കരണ്‍ ജോഹർ, സമാന്ത രൂത്ത് പ്രഭു Source : Instagram
OTT

കരണ്‍ ജോഹര്‍ മുതല്‍ സമാന്ത വരെ; ഈ ആഴ്ച്ച ഒടിടിയില്‍ നിങ്ങളെ കാത്തിരിക്കുന്നത് എന്തെല്ലാം?

ഓരോ ആഴ്ച്ചയും എന്താണ് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ അവര്‍ക്കായി കാത്തുവെച്ചിരിക്കുന്നതെന്ന് അറിയാനുള്ള ആവേശത്തിലായിരിക്കും പ്രേക്ഷകര്‍. കെ-ഡ്രാമകളും റൊമാന്റിക് കോമഡികളും ആക്ഷന്‍ ത്രില്ലറുകളും റിയാലിറ്റി ഷോകളുമെല്ലാം ആ ലിസ്റ്റില്‍ ഉള്‍പ്പെടും

Author : ന്യൂസ് ഡെസ്ക്

തിയേറ്ററില്‍ പോയി സിനിമ കാണുന്നത് പോലെ തന്നെയാണിപ്പോള്‍ പ്രേക്ഷകര്‍ക്ക് ഒടിടിയും. ഓരോ ആഴ്ച്ചയും എന്താണ് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ അവര്‍ക്കായി കാത്തുവെച്ചിരിക്കുന്നതെന്ന് അറിയാനുള്ള ആവേശത്തിലായിരിക്കും പ്രേക്ഷകര്‍. കെ-ഡ്രാമകളും റൊമാന്റിക് കോമഡികളും ആക്ഷന്‍ ത്രില്ലറുകളും റിയാലിറ്റി ഷോകളുമെല്ലാം ആ ലിസ്റ്റില്‍ ഉള്‍പ്പെടും. അത്തരത്തില്‍ ഈ ആഴ്ച്ച പ്രേക്ഷകരെ കാത്തിരിക്കുന്ന ഒടിടി റിലീസുകള്‍ ഏതൊക്കെയാണെന്ന് നോക്കാം...

ദ ട്രെയ്‌റ്റേഴ്‌സ് (ആമസോണ്‍ പ്രൈം)

ജനപ്രിയ റിയാലിറ്റി ഷോയായ ദ ട്രെയ്‌റ്റേഴ്‌സിന്റെ ഇന്ത്യന്‍ പതിപ്പ് ഒരുങ്ങിയിരിക്കുകയാണ്. ബോളിവുഡ് സംവിധായകന്‍ ഹോസ്റ്റായ റിയാലിറ്റി ഷോ ജൂണ്‍ 12 മുതലാണ് ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് ആരംഭിക്കുന്നത്. ഉര്‍ഫി ജാവേദ്, റഫ്താര്‍, കരണ്‍ കുന്ദ്ര, അപൂര്‍വ മഖീജ, ജന്നത്ത് സുബൈര്‍, രാജ് കുന്ദ്ര എന്നിവരാണ് ഷോയില്‍ പങ്കെടുക്കുന്ന താരങ്ങള്‍.

റാണ നായിഡു സീസണ്‍ 2 (നെറ്റ്ഫ്ലിക്സ്)

രണ്ട് വര്‍ഷത്തിന് ശേഷം ജനപ്രിയ ആക്ഷന്‍ ക്രൈം പരമ്പരയായ 'റാണാ നായിഡു സീസണ്‍ 2' തിരിച്ചുവരുകയാണ്. കരണ്‍ അന്‍ഷുമാനാണ് സീരീസിന്റെ സംവിധായകന്‍. റാണ ദഗ്ഗുബതി, കൃതി ഖര്‍ബന്ദ, അര്‍ജുന്‍ രാംപാല്‍, വെങ്കിടേഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സീരീസ് ജൂണ്‍ 13ന് നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിംഗ് ആരംഭിക്കും.

സ്‌നോ വൈറ്റ് (ജിയോ പ്ലസ് ഹോട്ട്‌സ്റ്റാര്‍)

ഡിസ്‌നിയുടെ 1937ലെ ഐകോണിക് ആനിമേറ്റഡ് ക്ലാസികിന്റെ പുതിയ പതിപ്പ് ആരാധകരിലേക്ക് എത്തുകയാണ്. മാര്‍ക്ക് വെബ്ബ് സംവിധാനം ചെയ്ത 'സ്‌നോ വൈറ്റ്' മാര്‍ച്ച് 21നാണ് തിയേറ്ററിലെത്തിയത്. ജൂണ്‍ 11 മുതല്‍ ജിയോ പ്ലസ് ഹോട്ട്‌സ്റ്റാറില്‍ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.

ടൈറ്റന്‍: ദി ഓഷ്യന്‍ഗേറ്റ് ഡിസാസ്റ്റര്‍ (നെറ്റ്ഫ്ലിക്സ്)

മാര്‍ക്ക് മോണ്‍റെ സംവിധാനം ചെയ്ത ടൈറ്റന്‍: ദി ഓഷ്യന്‍ഗേറ്റ് ഡിസാസ്റ്റര്‍ ഒരു നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററിയാണ്. 2023 ജൂണ്‍ 18ന് സംഭവിച്ച ടൈറ്റന്റെ സബ്‌മെര്‍സിബിള്‍ ഇംപ്ലോഷനെ കുറിച്ചുള്ള ഡോക്യുമെന്ററിയാണിത്. ഡോക്യുമെന്ററി ജൂണ്‍ 11 മുതല്‍ നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിംഗ് ആരംഭിക്കും.

ഇന്‍ ട്രാന്‍സിറ്റ് (ആമസോണ്‍ പ്രൈം)

തങ്ങളുടെ സ്‌നേഹം സ്വത്വം എന്നിവയിലൂടെയുള്ള ഒന്‍പത് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ യാത്രകളാണ് ഈ ഡോക്യൂ സീരീസ് പറഞ്ഞുവെക്കുന്നത്. ഇന്ത്യയില്‍ അവര്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും സീരീസ് പറയുന്നുണ്ട്. ആമസോണ്‍ പ്രൈമില്‍ ജൂണ്‍ 13 മുതല്‍ സീരീസ് സ്ട്രീമിംഗ് ആരംഭിക്കും.

ശുഭം (ജിയോ പ്ലസ് ഹോട്ട്‌സ്റ്റാര്‍)

സമാന്ത രൂത്ത് പ്രഭു ആദ്യമായി നിര്‍മിച്ച സിനിമയാണ് 'ശുഭം'. മെയ് 9ന് തിയേറ്ററിലെത്തിയ ചിത്രം വന്‍ ബോക്‌സ് ഓഫീസ് വിജയമായിരുന്നു. ഹൊറര്‍ കോമഡിയായ തെലുങ്ക് ചിത്രത്തില്‍ ഹര്‍ഷിത് റെഡ്ഡി, ഗവിറെഡ്ഡി ശ്രീനിവാസ്, ചരന്‍ പെരി എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. ചിത്രം ജൂണ്‍ 14 മുതല്‍ ജിയോ പ്ലസ് ഹോട്ട്‌സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കും.

SCROLL FOR NEXT