കങ്കണ റണാവത്ത് 
OTT

"സമൂഹം തകരരുത്"; പോണോഗ്രാഫിക് കണ്ടന്റുകള്‍ പ്രദര്‍ശിപ്പിക്കുന്ന ഒടിടികളുടെ നിരോധനത്തില്‍ കങ്കണ

അശ്ലീല ഉള്ളടക്കം പ്രദര്‍ശിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി 25 ഒടിടി പ്ലാറ്റ്‌ഫോമുകളും ചില ആപ്പുകളും വെബ്‌സൈറ്റുകളുമാണ് സര്‍ക്കാര്‍ നിരോധിച്ചത്.

Author : ന്യൂസ് ഡെസ്ക്

പോണോഗ്രാഫിക് കണ്ടന്റുകള്‍ പ്രദര്‍ശിപ്പിക്കുന്ന ഒടിടി പ്ലാറ്റ്‌ഫോമുകള്‍ നിരോധിച്ച കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ അഭിനന്ദിച്ച് ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത്. ഐഎഎന്‍എസിനോട് സംസാരിക്കവെ താരം ഇന്ത്യന്‍ സംസ്‌കാരത്തെയും യുവ തലമുറയുടെ ഭാവിയെയും സംരക്ഷിക്കാന്‍ ഇത് ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടു.

"നമ്മുടെ രാജ്യത്തിന്റെ സംസ്‌കാരവും യുവാക്കളുടെ ഭാവിയും സംരക്ഷിക്കുന്നതിനും സമൂഹം പൂര്‍ണമായി തകരാതിരിക്കാനും ഈ നടപടി ആവശ്യമാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനം അഭിനന്ദനമര്‍ഹിക്കുന്നതാണ്. ഈ ആപ്പുകള്‍ക്കെതിരെ പ്രത്യേകിച്ച് നിയമവിരുദ്ധമായവയ്‌ക്കെതിരെ സ്വീകരിച്ച നടപടി പ്രശംസിക്കപ്പെടേണ്ടതാണ്", കങ്കണ പറഞ്ഞു.

അശ്ലീല ഉള്ളടക്കം പ്രദര്‍ശിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി 25 ഒടിടി പ്ലാറ്റ്‌ഫോമുകളും ചില ആപ്പുകളും വെബ്‌സൈറ്റുകളുമാണ് സര്‍ക്കാര്‍ നിരോധിച്ചത്. ആള്‍ട്ട്ബാലാജി, ഉല്ലു, ബിഗ് ഷോട്ട്സ് ആപ്പ്, ദേസിഫ്ളിക്സ്, നവരസ ലൈറ്റ്, ഗുലാബ് ആപ്പ് എന്നീ പ്ലാറ്റ്ഫോമുകള്‍ ഉള്‍പ്പെടെയുള്ളവയാണ് നിരോധിച്ചിരിക്കുന്നത്.

അശ്ലീല ചുവയുള്ള കണ്ടന്റുകളും ചില സാഹചര്യത്തില്‍ പോണോഗ്രാഫിക്ക് കണ്ടന്റുകളും പ്രദര്‍ശിപ്പിക്കുന്നതിനാലാണ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ഈ തീരുമാനമെടുത്തതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ നിയമങ്ങളുടെ ലംഘനമാണ് ഇതിലൂടെ നടന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം.

കുടുംബ ബന്ധങ്ങളിലും മറ്റ് സെന്‍സിറ്റീവ് സാഹചര്യങ്ങളിലും അനുചിതമായ സന്ദര്‍ഭങ്ങളില്‍ നഗ്‌നതയും ലൈംഗിക ഉള്ളടക്കവും ചിത്രീകരിക്കുന്നതും അധികൃതര്‍ തടഞ്ഞിട്ടുണ്ട്.

SCROLL FOR NEXT