കമല്‍ ഹാസനെ കേന്ദ്ര കഥാപാത്രമാക്കി മണിരത്‌നം സംവിധാനം ചെയ്ത 'തഗ് ലൈഫ്' ജൂണ്‍ 5നാണ് കര്‍ണാടക ഒഴികെയുള്ള ഇന്ത്യന്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസ് ചെയ്തിരിക്കുകയാണ്. നെറ്റ്ഫ്‌ലിക്‌സില്‍ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചുവെന്ന് ഔദ്യോഗികമായി സ്ട്രീമിങ് പ്ലാറ്റ്‌ഫോം തന്നെ അറിയിച്ചിരിക്കുകയാണ്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളില്‍ ചിത്രം ലഭ്യമാണ്.
'കന്നഡ ഭാഷ തമിഴില്‍ നിന്ന് ജനിച്ചതാണ്' എന്ന് ഒരു പ്രമോഷന്‍ പരിപാടിയല്‍ കമല്‍ ഹാസന്‍ പറഞ്ഞത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. എതിര്‍പ്പുകള്‍ ഉണ്ടായിട്ടും 'തഗ് ലൈഫിന്റെ' നിര്‍മാതാവ് കൂടിയായിരുന്ന കമല്‍ ഹാസന്‍ തന്റെ അഭിപ്രായത്തില്‍ മാപ്പ് പറയാന്‍ വിസമ്മതിച്ചു. ഇതോടെ ചിത്രത്തിന്റെ കര്‍ണാടക റിലീസ് വിലക്കുകയും അത് ബോക്‌സ് ഓഫീസ് കളക്ഷനെ ബാധിക്കുകയും ചെയ്തു.
വിവാദങ്ങള്‍ക്കിടയില്‍ ഒരു മുന്നറിയിപ്പും ഇല്ലാതെയാണ് ചിത്രം ഒടിടിയില്‍ എത്തിയിരിക്കുന്നത്. തിയേറ്ററില്‍ ഒരു മാസം പോലും ചിത്രം പൂര്‍ത്തിയാക്കിയിട്ടില്ല എന്നും ശ്രദ്ധേയമാണ്. നെറ്റ്ഫ്‌ലിക്‌സിന്റെ പോസ്റ്റിന് താഴെ വിവിധ അഭിപ്രായങ്ങളാണ് പ്രേക്ഷകര്‍ രേഖപ്പെടുത്തുന്നത്. സിനിമ കാണാന്‍ താല്‍പര്യമില്ലെന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍ ചിത്രം എപ്പോള്‍ ഒടിടിയില്‍ എത്തി എന്ന ചോദ്യമാണ് മറ്റു ചിലര്‍ ചോദിക്കുന്നത്.
അതേസമയം 'നായകന്' ശേഷം മണിരത്‌നവും കമല്‍ ഹാസനും വീണ്ടും ഒന്നിച്ച ചിത്രമാണിത്. സിലമ്പരശന്‍, ജോജു ജോര്‍ജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസര്‍, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആര്‍. മഹേന്ദ്രന്‍, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.