'പ്രകമ്പനം' സിനിമയുടെ സെറ്റിൽ കലാഭവൻ നവാസ് Source: Facebook / Niyas Backer
ENTERTAINMENT

"പ്രകമ്പനം കണ്ടു, നവാസിന്റേത് വാപ്പിച്ചിയുടെ അഭിനയശൈലി പോലെ തോന്നി"; സഹോദരൻ നിയാസ് ബക്കർ

കലാഭവന്‍ നവാസ് അവസാനമായി അഭിനയിച്ച ചിത്രമാണ് 'പ്രകമ്പനം'

Author : ന്യൂസ് ഡെസ്ക്

കൊച്ചി: അന്തരിച്ച സിനിമാ നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ നവാസ് അവസാനമായി അഭിനയിച്ച ചിത്രമാണ് 'പ്രകമ്പനം'. കഴിഞ്ഞ വർഷം ഈ സിനിമയുടെ ഷൂട്ട് പൂര്‍ത്തിയാക്കിയ ദിവസമാണ് താമസിക്കുന്ന മുറിയില്‍ നവാസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനുവരി 30ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയിലെ നവാസിന്റെ പ്രകടനത്തെപ്പറ്റി വൈകാരികമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടനും സഹോദരനുമായ നിയാസ് ബക്കർ.

"ഞങ്ങളെത്ര നന്നായി അഭിനയിച്ചാലും ഞങ്ങളുടെ വാപ്പിച്ചിയെ (അന്തരിച്ച നടൻ അബൂബക്കർ) അടുത്തറിയുന്നവർ വാപ്പിച്ചിയുടെ പഴയകാല നാടകങ്ങളും സിനിമകളും കണ്ടിട്ടുള്ളവർ പറയും കൊള്ളാം... എങ്കിലും അബൂബക്കറിനോളം വന്നില്ല എന്ന്. അങ്ങിനെ ആവുക എളുപ്പമല്ലെന്ന് ഞങ്ങൾക്കും അറിയാം. എന്നാൽ, ഇന്നലെ 'പ്രകമ്പനം' എന്ന സിനിമയിലെ നവാസിന്റെ അഭിനയം കണ്ടപ്പോൾ പല സീനുകളിലും വാപ്പിച്ചിയുടെ അനായാസമായ അഭിനയ ശൈലി അവനിലെത്തിയതായി എനിക്ക് തോന്നി. ഇനിയായിരുന്നു ഏറെ നല്ല കഥാപാത്രങ്ങളെ അവന് നമുക്ക് വേണ്ടി കാണിക്കാനുണ്ടായിരുന്നത്. ഓർക്കുമ്പോൾ സഹിക്കുന്നില്ല. എങ്കിലും ജീവിതയാഥാർഥ്യങ്ങളെ ഞാൻ ഉൾകൊള്ളുന്നു. ഞങ്ങളുടെ നവാസിന് പൂർത്തീകരിക്കാൻ കഴിയാത്തത് അവന്റെ മക്കൾക്ക് സാധ്യമാവട്ടെയെന്ന പ്രാർഥനയിലാണ് ഞങ്ങൾ.

'പ്രകമ്പനം' ഒരു തികഞ്ഞ വിനോദ സിനിമയാണ്. സിനിമയുടെ എല്ലാ ഘടകങ്ങളിലും ആ മികവ് പുലർത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ സിനിമ നിങ്ങൾ തിയേറ്ററിൽ തന്നെ പോയി കാണണം നഷ്ടം വരില്ല. എന്റെ അനുജന് ഈ ഹിറ്റ്‌ സിനിമയിൽ ഒരു നല്ല വേഷം നൽകിയ 'പ്രകമ്പന'ത്തിന്റെ പ്രൊഡ്യൂസർക്കും ഡയറക്ടർക്കും എല്ലാ അണിയറപ്രവർത്തകർക്കും എന്റെ നിറഞ്ഞ സ്നേഹം, പ്രാർഥന," എന്നാണ് നിയാസ് കുറിച്ചത്.

'നദികളില്‍ സുന്ദരി യമുന' എന്ന ഹിറ്റ് ചിത്രത്തിനുശേഷം വിജേഷ് പാണത്തൂര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പ്രകമ്പനം'. ഹൊറര്‍ കോമഡി എന്റര്‍ടെയ്‌നർ ഴോണറിൽ വരുന്ന ചിത്രത്തെ കയ്യികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ കഥയെഴുതിയിരിക്കുന്നത്. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ശ്രീഹരി വടക്കന്‍. യുവതാരങ്ങളായ ഗണപതിയും സാഗർ സൂര്യയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിലെ നായിക ശീതൾ ജോസഫ് ആണ്. നവരസ ഫിലിംസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.

SCROLL FOR NEXT