ഡെന്നിസ് ജോസഫ് കഥയും തിരക്കഥയും സംഭാഷണവും രചിച്ച് ജോഷി സംവിധാനം ചെയ്ത ചിത്രമാണ് 'ശ്യാമ'. 1986ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മമ്മൂട്ടി, നദിയ മൊയ്തു, മുകേഷ്, സുമലത തുടങ്ങിയവരാണ് പ്രധാനവേഷം ചെയ്തത്. ജൂബിലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോയ് തോമസ് നിര്‍മിച്ച ചിത്രത്തില്‍ നാല് പാട്ടുകളാണ് ഉണ്ടായിരുന്നത്. മൂന്ന് പാട്ടുകള്‍ അന്ന് തുടക്കക്കാരനായിരുന്ന ഷിബു ചക്രവര്‍ത്തിയും, ഒരു പാട്ടിന് പൂവച്ചല്‍ ഖാദറുമാണ് വരികളെഴുതിയത്. രഘു കുമാറായിരുന്നു സംഗീതം. ചെമ്പരത്തിപ്പൂവേ ചൊല്ല്... പൂങ്കാറ്റേ പോയി ചൊല്ലാമോ.. ഏകാന്തമാം ഈ ഭൂമിയില്‍... എന്നീ പാട്ടുകളാണ് ഷിബു ചക്രവര്‍ത്തി എഴുതിയത്. അതില്‍ കെ.എസ്. ചിത്ര പാടിയ ചെമ്പരത്തിപ്പൂവേ ചൊല്ല് എന്ന പാട്ട് റെക്കോഡ് ചെയ്തെങ്കിലും ചിത്രത്തില്‍ ആദ്യം ഉള്‍പ്പെടുത്തിയിരുന്നില്ല. റിലീസ് തീരുമാനിച്ചതിനു പിന്നാലെയാണ്, ആ പാട്ടിന് രംഗങ്ങള്‍ ഷൂട്ട് ചെയ്ത് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയത്. അതിന് കാരണമായതാകട്ടെ, കോടമ്പാക്കത്തെ ഒരു ജ്യോതിഷിയുടെ വാക്കുകളും.
ജൂബിലി പ്രൊഡക്ഷന്‍സിന്റെ ഒരു പ്രോജക്ട് ക്യാന്‍സല്‍ ആയതിനു പിന്നാലെയായിരുന്നു 'ശ്യാമ' എന്ന ചിത്രത്തിന്റെ ചര്‍ച്ചകള്‍ തുടങ്ങുന്നത്. മമ്മൂട്ടിയുടെ ഏഴ് ദിവസത്തെ ഡേറ്റ് ജൂബിലി പ്രൊഡക്ഷന്‍സിന് ഉണ്ടായിരുന്നു. അതനുസരിച്ച്, ചുരുങ്ങിയ ദിവസത്തിനുള്ളില്‍ പുതിയൊരു ചിത്രം തയ്യാറാകണം. ഒന്നിനുമൊന്നിനും സമയം തികയാത്ത സ്ഥിതി. പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ എല്ലാം വേഗത്തില്‍ വേണം. പാട്ടുകള്‍ കംപോസ് ചെയ്യാനും റെക്കോഡിങ്ങിനുമായി നീക്കിവെച്ചത് രണ്ട് ദിവസം. പാട്ടുകള്‍ക്ക് ഈണമിടാന്‍ രഘു കുമാറിനെ ഏല്‍പ്പിച്ചു. വരികളെഴുതുന്നത് തുടക്കക്കാരനും എം.എ. വിദ്യാര്‍ഥിയുമായ ഷിബു ചക്രവര്‍ത്തിയും. കൊച്ചിയിലെ കല്പക ഹോട്ടലിലെത്തിയ രഘു കുമാര്‍ മൂന്ന് പാട്ടുകള്‍ക്ക് ഈണമൊരുക്കിയശേഷം ചെന്നൈയിലേക്ക് തിരിച്ചുപോയി. ട്യൂണിന് വരികളുമെഴുതി പിറ്റേന്ന് രാവിലെ ചെന്നൈയിലെത്തണം എന്നായിരുന്നു ഷിബു ചക്രവര്‍ത്തിക്ക് കിട്ടിയ നിര്‍ദേശം.
വൈകിട്ടോടെ മദ്രാസ് മെയിലില്‍ ചെന്നൈയിലേക്ക് പുറപ്പെടാന്‍ ഷിബു തീരുമാനിച്ചു. അതിനായി എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ എത്തുമ്പോള്‍, നിര്‍മാതാവ് ജോയിയുടെ സഹോദരന്‍ ജിമ്മി പാട്ടുകളുടെ ട്യൂണ്‍ റെക്കോഡ് ചെയ്ത കാസറ്റും, പഴയൊരു കാസറ്റ് പ്ലെയറുമായി അവിടെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അങ്ങനെ ഈണങ്ങള്‍ കേട്ട് വരികളെഴുതാനുള്ള സംവിധാനവും റെഡി. മദ്രാസ് മെയിലിന്റെ ഫസ്റ്റ് ക്ലാസ് കംപാര്‍ട്ട്മെന്റില്‍ ടേപ്പ് റെക്കോര്‍ഡര്‍ ചെവിയോട് ചേര്‍ത്തുവെച്ച് ഷിബു യാത്ര തുടങ്ങി. ഹെഡ് ഫോണുകളോ, ഇയര്‍ ഫോണുകളോ ഇല്ലാത്തൊരു കാലത്ത്, ട്രെയിന്‍ യാത്രയുടെ ബഹളത്തിനിടെ ട്യൂണ്‍ ശ്രദ്ധയോടെ കേള്‍ക്കുക എന്നത് ശ്രമകരമായിരുന്നു. ആദ്യത്തെ ട്യൂണ്‍ പലയാവര്‍ത്തി കേട്ടപ്പോള്‍, ചെമ്പരത്തിപ്പൂവേ... എന്നൊരു വാക്ക് മാത്രമാണ് ഷിബുവിന്റെ മനസിലേക്ക് വന്നത്. അതില്‍ നിന്നായിരുന്നു ബാക്കി വരികളിലേക്കുള്ള പോക്ക്. പല്ലവിയും ആദ്യത്തെ ചരണവും എഴുതിത്തീരുമ്പോഴേക്കും ട്രെയിന്‍ കേരളം വിട്ട് തമിഴ്നാട്ടിലെത്തിയിരുന്നു. അവസാന ചരണവും, രണ്ട് ട്യൂണുകള്‍ക്കുള്ള വരികളും അപ്പോഴും ബാക്കിയായിരുന്നു.
ജമിനി സ്റ്റുഡിയോയിലായിരുന്നു ചിത്രത്തിന്റെ പൂജയും റെക്കോഡിങ്ങും. ചെമ്പരത്തിപ്പൂവേ... എന്ന് തുടങ്ങുന്ന പാട്ട് പാടാനായി ചിത്ര ഉടനെത്തുമെന്ന് അറിഞ്ഞതിനു പിന്നാലെ, അവസാന ചരണത്തിനായി പേനയുമെടുത്തു ഷിബു കുത്തിയിരുന്നു. വരികള്‍ പൂര്‍ത്തിയാകാത്തതുകൊണ്ട് ചിത്ര മടങ്ങിപ്പോയിയെന്നും, റെക്കോഡിങ് നടന്നില്ലെന്നും വന്നാല്‍...? തുടക്കക്കാരനായ ഷിബുവിന് അത് ആലോചിക്കാനായില്ല. സകല ദൈവങ്ങളെയും പ്രാര്‍ഥിച്ച് ഒറ്റയിരിപ്പില്‍ തിടുക്കത്തില്‍ വരികളെഴുതി. അങ്ങനെ ചെമ്പരത്തിപ്പൂവേ... എന്ന് പാട്ട് റെഡിയായി. താഴ്വരയാറ്റിന്‍ തീരേ... ആടുവാൻ വന്ന കാറ്റേ... എന്ന് തുടങ്ങുന്ന ഭാഗമാണ് ഷിബു തിടുക്കത്തില്‍ എഴുതി പൂര്‍ത്തിയാക്കിയത്.
കോടീശ്വര രാവു ആയിരുന്നു പാട്ട് റെക്കോഡ് ചെയ്തത്. റെക്കോഡിങ് കഴിഞ്ഞതിനു പിന്നാലെ, രഘു കുമാറിനുവേണ്ടി വയലിന്‍ വായിക്കാനെത്തിയൊരാള്‍ ഷിബുവിനെ തേടിയെത്തി. സൗമ്യമായ ചിരിയോടെ കണ്‍സോളിലേക്ക് കടന്നെത്തിയ അയാള്‍, ഷിബുവിന്റെ കൈ പിടിച്ചു കുലുക്കി. "നിങ്ങളുടെ പാട്ട് കൊള്ളാം", അയാള്‍ പറഞ്ഞു. സംഗീത സംവിധായകനായി ഇതിനോടകം തുടക്കമിട്ട ഔസേപ്പച്ചന്‍ ആയിരുന്നു അത്. വയലിനിസ്റ്റ് എന്ന നിലയില്‍ ഔസേപ്പച്ചന് തിരക്കേറിയ കാലമായിരുന്നു അത്. നാല് പതിറ്റാണ്ട് പിന്നിടുന്ന ഇരുവരുടെയും സംഗീതയാത്രയുടെ തുടക്കം കൂടിയായിരുന്നു അത്. ഇരുവരും ചേര്‍ന്ന് ഒട്ടനവധി ഹിറ്റുകളാണ് പിന്നീട് മലയാളിക്ക് സമ്മാനിച്ചത്.
കോര പതിവുപോലെ ചീട്ടെടുത്തു, എന്നിട്ട് പറഞ്ഞു: "എന്തോ ഒരു കുഴപ്പം കാണുന്നുണ്ട്". പിന്നാലയൊരു ചോദ്യവും, "വല്ലതും ഷൂട്ട് ചെയ്യാതെ വിട്ടിട്ടുണ്ടോ?". "ഒരു പാട്ട് ഒഴിവാക്കി", ഇരുവരും ഒരേസ്വരത്തില്‍ പറഞ്ഞു. "ഒന്നും ചിന്തിക്കേണ്ട, എത്രയും വേഗം ആ പാട്ട് കൂടി ഷൂട്ട് ചെയ്ത് ഉള്‍പ്പെടുത്തൂ. സിനിമയ്ക്കത് ഗുണം ചെയ്യും" എന്ന് കോര മറുപടി നല്‍കി.
പൂങ്കാറ്റേ പോയി ചൊല്ലാമോ.... ഏകാന്തമാം ഈ യാത്രയില്‍... എന്നിങ്ങനെ രണ്ട് പാട്ടുകള്‍ക്ക് കൂടി ഷിബു വരികളെഴുതി. പൂങ്കാറ്റേ... മാര്‍ക്കോസിനെക്കൊണ്ട് പാടിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, മാര്‍ക്കോസിന് എത്താന്‍ കഴിയാതിരുന്നതോടെ ഉണ്ണി മേനോനെ പരിഗണിച്ചു. ഉണ്ണി മേനോന്റെ സംഗീതയാത്രയില്‍ പൂങ്കാറ്റേ... നാഴികക്കല്ലായി മാറുകയും ചെയ്തു. ഏകാന്തമാം ഈ യാത്രയില്‍ എന്ന പാട്ട് പി. ജയചന്ദ്രനാണ് പാടിയത്. ടൈറ്റില്‍ സോങ്ങായാണ് ഈ പാട്ട് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചിത്രത്തില്‍ ക്ലൈമാക്സിന് തൊട്ടു മുന്‍പായിട്ടായിരുന്നു ചെമ്പരത്തിപ്പൂവേ... എന്ന ഗാനം പ്ലേസ് ചെയ്തിരുന്നത്. പക്ഷേ, ഷൂട്ടിങ്ങെല്ലാം കഴിഞ്ഞപ്പോള്‍ ഡെന്നിസിനും ജോഷിക്കും ഒരു സംശയം; ക്ലൈമാക്സിലേക്കുള്ള ഒഴുക്കിനെ പാട്ട് ബാധിക്കുമോ? ഒടുവില്‍ പാട്ട് ചിത്രത്തില്‍ ഉള്‍പ്പെടുത്തേണ്ട എന്ന് തീരുമാനിച്ചു. പക്ഷേ, ചെമ്പരത്തിപ്പൂവേ... എന്ന പാട്ടിന്റെ വിധി അപ്പോഴും കുറിക്കപ്പെട്ടിരുന്നില്ല. ഒരു എന്‍ഡ് ട്വിസ്റ്റ് ബാക്കിയുണ്ടായിരുന്നു.
അക്കാലത്ത്, സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പായി അണിയറപ്രവര്‍ത്തകര്‍ കോടമ്പാക്കത്തുള്ള കോര എന്ന ജ്യോതിഷിയെ പോയി കാണുന്നത് പതിവായിരുന്നു. 'ശ്യാമ' റിലീസിനി തയ്യാറായതിനു പിന്നാലെ, ജോഷിയും ഡെന്നിസും കൂടി കോരയെ കാണാന്‍ പോയി. കോര പതിവുപോലെ ചീട്ടെടുത്തു, എന്നിട്ട് പറഞ്ഞു: "എന്തോ ഒരു കുഴപ്പം കാണുന്നുണ്ട്". പിന്നാലയൊരു ചോദ്യവും, "വല്ലതും ഷൂട്ട് ചെയ്യാതെ വിട്ടിട്ടുണ്ടോ?". "ഒരു പാട്ട് ഒഴിവാക്കി", ഇരുവരും ഒരേസ്വരത്തില്‍ പറഞ്ഞു. "ഒന്നും ചിന്തിക്കേണ്ട, എത്രയും വേഗം ആ പാട്ട് കൂടി ഷൂട്ട് ചെയ്ത് ഉള്‍പ്പെടുത്തൂ. സിനിമയ്ക്കത് ഗുണം ചെയ്യും" എന്ന് കോര മറുപടി നല്‍കി. അനുസരിക്കാതെ തരമില്ലെന്നായപ്പോള്‍, പിറ്റേന്ന് മൂന്നാറിലെത്തി പാട്ട് ഷൂട്ട് ചെയ്ത് സിനിമയില്‍ ഉള്‍പ്പെടുത്തി. പാട്ട് ഹിറ്റായി. ഹിറ്റായെന്ന് മാത്രമല്ല, ശ്യാമ എന്ന പേരിനേക്കാള്‍ ചെമ്പരത്തിപ്പൂവേ ചൊല്ല്... എന്ന പാട്ടിലൂടെ സിനിമ അറിയപ്പെടുകയും ചെയ്തു. ഷിബു ചക്രവര്‍ത്തിയുടെ പാട്ടെഴുത്തിലും ചിത്രയുടെ സംഗീതജീവിതത്തിലും അത് ഏറെ നിര്‍ണായകമാകുകയും ചെയ്തു.
വിവരങ്ങള്‍ക്ക് കടപ്പാട്: ചിത്ര വര്‍ണ്ണങ്ങള്‍, രവി മേനോന്‍, ഡിസി ബുക്സ്