തെലുങ്ക് നടൻ നന്ദമുരി ബാലകൃഷ്ണ 
ENTERTAINMENT

"റിലീസ് ദിനത്തിൽ മൃഗബലി വേണ്ട, നാൽക്കാലികളേയും ബഹുമാനിക്കണം"; ആരാധകരോട് നന്ദമുരി ബാലകൃഷ്ണ

'ഡാക്കു മഹാരാജ്' എന്ന ചിത്രത്തിന്റെ റിലീസ് ദിനത്തിൽ ആരാധകർ ആടിന്റെ തലയറുത്തത് വിവാദമായിരുന്നു

Author : ന്യൂസ് ഡെസ്ക്

ഹൈദരാബാദ്: ഏറ്റവും പുതിയ ചിത്രം 'അഖണ്ഡ 2'ന്റെ പ്രചാരണ തിരക്കുകളിലാണ് തെലുങ്ക് സൂപ്പർ താരം നന്ദമുരി ബാലകൃഷ്ണ. ബോയപതി ശ്രീനു - ബാലകൃഷ്ണ ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമായ 'അഖണ്ഡ 2: താണ്ഡവം', ഇവരുടെ മുൻ ചിത്രമായ 'അഖണ്ഡ'യുടെ തുടർച്ചയായാണ് അവതരിപ്പിക്കുന്നത്. സിനിമയുടെ റിലീസിന് മുന്നോടിയായി ബാലകൃഷ്ണ ആരാധകരോട് നടത്തിയ ഒരു അഭ്യർഥനയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാ വിഷയം.

റിലീസ് ദിനത്തിൽ ആഘോഷങ്ങളുടെ ഭാഗമായി തിയേറ്ററുകൾക്ക് വെളിയിൽ മൃഗബലി നടത്തരുത് എന്നാണ് നന്ദമുരി ബാലൃഷ്ണ ആരാധകരോട് ആവശ്യപ്പെട്ടിരിക്കുന്നത്. 'അഖണ്ഡ 2' പ്രീ റിലീസ് ഇവന്റിലാണ് ഇത്തരം ഒരു അഭ്യർഥന താരത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. 'പ്രധാനപ്പെട്ട അഭ്യർഥന'യാണ് എന്ന് പറഞ്ഞുകൊണ്ടാണ് നടൻ വിഷയം അവതരിപ്പിച്ചത്. "എല്ലാ പ്രദേശങ്ങൾക്കു അതിന്റേതായ ആചാരങ്ങളുണ്ട്. ചിലർ സിനിമാ റിലീസിന് മുൻപ് ആടിന്റെ തല അറക്കാറുണ്ട്. ദയവായി അങ്ങനെ ചെയ്യരുത്," ബാലകൃഷ്ണ പറഞ്ഞു. മറ്റൊരു ജീവിയെ ഉപദ്രവിക്കുന്നത് ശരിയല്ല. അവർക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്ന് മനസിലാക്കണം. ഇരുകാലികളായ മനുഷ്യരെപ്പോലെ നാൽക്കാലികളായ മൃഗങ്ങളേയും ബഹുമാനിക്കണമന്നും ബാലകൃഷ്ണ കൂട്ടിച്ചേർത്തു.

'ഡാക്കു മഹാരാജ്' എന്ന ചിത്രത്തിന്റെ റിലീസ് ദിനത്തിൽ ആരാധകർ ആടിന്റെ തലയറുത്തത് നിയമപ്രശ്നങ്ങൾക്ക് കാരണമായ പശ്ചാത്തലത്തിലാണ് ബാലകൃഷ്ണ ഇത്തരമൊരു അഭ്യർഥന മുന്നോട്ടുവച്ചത്. തിരുപതിയിലെ ഒരു തിയേറ്ററിന് മുന്നിൽ ബാലൃഷ്ണയുടെ ആരാധകർ ആടിന്റെ തലയറുത്ത്, ചോര 'ഡാക്കു മഹാരാജ്' സിനിമയുടെ പോസ്റ്ററിൽ പൂശുന്നതിന്റെ വീഡിയോ വൈറൽ ആയിരുന്നു. ഇത് വലിയ തോതിൽ വിമർശനങ്ങൾക്ക് കാരണമായി.

ഡിസംബർ അഞ്ചിനാണ് 'അഖണ്ഡ 2: താണ്ഡവം' ആഗോള റിലീസായി എത്തുന്നത്. മലയാളി താരം സംയുക്ത മേനോൻ ആണ് സിനിമയിലെ നായിക. പാൻ ഇന്ത്യൻ ചിത്രമായി ബ്രഹ്മാണ്ഡ ബജറ്റിൽ ഒരുക്കുന്ന ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിക്കുന്നത് ആദി പിന്നിസെട്ടി ആണ്. ബോളിവുഡ് താരം ഹർഷാലി മൽഹോത്ര, കബീർ സിങ്, അച്ച്യുത്‌ കുമാർ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം ആഗോള റിലീസായെത്തും.

SCROLL FOR NEXT