ഡൽഹി: 2025ലെ ഇൻ്റർനാഷണൽ എമ്മി അവാർഡിലെ മികച്ച നടനുള്ള നോമിനേഷൻ നേടി ഇന്ത്യക്കാരനായ ദിൽജിത് ദോസഞ്ജും 'അമർ സിംഗ് ചംകീല'യും. ഇംതിയാസ് അലിയുടെ നെറ്റ്ഫ്ലിക്സ് ബയോപ്പിക്ക് ഡ്രാമ 'അമർ സിംഗ് ചംകീല'യിൽ അന്തരിച്ച പഞ്ചാബി നാടോടി ഗായകനെ അവതരിപ്പിച്ചതിനാണ് ഈ അന്താരാഷ്ട്ര അംഗീകാരം പഞ്ചാബി താരത്തെ തേടിയെത്തിയത്.
ഇതിഹാസമായ ചംകീലയുടെ ഊർജ്ജം, വ്യക്തിപ്രഭാവം എന്നിവ അതിമനോഹരമായി പകർത്തിയെന്നാണ് ദോസഞ്ജിൻ്റെ പ്രകടനത്തിന് പ്രശംസ ലഭിക്കുന്നത്. ഡേവിഡ് മിച്ചൽ (ലുഡ്‌വിഗ്), ഓറിയോൾ പ്ലാ (യോ, അഡിക്റ്റോ), ഡീഗോ വാസ്‌ക്വസ് (വൺ ഹൺഡ്രഡ് ഇയേഴ്‌സ് ഓഫ് സോളിറ്റ്യൂഡ്) എന്നിവയ്‌ക്കൊപ്പമാണ് അദ്ദേഹത്തെയും ഉൾപ്പെടുത്തിയത്. അതേസമയം, മികച്ച ടിവി മൂവി/ മിനി സീരീസ് വിഭാഗത്തിലാണ് 'അമർ സിംഗ് ചംകീല' എമ്മി നോമിനേഷൻ നേടിയത്.
2024 ഏപ്രിൽ 12ന് നെറ്റ്ഫ്ലിക്സില്‍ പ്രദർശിപ്പിച്ച് തുടങ്ങിയ ഈ സീരീസ് ചംകീലയുടെ അസാധാരണമായ ജീവിത യാത്രയാണ് കാണിക്കുന്നത്. പ്രണയം, കലാപം, സാമൂഹിക യാഥാർഥ്യങ്ങൾ എന്നിവയെക്കുറിച്ച് തുറന്നു സംസാരിക്കുന്നതിന് പേരുകേട്ട ചംകീല 27ാം വയസ്സിൽ കൊല്ലപ്പെടുകയായിരുന്നു. 1988ലാണ് ഭാര്യ അമർജോതിനൊപ്പം ചംകീല കൊല്ലപ്പെടുന്നത്. ചിത്രത്തിൽ പരിനീതി ചോപ്രയാണ് അമർജോതായി ദോസഞ്ജിനൊപ്പം വേഷമിടുന്നത്.
സമീപ വർഷങ്ങളിൽ എമ്മിയിൽ ഇന്ത്യൻ ചിത്രങ്ങൾ സ്ഥിരമായി സ്ഥാനം നേടാറുണ്ട്. 2020ൽ മികച്ച ഡ്രാമ പരമ്പരയ്ക്കുള്ള പുരസ്കാരം നേടി നെറ്റ്ഫ്ലിക്സിൻ്റെ ഡൽഹി ക്രൈം ചരിത്രം സൃഷ്ടിച്ചിരുന്നു. 2021ൽ നെറ്റ്ഫ്ലിക്സ് കോമഡി സ്പെഷ്യൽ പരമ്പരയായ 'വീർ ദാസ്: ഫോർ ഇന്ത്യ'യിലെ പ്രകടത്തിന് ഹാസ്യനടൻ വീർ ദാസ് എമ്മി പുരസ്കാരം നേടി. ഈ വിജയങ്ങൾ ഇന്ത്യൻ ചിത്രങ്ങൾക്ക് ആഗോള വേദി കണ്ടെത്തുന്നതിനുള്ള വേദിയൊരുക്കി നൽകിയിരുന്നു.