വിദ്യാസാഗര്‍, നവീന്‍ കുമാര്‍ Source: News Malayalam 24X7
MUSIC

വെറും 24 സെക്കന്‍ഡ്! മലയാളികളെയൊന്നാകെ ഓണത്തില്‍ കൊരുത്തിട്ടിരിക്കുന്ന ഈണം

ഒരുപക്ഷേ, പാട്ടിനേക്കാള്‍ ഹിറ്റായ ഓപ്പണിങ് മ്യൂസിക്ക് ബിറ്റ്. ഓള്‍ഡ് ജെനും ന്യൂ ജെനും ഒരുപോലെ സ്വീകരിച്ചതും, സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഉപയോഗിക്കുന്നതുമായ ഈണം.

Author : എസ് ഷാനവാസ്

ഓണക്കാലത്തേക്കും, ഗൃഹാതുരമായ ഓര്‍മകളിലേക്കും മലയാളികളെ ആനയിക്കുന്നൊരു സംഗീതശകലം. ചില സെക്കന്‍ഡുകള്‍ മാത്രമുള്ള ഒരു ഫ്ലൂട്ട് പീസ്. എവിടെ നിന്നെങ്കിലും അതൊന്ന് കേട്ടാല്‍, ലോകത്തിന്റെ ഏത് കോണിലുള്ള മലയാളിയും പൂവിളിയും പൂക്കളവും പുതുകോടിയും സദ്യയുമൊക്കെയുള്ള ഓണം ഓര്‍മകളിലേക്ക് അറിയാതെ ചെന്നെത്തും. മലയാളികളുടെ മനസില്‍ അത്രത്തോളം ഉറച്ചുപോയിട്ടുണ്ട് ആ ഈണം. ടെലിവിഷനിലും റേഡിയോയിലും ഓണദിന പരിപാടികളുടെ അറിയിപ്പുകള്‍, പരസ്യങ്ങള്‍ തുടങ്ങി വാര്‍ത്തയുടെയോ, പ്രോഗ്രാമുകളുടെയോ ഇടവേളകളില്‍ വരെ ഈ സംഗീതശകലം കേള്‍ക്കാം. റീലുകളിലും മറ്റുമായി സമൂഹമാധ്യമങ്ങളും കൈയ്യടക്കുന്ന ഈണം, കാല്‍ നൂറ്റാണ്ടിലേറെയായി ലോകമെങ്ങുമുള്ള മലയാളികളുടെ ഓണക്കാലത്തിന്റെ സിഗ്നേച്ചര്‍ ട്യൂണ്‍ ആണ്.

1998ല്‍ പുറത്തിറങ്ങിയ തിരുവോണക്കൈനീട്ടം എന്ന ആല്‍ബത്തിലെ 'പറ നിറയെ പൊന്നളക്കും പൗര്‍ണമി രാവായീ...' എന്ന സൂപ്പര്‍ഹിറ്റ് ഓണപ്പാട്ടിന്റെ ഭാഗമാണ് ഈ സംഗീതശകലം. പാട്ടിന്റെ തുടക്കത്തിലെ ഹമ്മിങ്ങിനൊപ്പം 12-ാം സെക്ക‍ന്‍ഡില്‍ ആരംഭിച്ച് 35-ാം സെക്കന്‍ഡില്‍ അവസാനിക്കുന്നൊരു ഫ്ലൂട്ട് പീസ്. അതാണ് 27 വര്‍ഷമായി ലോകമെങ്ങുമുള്ള മലയാളികളുടെ ഓണക്കാലത്തിന്റെ സിഗ്നേച്ചര്‍ ട്യൂണ്‍. ഒരുപക്ഷേ, പാട്ടിനേക്കാള്‍ ഹിറ്റായ ഓപ്പണിങ് മ്യൂസിക്ക് ബിറ്റ്. ഓള്‍ഡ് ജെനും ന്യൂ ജെനും ഒരുപോലെ സ്വീകരിച്ചതും, സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഉപയോഗിക്കുന്നതുമായ ഈണം.

തരംഗിണിക്കായി ഗിരീഷ് പുത്തഞ്ചേരി എഴുതി, വിദ്യാസാഗര്‍ ഈണമിട്ടാണ് തിരുവോണക്കൈനീട്ടം പുറത്തിറങ്ങിയത്. പറനിറയെ പൊന്നളക്കും പൗർണമി രാവായീ, ആരോ കമഴ്ത്തിവെച്ചോരു, വില്ലിന്മേൽ താളം കൊട്ടി, ചന്ദനവളയിട്ട കൈ കൊണ്ടു, ആറന്മുള പള്ളിയോടം, പൂമുല്ലക്കോടിയുടുക്കേണം, തേവാരമുരുവിടും തത്തേ, ഇല്ലക്കുളങ്ങരെ ഇന്നലെ എന്നിങ്ങനെ എട്ട് പാട്ടുകളാണ് ആല്‍ബത്തിലുണ്ടായിരുന്നത്. കെ.ജെ. യേശുദാസ്, സുജാത, വിജയ് യേശുദാസ് എന്നിവരായിരുന്നു ഗായകര്‍. അതില്‍ യേശുദാസും സുജാതയും ചേര്‍ന്ന് ആലപിച്ച പാട്ടാണ് പറയെ നിറയെ പൊന്നളക്കും.

ഗിരീഷ് പുത്തഞ്ചേരി എഴുതി നല്‍കിയ വരികള്‍ക്ക് വിദ്യാസാഗര്‍ ഈണമിടുകയായിരുന്നു. ഒരാഴ്ച കൊണ്ടാണ് പാട്ടുകള്‍ക്കെല്ലാം ഈണമൊരുക്കിയത്. ചെണ്ടയും, നാദസ്വരവും, പുല്ലാങ്കുഴലും, കൈമണിയുമൊക്കെ ഉള്‍പ്പെടുത്തി, ലളിതമായിട്ടായിരുന്നു പാട്ടിന്റെ ഓര്‍ക്കസ്ട്രേഷന്‍. പാട്ടിലേക്കുള്ള ഓപ്പണിങ്ങായാണ് പുല്ലാങ്കുഴല്‍ ഈണം ചേര്‍ത്തിരിക്കുന്നത്. അതിനപ്പുറത്തേക്ക് അത് നീട്ടിയിട്ടില്ല. അതിന്റെ ബാക്കിയെന്നോണം ചില ഫ്ലൂട്ട് പീസുകള്‍ പാട്ടിനിടെ വന്നുപോകുന്നുണ്ട്.

വിദ്യാസാഗറിനായി പുല്ലാങ്കുഴല്‍ വായിച്ചിരിക്കുന്നത് നവീന്‍ കുമാറാണ്. ഇളയരാജ, എ.ആര്‍. റഹ്മാന്‍, ശിവമണി, ലൂയിസ് ബാങ്ക്സ്, ശങ്കര്‍ എഹ്സാന്‍ ലോയ് എന്നിങ്ങനെ പ്രതിഭാധനര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ആള്‍. റഹ്മാന്റെ റോജയിലും ബോംബെയിലെ തീം സോങ്ങിലും ദില്‍സെയിലെ ജിയ ചലെയിലുമൊക്കെ നാം കേട്ട് മതിമറക്കുന്നത് നവീന്റെ പുല്ലാങ്കുഴല്‍ നാദമാണ്. ആ മാന്ത്രികത തന്നെയാണ് 'പറ നിറയെ പൊന്നളക്കും' എന്ന പാട്ടിലും നവീന്‍ ചേര്‍ത്തുവെച്ചിരിക്കുന്നത്. അഞ്ച് മിനുറ്റുള്ള പാട്ടിലെ വെറും 24 സെക്കന്‍ഡ്. മലയാളി സമൂഹത്തെയാകെ കൊരുത്തിട്ടിരിക്കുന്ന ഫ്ലൂട്ട് പീസ്. പാട്ട് ഏതെന്ന് അറിയാത്തവരുടെ മനസിലേക്കു പോലും ചേക്കേറിയ മ്യൂസിക്ക് ബിറ്റ്. ഓരോ ഓണക്കാലത്തും അത് നമ്മെ ഇങ്ങനെ മാടിവിളിച്ചുകൊണ്ടിരിക്കും...

SCROLL FOR NEXT