കൈനിറയെ ചിത്രങ്ങളാണ് മെയ് അവസാന വാരം ഡിജിറ്റിൽ പ്ലാറ്റ്‌ഫോമുകളിൽ സ്ട്രീം ചെയ്യുന്നത്. ഷറഫുദീൻ - കല്യാണി പണിക്കർ ചിത്രം 'മധുവിധു', ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ എത്തിയ 'ഭീഷ്മർ' എന്നിവയാണ് മലയാളത്തിൽ നിന്നുള്ള പ്രധാന ഒടിടി റിലീസുകൾ. ബോളിവുഡിൽ നിന്ന് 'ധുരന്ധർ' (അൺകട്ട്), ജ്യോതിക - സൊനാക്ഷി സിൻഹ ചിത്രം 'സിസ്റ്റം', ഹോളിവുഡ് ചിത്രങ്ങളായ 'ദ മമ്മി', 'ദ സ്ട്രെയ്ഞ്ചർ', 'മദർ മേരി' എന്നിവയാണ് മറ്റ് റിലീസുകൾ.
പ്രേക്ഷകഹൃദയം കീഴടക്കിയ ഫാമിലി എന്റർടെയ്‌നർ ‘മധുവിധു’ സോണി ലിവ് ആണ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ഷറഫുദീൻ, കല്യാണി പ്രിയദർശൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിച്ച ചിത്രം സംവിധാനം ചെയ്തത് വിഷ്ണു അരവിന്ദ് ആണ്. സിനിമ സോണി ലിവിൽ മെയ് 22 മുതൽ സ്ട്രീമിങ് ആരംഭിച്ചു.
ഈസ്റ്റ് കോസ്റ്റ് വിജയന്റെ സംവിധാനത്തിൽ ഒരുങ്ങിയ ധ്യാൻ ശ്രീനിവാസൻ - വിഷ്ണു ഉണ്ണി കൃഷ്‌ണൻ ചിത്രം 'ഭീഷ്മർ' മെയ് 22 മുതൽ സ്ട്രീമിങ് ആരംഭിച്ചു. ആമസോൺ പ്രൈം, സൺ നെക്സ്റ്റ് എന്നീ ഒടിടി പ്ലാറ്റ്‌ഫോമുകളിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഒരു മ്യൂസിക്കൽ റൊമാന്റിക് ഫാമിലി ഫൺ ഫിൽഡ് ത്രില്ലറാണ് ഭീഷ്മർ.
രൺവീർ സിംഗ് ചിത്രം 'ധുരന്ധർ' സിനിമയുടെ അൺകട്ട് പതിപ്പ് ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. തിയേറ്റർ പതിപ്പിൽ നിന്ന് ഒഴിവാക്കിയ രംഗങ്ങളും സംഭാഷണങ്ങളും ഉൾപ്പെടുത്തിയ വേർഷനാണ് ഒടിടിയിൽ സ്ട്രീം ചെയ്യുന്നത്. മൂന്ന് മണിക്കൂർ 25 മിനുട്ട് ദൈർഘ്യമുള്ള ചിത്രം ഹിന്ദിക്ക് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും ലഭ്യമാണ്.
ലീ ക്രോണിന്റെ ഹൊറർ ചിത്രം 'ദ മമ്മി' ആമസോൺ പ്രൈമിൽ റെന്റ് ഓപ്ഷനിലാണ് ലഭ്യമായിരിക്കുന്നത്. ജാക്ക് റെയ്‌നർ, ലയ കോസ്റ്റ, മെയ് കലാമാവി, നതാലി ഗ്രേസ്, വെറോണിക്ക ഫാൽക്കൺ എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.
ജ്യോതികയും സോനാക്ഷി സിന്‍ഹയും ഒന്നിക്കുന്ന ഹൈ-സ്റ്റേക്ക്‌സ് കോർട്ട്‌റൂം ത്രില്ലർ ആണ് 'സിസ്റ്റം'. മെയ് 22 മുതൽ ഇന്ത്യയുൾപ്പെടെ ലോകമെമ്പാടുമുള്ള 240ത്തിലധികം രാജ്യങ്ങളിലായി പ്രൈം വീഡിയോയിൽ സീരീസിന്റെ സ്ട്രീമിങ് ആരംഭിച്ചു. അശ്വിനി അയ്യർ തിവാരി സംവിധാനം ചെയ്യുന്ന ചിത്രം ബവേജ സ്റ്റുഡിയോസിന്റെ ബാനറിൽ പമ്മി ബവേജ, ഹർമൻ ബവേജ, സ്മിത ബാലിഗ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്.