നസ്‌ലൻ, 'പ്രേമലു' സിനിമ 
ENTERTAINMENT

'പ്രേമലു 2' ഭാവിയിൽ ഉണ്ടായേക്കാം, തിരക്കഥ വിചാരിച്ച പോലെ പെർഫെക്ടായില്ല: നസ്‌ലൻ

'പ്രേമലു 2' ഉപേക്ഷിച്ചതായി നിർമാതാക്കളായ ഭാവന സ്റ്റുഡിയോസ് വ്യക്തമാക്കിയിരുന്നു

Author : ന്യൂസ് ഡെസ്ക്

കൊച്ചി: കേരളത്തിന് അകത്തും പുറത്തും ഒരുപോലെ ഹിറ്റായി മാറിയ ചിത്രമാണ് 'പ്രേമലു'. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രത്തിലെ മമിത ബൈജു - നസ്‌ലൻ കോംബോ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇരുവർക്കും കരിയർ ബ്രേക്ക് നൽകിയ ചിത്രമായിരുന്നുവിത്. സിനിമയുടെ വിജയാഘോഷ വേദിയിൽ വച്ച് നിർമാതാക്കളായ ഭാവന സ്റ്റുഡിയോസ് 'പ്രേമലു 2' ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പിന്നീട് സിനിമ ഉപേക്ഷിച്ചതായി നിർമാതാക്കൾ തന്നെ വ്യക്തമാക്കി.

ഇപ്പോഴിതാ, 'പ്രേമലു 2'വിനെപ്പറ്റി വ്യക്തത വരുത്തിയിരിക്കുകയാണ് നസ്‌ലൻ. ചിത്രം ഉപേക്ഷിച്ചെന്ന് നടൻ അറിയിച്ചു. തിരക്കഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് അതിന് കാരണമെന്നും സിനിമ ഭാവിയിൽ ഉണ്ടായിക്കൂടെന്നില്ലെന്നും നസ്‌ലൻ വ്യക്തമാക്കി.

"പ്രേമലു 2 ഒഫിഷ്യലി ഷെൽവ്ഡ് ആയല്ലോ. അത് ദിലീഷേട്ടൻ പറഞ്ഞിട്ടുണ്ട്. ചില സാങ്കേതിക കാരണങ്ങളാൽ.... അത് പെർഫെക്ട് ആയി ലാൻഡായില്ല. ഭാവിയിൽ ചിലപ്പോൾ ഉണ്ടായിക്കൂടെന്നില്ല. ഗിരീഷേട്ടൻ ബത്ലഹേം കുടുംബ യൂണിറ്റിലേക്ക് കടന്നല്ലോ," നസ്‌ലൻ പറഞ്ഞു.

2024 ഫെബ്രരുവരിയിലാണ് 'പ്രേമലു' തിയേറ്ററുകളിലേക്ക് എത്തിയത്. നസ്‌‍ലൻ, മമിത ബൈജു, സംഗീത് പ്രതാപ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം കേരള ബോക്സ് ഓഫീസിൽ റെക്കോർഡ് വിജയമാണ് സ്വന്തമാക്കിയത്. 12.5 കോടി ബജറ്റിൽ ഒരുക്കിയ ചിത്രം 135 കോടി രൂപയാണ് ആഗോള തലത്തിൽ സ്വന്തമാക്കിയത്. സംവിധായകൻ ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്.

അതേസമയം, 'മോളിവുഡ് ടൈംസ്', മമ്മൂട്ടി ചിത്രം 'മട്ടാഞ്ചേരി മാഫിയ', 'ബാച്ച്‌ലര്‍ പാര്‍ട്ടി D'EUX', 'സൂര്യ 47' എന്നിവയാണ് നസ്‌ലന്റെ വരാനിരിക്കുന്ന ചിത്രങ്ങൾ. മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന 'മോളിവുഡ് ടൈംസ്' ജൂൺ അഞ്ചിന് തിയേറ്ററുകളിൽ എത്തും. സിനിമാ സംവിധായകൻ ആകണമെന്ന മോഹവുമായി നടക്കുന്ന വിനീത് മാധവൻ എന്ന കൗമാരകാരനായിട്ടാണ് ചിത്രത്തിൽ നസ്‌ലൻ എത്തുന്നത്. സംഗീത് പ്രതാപ്, ഷറഫുദ്ദീൻ, ചന്ദു സലീംകുമാർ, ജഗദീഷ്, ബാലചന്ദ്രൻ ചുള്ളിക്കാട്, പ്രശാന്ത് അലക്സാണ്ടർ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

SCROLL FOR NEXT