തിരുമാലിയുടെ 'കുലസ്ത്രീ' Source: X
MUSIC

മില്യണും കടന്ന് 'കുലസ്ത്രീ'; പ്ലേലിസ്റ്റുകൾ കീഴടക്കി തിരുമാലി

തഡ്‌‌വൈസർ ആണ് ഈ റാപ്പ് പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: മലയാളി റാപ്പർ തിരുമാലിയുടെ 'കുലസ്ത്രീ' എന്ന ഏറ്റവും പുതിയ സിംഗിൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. യൂട്യൂബിൽ 10 ലക്ഷത്തിൽ അധികം വ്യൂസാണ് ഇതിനോടകം തന്നെ 'കുലസ്ത്രീ' നേടിയത്. തിരുമാലിയുടെ കാവ്യാത്മകമായ വരികൾക്ക് ഒപ്പം മനോഹരമായ ഫ്രെയിമുകളോടെയാണ് ഈ ട്രാക്ക് ചിത്രീകരിച്ചിരിക്കുന്നത്.

തഡ്‌‌വൈസർ ആണ് ഈ റാപ്പ് പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്. ഏകദേശം നാല് വർഷം മുൻപാണ് തിരുമാലിയും തഡ്‌വൈസറും ചേർന്ന് ഈ ട്രാക്ക് സൃഷ്ടിച്ചത്. മെലഡിയും റാപ്പും ഒത്തുചേരുന്ന വിധമാണ് 'കുലസ്ത്രീ'യുടെ കംപോസിഷൻ. സ്ഥിരം ഹിപ് ഹോപ്പ് ശൈലിയിൽ നിന്നുള്ള വ്യതിചലം കൂടിയാണ് ഈ ട്രാക്ക്. പ്രേക്ഷകരുടെ അഭിരുചി മാറി വരുന്ന സാഹചര്യത്തിലാണ് വർഷങ്ങള്‍ക്ക് ശേഷം 'കുലസ്ത്രീ' റിലീസ് ചെയ്യാൻ തിരുമാലി തീരുമാനിക്കുന്നത്.

എല്ലാ പ്രധാന സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിലും 'കുലസ്ത്രീ' ട്രെൻഡിങ് ആണ്. മികച്ച അഭിപ്രായമാണ് ട്രാക്കിന് ലഭിക്കുന്നത്. വിശേഷിച്ച് തിരുമാലിയുടെ വരികൾക്ക്. തിരുമാലിയുടെ ഗാനത്തിൽ 'കുലസ്ത്രീ' ആയി എത്തുന്നത് അർച്ചന ദാസ് ആണ്.

20ാം വയസിലാണ് തിരുമാലി ഹിപ് ഹോപ്പ് സീനിലേക്ക് കടന്നുവരുന്നത്. 2018ലാണ് പ്രൊഫഷണൽ കരിയർ ആരംഭിക്കുന്നത്. എമിനെം, മൈക്കൽ ജാക്‌സൺ തുടങ്ങിയവരായിരുന്നു പ്രചോദനം. മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ട ആദ്യ റാപ്പുകളിൽ ഒന്ന് തിരുമാലിയുടെ 'മലയാളി ഡാ' എന്ന ട്രാക്കാണ്. പിന്നീട് അങ്ങോട്ട് കേരളത്തിലുണ്ടായ ഹിപ് ഹോപ്പിന്റെ വളർച്ചയ്ക്ക് തിരുമാലിയുടെ സംഭാവന ചെറുതല്ല. "പച്ച പരിഷ്കാരി," "സാമ്പാർ," "അയ്യയ്യോ" എന്നിങ്ങനെ നിരവധി ഹിറ്റ് സിംഗിളുകൾ തിരിമാലിയുടേതായുണ്ട്.

SCROLL FOR NEXT