ഹാരി പോട്ടർ സീരീസ് Source : X
OTT

"നമ്മള്‍ അര്‍ഹിക്കുന്ന ഹാരി"; ആരാധകരെ വിസ്മയിപ്പിച്ച് ഡൊമിനിക് മക്ലാഫ്ലിന്‍

2027ല്‍ സീരീസ് എച്ച്ബിഒയിലും എച്ച്ബിഒ മാക്‌സിലും സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് സൂചന.

Author : ന്യൂസ് ഡെസ്ക്

ലോകമെമ്പാടുമുള്ള ഹാരി പോട്ടര്‍ ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് നടന്‍ ഡൊമിനിക് മക്ലാഫ്ലിന്‍. എച്ച്ബിഒയുടെ ടെലിവിഷന്‍ സീരീസായ 'ഹാരി പോട്ടര്‍' നിലവില്‍ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. 2027ല്‍ ചിത്രം എച്ച്ബിഒയിലും എച്ച്ബിഒ മാക്‌സിലും സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് സൂചന.

അടുത്തിടെ സീരീസിന്റെ ചിത്രീകരണ സമയത്തുനിന്നുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലായിരുന്നു. ലണ്ടണ്‍ സൂവിലാണ് ചിത്രീകരണം നടക്കുന്നത്. അവിടെ നിന്നുമുള്ള ഡാമിനിക് മക്ലാഫ്‌ലിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

"നമ്മള്‍ അര്‍ഹിക്കുന്ന ഹാരിയെ അവസാനം ലഭിച്ചിരിക്കുകയാണ്", എന്നാണ് ചിത്രങ്ങള്‍ കണ്ട് ഒരു റെഡ്ഡിറ്റ് യൂസര്‍ കുറിച്ചത്. "എന്തൊരു ചെറിയ കുട്ടിയാണ്, ഇവന്‍ ഹാരിയാവാന്‍ അനുയോജ്യനാണ്", എന്നാണ് മറ്റൊരു കമന്റ്. പുതിയ ഹാരിക്ക് ആശംസകളും ആരാധകര്‍ അറിയിക്കുന്നുണ്ട്.

എച്ച്ബിഒ ഹാരി പോട്ടര്‍ കഥാപാത്രത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടപ്പോള്‍ തന്നെ ആരാധകര്‍ ആവേശഭരിതരായിരുന്നു. 11 വയസ് പ്രായമുള്ള ഡൊമിനിക് 'ഗ്രോ' എന്ന ചിത്രത്തില്‍ ഒലിവര്‍ ഗ്രിഗറിയായും വേഷമിട്ടിട്ടുണ്ട്. ജോണ്‍ മെഗ്‌ഫെയ്ല്‍ സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 16നാണ് തിയേറ്ററിലെത്തുന്നത്.

മാര്‍ക്ക് മൈലോഡാണ് സീരീസ് സംവിധാനം. ഫ്രാഞ്ചെസ്‌ക ഗാര്‍ഡിനറാണ് സീരീസ് ക്രിയേറ്റര്‍. ബ്രോന്റെ ഫിലിം ആന്‍ഡ് ടിവിയും വാര്‍ണര്‍ ബ്രോസ് ടെലിവിഷനും ചേര്‍ന്നാണ് എച്ച്ബിഒയ്ക്ക് വേണ്ടി സീരീസ് നിര്‍മിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഹാരി പോട്ടര്‍ നോവല്‍ രചിച്ച ജെ.കെ. റൌളിങാണ്.

2001 മുതല്‍ 2011 വരെ നോവലിന്റെ ഏഴു ഭാഗങ്ങള്‍ സിനിമകളായിരുന്നു. ഡാനിയേല്‍ റാഡ്ക്ലിഫ്, എമ്മാ വാട്‌സണ്‍, റൂപര്‍ട് ഗ്രിന്റ് എന്നിവരാണ് ഹാരി പോട്ടര്‍ സിനിമയിലെ പ്രധാന മൂന്നു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

SCROLL FOR NEXT