മാർസിയ ലൂക്കസ് 
ENTERTAINMENT

'സ്റ്റാർ വാർസ്' എഡിറ്റർ മാർസിയ ലൂക്കസ് അന്തരിച്ചു

കാലിഫോർണിയയിലെ റാഞ്ചോ മിറേജിലുള്ള വസതിയിലായിരുന്നു അന്ത്യം

Author : ന്യൂസ് ഡെസ്ക്

ഓസ്കാർ ജേത്രിയായ വിഖ്യാത ഫിലിം എഡിറ്റർ മാർസിയ ലൂക്കസ് (80) അന്തരിച്ചു. 'സ്റ്റാർ വാർസ്', 'അമേരിക്കൻ ഗ്രാഫിറ്റി' , 'ടാക്സി ഡ്രൈവർ' എന്നിങ്ങനെ പ്രശസ്തമായ നിരവധി ചിത്രങ്ങളുടെ എഡിറ്ററായിരുന്നു. ഹോളിവുഡിൽ സാങ്കേതികരംഗത്ത് സ്ത്രീകൾ അപൂർവമായിരുന്ന കാലത്താണ് മാർസിയ തന്റെ കരിയർ ആരംഭിക്കുന്നതും ശ്രദ്ധേയമായ സ്ഥാനത്തേക്ക് എത്തുന്നതും.

മെറ്റാസ്റ്റാറ്റിക് കാൻസറിനെ തുടർന്നാണ് അന്ത്യം. മെയ് 27ന്, കാലിഫോർണിയയിലെ റാഞ്ചോ മിറേജിലുള്ള വസതിയിലായിരുന്നു അന്ത്യം. കുടുംബ അഭിഭാഷകയാണ് മരണവിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.

1945ൽ കാലിഫോർണിയയിലെ മോഡെസ്റ്റോയിൽ ആണ് മാർസിയയുടെ ജനനം. ഫിലിം ലൈബ്രേറിയനായിട്ടായിരുന്നു തുടക്കം. 1969ൽ സംവിധായകനും എഡിറ്ററുമായ ജോർജ് ലൂക്കാസിനെ വിവാഹം ചെയ്തു. അദ്ദേഹത്തിന്റെ ആദ്യകാല ചിത്രങ്ങളായ 'ടിഎച്ച്എക്‌സ് 1138', 'അമേരിക്കൻ ഗ്രാഫിറ്റി' എന്നിവയിൽ ഒപ്പം പ്രവർത്തിച്ചു. 'അമേരിക്കൻ ഗ്രാഫിറ്റി'യിലൂടെ ഓസ്കാർ നാമനിർദേശവും ലഭിച്ചിരുന്നു.

1977ൽ പുറത്തിറങ്ങിയ 'സ്റ്റാർ വാർസ്' (പിന്നീട് 'എ ന്യൂ ഹോപ്പ്' എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു) എന്ന ചിത്രത്തിന്റെ എഡിറ്റിങ്ങിനാണ് റിച്ചാർഡ് ച്യൂ, പോൾ ഹിർഷ് എന്നിവർക്കൊപ്പം മാർസിയ മികച്ച ഫിലിം എഡിറ്റിങ്ങിനുള്ള അക്കാദമി അവാർഡ് സ്വന്തമാക്കിയത്.

1970കളിൽ പുറത്തിറങ്ങിയ മാർട്ടിൻ സ്കോർസസിയുടെ 'ആലിസ് ഡസിന്റ് ലീവ് ഹിയർ എനിമോർ', 'ടാക്സി ഡ്രൈവർ', 'ന്യൂയോർക്ക് ന്യൂയോർക്ക്' തുടങ്ങിയ വിഖ്യാത ചിത്രങ്ങളുടെ എഡിറ്റിങ് സംഘത്തിലുണ്ടായിരുന്നു. പിന്നീട് 'സ്റ്റാർ വാർസ്' ഫ്രാഞ്ചൈസിയിലേക്ക് മടങ്ങിയെത്തി.'ദ എംപയർ സ്ട്രൈക്സ് ബാക്ക്' ( 1980), 'റിട്ടേൺ ഓഫ് ദി ജെഡായ്' (1983) എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചു.

1981ൽ ജോർജും മാർസിയയും അമാൻഡ എന്ന പെൺകുട്ടിയെ ദത്തെടുത്തു. 14 വർഷത്തെ ദാമ്പത്യത്തിന് ശേഷം 1983ൽ ഇവർ വേർപിരിഞ്ഞു. പിന്നീട് സ്കൈവാക്കർ റാഞ്ചിലെ പ്രൊഡക്ഷൻ മാനേജരായ ടോം റോഡ്രിഗസിനെ മാർസിയ വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ ആമി എന്നൊരു മകളുണ്ട്.

SCROLL FOR NEXT