പുതിയ ചിത്രത്തിന്റെ തിരക്കഥയെപ്പറ്റി സംസാരിക്കാനായി വിളിക്കുമ്പോൾ നടൻ ഷറഫുദ്ദീൻ ഫോൺ എടുക്കുന്നില്ലെന്ന് സംവിധായകൻ ഒമർ ലുലു. സ്ക്രിപ്റ്റ് വായിച്ചിട്ട് പറയാമെന്ന് പറഞ്ഞുപോയ നടൻ ഇപ്പോൾ താൻ വിളിച്ചാൽ ഫോൺ എടുക്കുന്നില്ലെന്നാണ് സംവിധായകന്റെ പരാതി.
'ഹാപ്പി വെഡ്ഡിങ്ങി'ന് ശേഷം പത്ത് വർഷമായി ഷറഫുദ്ദീനുമായി വർക്ക് ചെയ്‌തിട്ടെന്നും പുതിയ ചിത്രത്തിലെ കഥാപാത്രം നടൻ ചെയ്താൽ നന്നായിരിക്കുമെന്ന് തോന്നിയതിനാലാണ് സമീപിച്ചതെന്നും ഒമർ സമൂഹമാധ്യമത്തിൽ കുറിച്ചു. സിജു വിൽസൻ, ഷറഫുദ്ദീൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒമർ ഒരുക്കിയ 'ഹാപ്പി വെഡ്ഡിങ്' ബോക്സ് ഓഫീസിൽ ഹിറ്റായിരുന്നു. 2016ലാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്.
ഞങ്ങൾ ഒന്നിച്ച 100 ദിവസം ഓടിയ 'ഹാപ്പി വെഡ്ഡിങ്' എന്ന സിനിമയ്ക്ക് ശേഷം പത്ത് വർഷം കഴിഞ്ഞു ഞാന്‍ ഷറഫുദ്ദീനുമായി വർക്ക് ചെയ്‌തിട്ട്.
രണ്ട് പുതിയ പയ്യൻമാർ വന്ന് പറഞ്ഞ കഥ കേട്ടപ്പോൾ, ഈ കഥാപാത്രം ഷറഫ് ചെയ്താൽ നന്നായിരിക്കുമെന്ന് എനിക്ക് തോന്നി,അങ്ങനെ ആറ് വർഷത്തിന് ശേഷം ഞാന്‍ ഷറഫിനെ വിളിച്ചു..
കഥയുടെ ഏകദേശം പകുതിയിലധികം എഴുത്ത് പൂർത്തിയായ സമയമായിരുന്നു. സ്ക്രിപ്റ്റ് വായിച്ചിട്ട് പറയാമെന്ന് ഷറഫ് പറഞ്ഞു. ഞാൻ ബാക്കി എഴുത്തുമായി മുന്നോട്ടുപോയി.ഇതിനിടക്ക് ഒരു തവണ ഷറഫിനെ വിളിച്ചു കാണാൻ പ്ളാൻ ചെയ്തു പക്ഷേ ഒന്നും കൂടി സ്ക്രിപ്പ്റ്റ് നന്നാക്കിയിട്ട് കാണാമെന്ന് ഞാന്‍ വിചാരിച്ചു.
പക്ഷേ ഇപ്പോൾ സ്ക്രിപ്പ്റ്റ് 80 ശതമാനം കഴിഞ്ഞു ഇനി അർട്ടിസ്റ്റിനെ കൺഫോം ചെയ്തു വേണം സ്ക്രിപ്പ്റ്റ് കംപ്ലീറ്റ് ചെയ്യാൻ.,
എന്നാൽ ഷറഫ് വിളിച്ചാൽ ഫോൺ എടുക്കുന്നില്ല രണ്ട് മാസമായി! ഒരു മാസം ശ്രമിച്ചാ പ്രധാനമന്ത്രിയുടെ അപ്പോയിന്റ്മെന്റ് വരെ കിട്ടുന്ന നമ്മുടെ രാജ്യത്ത്..
എന്തായാലും ഷറഫേ, നീ ഫ്രീയാകുമ്പോൾ ഒന്ന് വിളിക്ക്. കഥ പറയാനാണ്, അല്ലാതെ കല്യാണം വിളിക്കാനല്ല!