ഓവന്‍ കൂപ്പർ അഡോളസെന്‍സില്‍ നിന്ന് Source : IMDb
OTT

'എമ്മി'യില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ താരം; ചരിത്രം സൃഷ്ടിച്ച് അഡോളസെന്‍സ് നടന്‍ ഓവന്‍ കൂപ്പര്‍

15 വയസുള്ള താരം വിജയിക്കുകയാണെങ്കില്‍ അഭിനയത്തിന് 'എമ്മി' പുരസ്‌കാരം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷതാരമായി കൂപ്പര്‍ മാറും.

Author : ന്യൂസ് ഡെസ്ക്

77-ാമത് എമ്മി പുരസ്‌കാരങ്ങളുടെ നാമനിര്‍ദ്ദേശ പട്ടിക പുറത്തുവിട്ടു. ' സെവറെന്‍സ്', 'ദ വൈറ്റ് ലോട്ടസ്', 'ദ പെന്‍ഗ്വിന്‍' എന്നിവയാണ് ഏറ്റവും കൂടുതല്‍ നോമിനേഷനുകള്‍ നേടിയത്. നെറ്റ്ഫ്‌ളിക്‌സ് സൈക്കോളജിക്കല്‍ ക്രൈം ഡ്രാമ സീരീസായ 'അഡോളസെന്‍സ്' 13നോമിനേഷനുകളാണ് നേടിയത്.

സീരീസില്‍ ജെയ്മി മില്ലര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ ഓവന്‍ കൂപ്പറിന് മികച്ച സഹനടനുള്ള നോമിനേഷന്‍ ലഭിച്ചു. ഇതോടെ 'എമ്മി' ചരിത്രത്തില്‍ നാമനിര്‍ദേശം ചെയ്യപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഓവന്‍ കൂപ്പര്‍ മാറിയിരിക്കുകയാണ്.

15 വയസുള്ള താരം വിജയിക്കുകയാണെങ്കില്‍ അഭിനയത്തിന് 'എമ്മി' പുരസ്‌കാരം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷതാരമായി കൂപ്പര്‍ മാറും. 'അഡോളസെന്‍സിലെ' ഓവന്‍ കൂപ്പറിന്റെ സഹതാരമായ ആഷ്‌ളി വാള്‍ടേഴ്‌സും അതേ വിഭാഗത്തില്‍ നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. സീരീസിലെ തന്നെ രണ്ട് നടിമാരായ ക്രിസ്റ്റീന്‍ ട്രെമാര്‍ക്കോയും എറിന്‍ ഡോഹെര്‍ട്ടിയും സഹനടി വിഭാഗത്തിലും മത്സരിക്കുന്നുണ്ട്.

'അഡോളസെന്‍സിലെ' കേന്ദ്ര കഥാപാത്രമായ സ്റ്റീഫന്‍ ഗ്രഹാമിന് മികച്ച നടനുള്ള നോമിനേഷന്‍ ലഭിച്ചിട്ടുണ്ട്. മികച്ച ലിമിറ്റഡ് സീരീസ് വിഭാഗത്തിലും സീരീസ് മത്സരിക്കുന്നുണ്ട്. കൂടാതെ മികച്ച രചനയ്ക്കുള്ള നോമിനേഷന്‍ സ്റ്റീഫന്‍ ഗ്രഹാമിനൊപ്പം സീരീസ് നിര്‍മിച്ച ജാക്ക് ത്രോണിനും ലഭിച്ചു.

അതേസമയം നെറ്റ്ഫ്‌ളിക്‌സില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഷോകളില്‍ ഒന്നായ 'സ്‌ക്വിഡ് ഗെയിമിന്' ഒരു നോമിനേഷനുകളും ലഭിച്ചിട്ടില്ല. ഇത് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്. നോമിനേറ്റ് ചെയ്യപ്പെട്ട അഭിനേതാക്കള്‍ളെയും ടിവി ഷോകളെയും സെപ്റ്റംബര്‍ 14ന് ലോസ് ഏഞ്ചലസില്‍ നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ ആദരിക്കും.

SCROLL FOR NEXT