രഞ്ജിത്ത് ആദ്യമായി സംവിധായകക്കുപ്പായം അണിഞ്ഞ ചിത്രമാണ് രാവണപ്രഭു. 1993ല്‍ രഞ്ജിത്ത് എഴുതി ഐ.വി. ശശി സംവിധാനം ചെയ്ത ദേവാസുരത്തിന്റെ രണ്ടാം ഭാഗം. 2001ല്‍ സ്റ്റൈലന്‍ പ്രസന്റേഷനും, ആക്ഷനുമൊക്കെയായി തീയേറ്റര്‍ നിറഞ്ഞോടിയ ചിത്രത്തിലെ പാട്ടുകളും സൂപ്പര്‍ഹിറ്റായിരുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് സുരേഷ് പീറ്റേഴ്സാണ് ഈണമൊരുക്കിയത്. ഫാസ്റ്റ് നമ്പറും, മെലഡിയുമൊക്കെയായി അഞ്ച് പാട്ടുകള്‍. കലാമൂല്യമുള്ള മികച്ച ജനപ്രിയ ചിത്രത്തിനൊപ്പം, മികച്ച ഗായകനുള്ള സംസ്ഥാന പുരസ്കാരവും രാവണപ്രഭു സ്വന്തമാക്കി. റീ റിലീസിലും രാവണപ്രഭു തീയേറ്ററുകളെ പൂരപ്പറമ്പാക്കി. ചിത്രത്തിലെ ഏറ്റവും വൈകാരികവും, ദുഃഖാര്‍ദ്രവുമായ പാട്ടിനുപോലും ആരാധകരെന്നു പറയുന്നവര്‍ ഡാന്‍സ് കളിച്ച് 'ഞെട്ടിച്ചു'. മലയാളത്തിലെ രണ്ട് അതുല്യ പ്രതിഭകളുടെ അപൂര്‍വ സൗഹൃദത്തിന്റെ കഥ കൂടി പിന്നണിയായുള്ള, ആകാശദീപങ്ങള്‍ സാക്ഷി... എന്ന് തുടങ്ങുന്ന പാട്ടിനായിരുന്നു അത്തരമൊരു ദുര്‍വിധി.
ദേവദൂതനിലെ പൂവേ... പൂവേ... പാലപ്പൂവേ... എന്ന സൂപ്പര്‍ഹിറ്റ് ഗാനത്തിനു പിന്നാലെയാണ് പി. ജയചന്ദ്രന്‍ മോഹന്‍ലാലിനായി രാവണപ്രഭുവില്‍ അറിയാതെ അറിയാതെ... എന്ന പാട്ട് പാടുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ ഉള്ളംതൊടുന്ന വരികള്‍ക്ക് അതിമനോഹര ഈണമാണ് സുരേഷ് ഒരുക്കിയത്. കീ ബോര്‍ഡ് ഉപയോഗിക്കാതെ അഞ്ച് വാദ്യോപകരണങ്ങള്‍ മാത്രം ഉപയോഗിച്ച്, ലൈവ് ഇന്‍സ്ട്രുമെന്റേഷന്‍ ചെയ്ത പാട്ട് എന്ന പ്രത്യേകയുമുണ്ടായിരുന്നു. "ഹൃദയവും ആത്മാവും തലച്ചോറും ചേര്‍ന്ന് നിര്‍മിച്ച ഗാനമെന്ന്" സുരേഷ് അഭിപ്രായപ്പെട്ട പാട്ട് മൂന്നര മാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ജയചന്ദ്രന്‍ ആദ്യം പാടിയപ്പോള്‍ എന്തോ ഒരു അപൂര്‍ണത എല്ലാവര്‍ക്കും അനുഭവപ്പെട്ടു. അത് മനസിലാക്കിയ ജയചന്ദ്രന്‍ 10 ദിവസം കഴിഞ്ഞ് വരാമെന്ന് പറഞ്ഞു പോയി. പിന്നീടെത്തിയാണ് ആ പാട്ടിന് ഭാവം പകര്‍ന്നത്.
അറിയാതെ അറിയാതെ... പാട്ടിനുശേഷമായിരുന്നു ആകാശദീപങ്ങള്‍ സാക്ഷി... എന്ന പാട്ടിന്റെ റെക്കോഡിങ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, ട്രാക്ക് പാടേണ്ട ഗായകന്‍ എത്താതിരുന്നതോടെ, സംവിധായകന്‍ രഞ്ജിത്തും സുരേഷും ആശങ്കയിലായി. വൈകിട്ടാണ് യേശുദാസിന്റെ റെക്കോഡിങ് നിശ്ചയിച്ചിരിക്കുന്നത്. പിറ്റേദിവസം അദ്ദേഹം യുഎസിന് പോകും. പാട്ട് തീര്‍ന്നില്ലെങ്കില്‍ ഷൂട്ടിങ് മുടങ്ങുകയോ, നീണ്ടുപോകുകയോ ചെയ്യാവുന്ന അവസ്ഥ. എന്ത് ചെയ്യണമെന്ന് അറിയാതെ ഇരുവരും ചര്‍ച്ച ചെയ്യുന്നത് ജയചന്ദ്രന്റെ ശ്രദ്ധയില്‍പ്പെട്ടു. "എന്താണ് പ്രശ്നം" എന്ന് ചോദിച്ചുകൊണ്ട് അദ്ദേഹം ഇരുവരുടെയും അടുത്തെത്തി. സുരേഷ് കാര്യം പറഞ്ഞു. "അതിനെന്താ ഞാന്‍ പാടാല്ലോ..." എന്നായിരുന്നു തൊട്ടടുത്ത നിമിഷം ജയചന്ദ്രന്റെ മറുപടി. പെട്ടെന്ന് ഞെട്ടിപ്പോയ സുരേഷും രഞ്ജിത്തും, പിന്നെ നല്ലൊരു തമാശ ആസ്വദിക്കുന്ന പോലെ ചിരിച്ചു.
പക്ഷേ, ജയചന്ദ്രന്‍ വളരെ സീരിയസായിരുന്നു. അദ്ദേഹം പറഞ്ഞു: "നിങ്ങള്‍ ടെന്‍ഷന്‍ അടിക്കേണ്ടതില്ല. അദ്ദേഹം സീനിയറായിട്ടുള്ള പാട്ടുകാരനാണ്. അദ്ദേഹത്തിന്റെ പാട്ട് കേട്ട് വളര്‍ന്നയാളാണ് ഞാന്‍. അതുകൊണ്ട് അദ്ദേഹത്തിന് ട്രാക്ക് പാടുന്നതിന് എനിക്ക് പ്രശ്നമില്ല. നിങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ പറഞ്ഞാല്‍ മതി". അങ്ങനെ രഞ്ജിത്ത് സമ്മതിച്ചു. ജയചന്ദ്രന്‍ ഉടന്‍ തന്നെ പാട്ട് പാടി പഠിച്ചു. പിന്നാലെ ട്രാക്ക് പാടിവെച്ചു. വൈകിട്ടോടെ യേശുദാസ് പാടാനെത്തി. ട്രാക്ക് കേട്ടപാടെ, "ഇത് ജയചന്ദ്രന്‍ പാടിയ പാട്ടല്ലേ? പിന്നെന്തിനാ മാറ്റി ചെയ്യുന്നത്" എന്നായിരുന്നു യേശുദാസിന്റെ ചോദ്യം. "ഇത് ട്രാക്കാണ്. ജയചന്ദ്രനാണ് പാടിയതെന്ന്" രഞ്ജിത് പറഞ്ഞു. "അയാള്‍ ഇതും തുടങ്ങിയോ?" എന്ന് ചോദിച്ച്, പൊട്ടിച്ചിരിയായിരുന്നു യേശുദാസിന്റെ മറുപടി.
ട്വിസ്റ്റ് അവിടെയും തീര്‍ന്നില്ല. അതിനുശേഷവും ചില തമാശകളുണ്ടായെന്നാണ്, ഗിരീഷ് പുത്തഞ്ചേരിയുടെ വാക്കുകള്‍ കടമെടുത്ത് സിനിമാഗാന നിരൂപകനായ രവി മേനോന്‍ ഒരിക്കല്‍ പറഞ്ഞത്. സംസ്ഥാന പുരസ്കാരത്തെ ചൊല്ലിയുള്ളതായിരുന്നു അടുത്ത രസകരമായ സംഭവം. പുരസ്കാര പ്രഖ്യാപനത്തിനു പിന്നാലെ ഗിരീഷ് ജയചന്ദ്രനെ ഫോണില്‍ വിളിച്ചു. "ജയേട്ടാ... യേശുദാസിനാണ് ഇത്തവണ സംസ്ഥാന പുരസ്കാരം. അതുകൊണ്ട് നിങ്ങള്‍ അദ്ദേഹത്തെ വിളിച്ചിട്ട് 500 രൂപ വാങ്ങിക്കോളണം" എന്ന് പറഞ്ഞു. "അതെന്താ സംഭവം" എന്ന് ജയചന്ദ്രന്‍ തിരിച്ചുചോദിച്ചു. അപ്പോഴാണ് ആ പാട്ടില്‍ സംഭവിച്ച മറ്റൊരു കഥ പുറത്തുവരുന്നത്.
യേശുദാസ് പാടിയതില്‍ ഒരു വാക്കിന് ചെറിയൊരു തെറ്റ് സംഭവിച്ചിരുന്നു. അനുപല്ലവിയിലെ 'ഹൃദയത്തിൽ നിൻ മൂക പ്രണയത്തിൻ ഭാവങ്ങൾ' എന്നതിന് യേശുദാസ് പാടിയത് 'ഹൃദയത്തിന്‍' എന്നായിരുന്നു. റെക്കോഡിങ് വീണ്ടും കേള്‍ക്കുന്നതിനിടെ ഗിരീഷാണ് തെറ്റ് കടന്നുകൂടിയ കാര്യം തിരിച്ചറിഞ്ഞത്. യേശുദാസ് യുഎസിന് പോയതുകൊണ്ട് വീണ്ടും പാടിക്കാനുള്ള സാഹചര്യം ഇല്ലായിരുന്നു. ട്രാക്ക് അയച്ചുകൊടുത്ത് പാടി വാങ്ങിക്കുന്നതും പ്രായോഗികമായിരുന്നില്ല. യേശുദാസ് വരുന്നതുവരെ കാത്തിരിക്കാനുള്ള സമയവും ഇല്ലായിരുന്നു. അപ്പോഴാണ് സൗണ്ട് എന്‍ജിനീയര്‍ അതിനൊരു ഉപായം കണ്ടെത്തിയത്. "ജയചന്ദ്രന്‍ പാടിയ ട്രാക്കില്‍നിന്ന് തിരുത്തേണ്ട വാക്ക് മാത്രം ഉപയോഗിക്കാം. രണ്ടുപേരുടെയും വോയ്സ് കള്‍ച്ചര്‍ ഒരുപോലെ ആയതിനാലും, ഒരു വാക്ക് മാത്രം ആയതിനാലും വലിയ പ്രശ്നം ഉണ്ടാകില്ല" -സൗണ്ട് എന്‍ജിനീയര്‍ പറഞ്ഞു.
അതൊക്കെ ശരിയാകുമോ എന്ന ആശങ്ക എല്ലാവര്‍ക്കും ഉണ്ടായിരുന്നു. മറ്റൊരു മാര്‍ഗവും ഇല്ലാതിരുന്നതിനാല്‍ ഒടുവിലത് പരീക്ഷിക്കാന്‍ തീരുമാനിച്ചു. അങ്ങനെ തെറ്റിപ്പോയ ആ വാക്കിലെ ഒരു അക്ഷരം മാത്രം ജയചന്ദ്രന്റെ ട്രാക്കില്‍ നിന്ന് ഉപയോഗിച്ചു. ഇതോടെ, 'ഹൃദയത്തി' കഴിഞ്ഞ് 'ല്‍' മാത്രം ജയചന്ദ്രന്റെ ട്രാക്കില്‍നിന്ന് പഞ്ച് ചെയ്ത് ചേര്‍ത്തു. അങ്ങനെ, ആകാശദീപങ്ങള്‍ സാക്ഷി... ജയചന്ദ്രന്‍ ടച്ചുള്ള യേശുദാസിന്റെ ഗാനമായി മാറി. അഹങ്കാരമോ, അഹംബോധമോ ഇല്ലാത്ത സൗഹൃദത്തിന്റെ നല്ലൊരു ഉദാഹരണം കൂടിയായി ആ പാട്ട് മാറി.