി എന്നെ വീണ്ടും ഒന്നിപ്പിക്കാന്‍ സഹായിച്ചതിന് നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. എന്റെ സംഗീതം ഒരു ദിവസം പൂര്‍ണ്ണമായും വാങ്ങാന്‍ കഴിയുന്നതിന് കഠിനാധ്വാനം ചെയ്യാനുള്ള അവസരം മാത്രമാണ് ഞാന്‍ ആഗ്രഹിച്ചത്", എന്നാണ് അന്ന് ടെയ്‌ലര്‍ കുറിച്ചത്.