ദി ബാഡ്സ് ഓഫ് ബോളിവുഡ് ട്രെയ്ലറില്‍ നിന്ന്  Source : YouTube Screen Grab
OTT

ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍ പിന്നെ രാജമൗലിയും; ആര്യന്‍ ഖാന്റെ 'ദി ബാഡ്‌സ് ഓഫ് ബോളിവുഡ്' ട്രെയ്‌ലര്‍

സെപ്റ്റംബര്‍ 18ന് സീരീസ് നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിംഗ് ആരംഭിക്കും.

Author : ന്യൂസ് ഡെസ്ക്

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന നെറ്റ്ഫ്‌ളിക്‌സ് ഷോ ദി ബാഡ്‌സ് ഓഫ് ബോളിവുഡിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. നെറ്റ്ഫ്‌ളിക്‌സിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ട്രെയ്‌ലര്‍ റിലീസ് ചെയ്തത്. ഓഗസ്റ്റിലെ ഷോയുടെ താരങ്ങള്‍ അണിനിരന്ന പ്രീമിയറിന് പിന്നാലെയാണ് ആര്യന്‍ ഖാന്‍ ആരാധകര്‍ക്കായി ട്രെയ്‌ലര്‍ പങ്കുവെച്ചിരിക്കുന്നത്.

ആസ്മാന്‍ എന്ന നവാഗതനായ ബോളിവുഡ് നടന്റെ കഥയാണ് ദി ബാഡ്‌സ് ഓഫ് ബോളിവുഡ് പറയുന്നത്. സ്റ്റാര്‍ ആകാനുള്ള ആസ്മാന്റെ യാത്രയിലൂടെ ബോളിവുഡ് എന്ന മാസ്മരികവും ക്രൂരവുമായ ലോകത്തെ കുറിച്ചും തമാശ രൂപേണ സീരീസ് പറഞ്ഞുവെക്കുന്നുണ്ട്. നെപ്പോട്ടിസം, സ്റ്റാര്‍ഡം തുടങ്ങിയവയെ കുറിച്ചും ഷോയില്‍ പരാമര്‍ശിക്കുന്നുണ്ടെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന.

ഷാരൂഖ് ഖാന്റെ നിര്‍മാണ കമ്പനിയായ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റാണ് സീരീസിന്റെ നിര്‍മാണം. രണ്‍വീര്‍ സിംഗ്, ആമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍, ദിഷ പടാനി, ബാദ്ഷ, കരണ്‍ ജോഹര്‍, എസ്.എസ്. രാജമൗലി തുടങ്ങിയ താരങ്ങള്‍ സീരീസില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. ലക്ഷ്യ ലാല്‍വാനി, രാഘവ് ജുയല്‍ എന്നിവരാണ് ഷോയുടെ പ്രധാന താരങ്ങള്‍. ബോബി ഡിയോള്‍, മനീഷ് ചൗധരി, സഹേര്‍ ബംബ, മനോജ് പഹ്വ, ഗൗതമി കപൂര്‍, മോന സിംഗ്, രജത് ബേദി എന്നിവരും സീരീസിലുണ്ട്. സെപ്റ്റംബര്‍ 18ന് സീരീസ് നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിംഗ് ആരംഭിക്കും.

ഓഗസ്റ്റ് 20ന് മുംബൈയില്‍ വെച്ചായിരുന്നു സീരീസിന്റെ പ്രിവ്യൂ നടന്നത്. ചടങ്ങില്‍ സംസാരിക്കവെ, "എന്തെങ്കിലും തെറ്റ് സംഭവിച്ചാല്‍ ദയവായി എന്നോട് ക്ഷമിക്കൂ. ഇത് എന്റെ ആദ്യ പരിശ്രമമാണ്", എന്നാണ് ആര്യന്‍ പറഞ്ഞത്. അച്ഛനില്‍ നിന്നും സഹോദരി സുഹാന ഖാനില്‍ നിന്നും വ്യത്യസ്തമായി അഭിനയത്തിന് പകരം സംവിധാനമാണ് ആര്യന്‍ തിരഞ്ഞെടുത്തത്. ഏകദേശം ഒരു വര്‍ഷത്തിലേറെയായി ആര്യന്‍ ദി ബാഡ്‌സ് ഓഫ് ബോളിവുഡിന്റെ പ്രവര്‍ത്തനത്തിലായിരുന്നു.

SCROLL FOR NEXT