Adolescence Image: Instagram
OTT

നെറ്റ്ഫ്‌ളിക്‌സില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട ഇംഗ്ലീഷ് സീരീസ്; സ്‌ട്രേഞ്ചര്‍ തിങ്‌സിനെ മറികടന്ന് അഡോളസെന്‍സ്

ആഴത്തിലുള്ള വിഷയവും മികച്ച അവതരണവും ഗംഭീര അഭിനയ മുഹൂര്‍ത്തങ്ങളുമാണ് സീരീസിന്റെ ഹൈലൈറ്റ്

Author : ന്യൂസ് ഡെസ്ക്

കൗമാരക്കാരായ കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പറയുന്ന മികച്ച നെറ്റ്ഫ്‌ളിക്‌സ് സീരീസുകളില്‍ ഒന്നാണ് അഡോളസെന്‍സ്. കഴിഞ്ഞ മാര്‍ച്ചില്‍ പുറത്തിറങ്ങിയ നാല് എപ്പിസോഡുള്ള ഈ സൈക്കോളജിക്കല്‍ ക്രൈം ഡ്രാമ അടുത്ത കാലത്തിറങ്ങിയ ഏറ്റവും മികച്ച സീരീസുകളില്‍ ഒന്നാണ്.

ആഴത്തിലുള്ള വിഷയവും മികച്ച അവതരണവും ഗംഭീര അഭിനയ മുഹൂര്‍ത്തങ്ങളുമാണ് സീരീസിന്റെ ഹൈലൈറ്റ്. ഇന്ത്യയിലടക്കം ട്രെന്‍ഡിങ്ങിലായിരുന്നു ഈ സീരീസ്. ഇതിനകം നിരൂപക പ്രശംസ നേടിയ സീരീസ് പുതിയ റെക്കോര്‍ഡ് കൂടി നേടിയിരിക്കുകയാണ്.

നെറ്റ്ഫ്‌ളിക്‌സില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട രണ്ടാമത്തെ ഇംഗീഷ് സീരീസ് എന്ന റെക്കോര്‍ഡാണ് അഡോളസെന്‍സ് നേടിയത്. ഇതുവരെ സ്‌ട്രേഞ്ചര്‍ തിങ്‌സിന്റെ പേരിലായിരുന്ന റെക്കോര്‍ഡാണ് തിരുത്തിക്കുറിച്ചത്.

സ്‌ട്രേഞ്ചര്‍ തിങ്‌സ് നാലാം സീസണായിരുന്നു ഇതുവരെ ഈ സ്ഥാനത്തുണ്ടായിരുന്നത്. 140.7 മില്യണ്‍ വ്യൂസ് ആയിരുന്നു സ്‌ട്രേഞ്ചര്‍ തിങ്‌സിന്റെ നാലാം സീസണിന് ലഭിച്ചത്. മാര്‍ച്ചില്‍ റിലീസായ അഡോളസെന്‍സിന്റെ വ്യൂസ് ഇതിനകം 141.2 മില്യണ്‍ ആണ്.

അതേസമയം, ഒന്നാം സ്ഥാനത്തുള്ള വെന്‍സ്‌ഡേയുടെ റെക്കോര്‍ഡ് മാറ്റമില്ലാതെ തുടരുകയാണ്. റിലീസായി 91 ദിവസത്തിനുള്ളില്‍ വെന്‍സ്‌ഡേയുടെ വ്യൂസ് 252.1 മില്യണ്‍ ആണ്.

13 വയസ് പ്രായമുള്ള ആണ്‍കുട്ടി അതേ പ്രായത്തിലുള്ള സഹപാഠിയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തുന്നു. ജെയ്മി എന്ന പതിമൂന്നുകാരനിലൂടെ സ്റ്റീഫന്‍ ഗ്രഹാമിന്റെ സീരീസില്‍ പറയുന്നത് ഇന്ന് കേരളമടക്കം നേരിടുന്ന കൗമാരക്കാരായ കുട്ടികളിലുണ്ടാകുന്ന മാനിസക സംഘര്‍ഷങ്ങളും കുറ്റകൃത്യങ്ങളും അതിലേക്ക് നയിക്കുന്ന സാമൂഹിക സാഹചര്യങ്ങളാണ്.

SCROLL FOR NEXT