ടെയ്‌ലർ സ്വിഫ്റ്റ് 
MUSIC

ടോക്സിക്കായ മുൻകാമുകനെപ്പറ്റി മുന്നറിയിപ്പ്! ടെയ്‌ലർ സ്വിഫ്റ്റിന്റെ പുതിയ സിംഗിൾ 'PATIENT ZERO' പുറത്ത്; ആഘോഷമാക്കി 'സ്വിഫ്റ്റീസ്'

റിലീസ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകൾ കീഴടക്കിയിരിക്കുകയാണ് ടെയ്‌ലർ സ്വിഫ്റ്റിന്റെ 'പേഷ്യന്റ് സീറോ

Author : ന്യൂസ് ഡെസ്ക്

ടെയ്‌ലർ സ്വിഫ്റ്റിന്റെ പുതിയ സിംഗിൾ 'പേഷ്യന്റ് സീറോ' പുറത്ത്. സ്വിഫ്റ്റിന്റെ 'ദ ലൈഫ് ഓഫ് എ ഷോ ഗേൾ: ദി എൻകോർ' എന്ന വിപുലീകരിച്ച പുതിയ ആൽബത്തിന്റെ ഭാഗമാണ് ഈ ഗാനം. ഇതിനൊപ്പം 'ഷോ ഗേൾ' എൻകോർ എഡിഷന്റെ ഭാഗമായി 'ക്ലീവ്ലൻഡ്', 'പിങ്ക് ക്ലൗഡിങ്', 'ബാബിലോൺ' എന്നീ ഗാനങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

റിലീസ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകൾ കീഴടക്കിയിരിക്കുകയാണ് ടെയ്‌ലർ സ്വിഫ്റ്റിന്റെ 'പേഷ്യന്റ് സീറോ'. ടോക്സിക് ആയ പ്രണയബന്ധത്തിൽപ്പെട്ട് തകർന്നുപോയ ഒരു സ്ത്രീ തന്റെ മുൻകാമുകനുമായി ഭാവിയിൽ ബന്ധപ്പെട്ടേക്കാവുന്ന സ്ത്രീകൾക്ക് നൽകുന്ന മുന്നറിയിപ്പാണ് ഈ ഗാനത്തിന്റെ പ്രമേയം. ആദ്യ കാഴ്ചയിൽ ആകർഷകം എന്ന് തോന്നിക്കുമെങ്കിലും പിന്നീട് വഞ്ചകനായി മാറുന്ന പങ്കാളിയെക്കുറിച്ചാണ് പാട്ടിന്റെ വരികൾ സംസാരിക്കുന്നത്.

മാക്സ് മാർട്ടിൻ, ഷെൽബാക്ക് എന്നിവർക്കൊപ്പമാണ് ടെയ്‌ലർ സ്വിഫ്റ്റ് ഈ ഗാനം എഴുതി ചിട്ടപ്പെടുത്തിയത്. ഗാനത്തിന് അക്കൗസ്റ്റിക്, പിയാനോ പതിപ്പുകളും ലഭ്യമാണ്.

സെപ്റ്റംബർ 27ന് നടക്കുന്ന എംടിവി വി.എം.എ പുരസ്കാരദാന ചടങ്ങിലാണ് ‘പേഷ്യന്റ് സീറോ’ മ്യൂസിക് വീഡിയോയുടെ ലോക പ്രീമിയർ. മ്യൂസിക് വീഡിയോ ഡയറക്ഷൻ മികവിന് എംടിവി ആദ്യമായി നൽകുന്ന 'ആർട്ടിസ്റ്റ് ഡയറക്ടർ ഓണേഴ്‌സ്' പുരസ്‌കാരം ഇത്തവണ ടെയ്‌ലർ സ്വിഫ്റ്റിനാണ്.

ടെയ്‌ലർ സ്വിഫ്റ്റിനൊപ്പം ഡക്കോട്ട ജോൺസണും കോളിൻ ഫാരെലും പ്രത്യക്ഷപ്പെട്ടുന്ന ‘പേഷ്യന്റ് സീറോ’ മ്യൂസിക് വീഡിയോ ബിഗ് ബജറ്റിൽ, ഹോളിവുഡ് നിലവാരത്തിലാണ് ഒരുക്കിയിരിക്കുന്നതെന്നാണ് നേരത്തെ പുറത്തുവിട്ട ഗ്ലിപ്സ് നൽകുന്ന സൂചന. ഓസ്കർ ജേതാവായ ഇമ്മാനുവൽ ലുബെസ്കി ആണ് ഈ വീഡിയോയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

SCROLL FOR NEXT