'ഫാർമ' ട്രെയ്‌ലർ പുറത്ത് 
OTT

പുത്തൻ ആക്ഷൻ പ്ലാനുമായി നിവിൻ പോളി; മരുന്നു കമ്പനികൾക്കുള്ളിൽ നടക്കുന്നതെന്ത്? ആകാംക്ഷ നിറച്ച് 'ഫാർമ' ട്രെയ്‌ലർ

നിവിൻ പോളിയുടെ ആദ്യ വെബ് സീരീസ് ആണ് 'ഫാർമ'

Author : ന്യൂസ് ഡെസ്ക്

കൊച്ചി: മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിവിൻ പോളിയുടെ ആദ്യ വെബ് സീരീസ് 'ഫാർമ'യുടെ ട്രെയ്‌ലർ പുറത്തുവിട്ടു. മെഡിക്കൽ ഡ്രാമ ഴോണറിൽ ഇറങ്ങുന്ന സീരീസ് ഡിസംബർ 19ന് ജിയോ ഹോട്‌സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും.

നിവിൻ അവതരിപ്പിക്കുന്ന കെ.പി. വിനോദ് എന്ന ഒരു മെഡിക്കൽ റെപ്പ്രസെന്റേറ്റീവിന്റെ ജീവിതത്തിലെ പല ഘട്ടങ്ങളിൽ നടക്കുന്ന സംഭവ വികാസങ്ങളിലൂടെയാണ് കഥ നടക്കുന്നത്. ട്രെയ്‌ലർ നൽകുന്ന സൂചന പ്രകാരം നായകൻ ഫാർമസ്യൂട്ടിക്കൽ മേഖലയിൽ ജോലിയിൽ പ്രവേശിക്കുന്നതും തുടർന്ന് അയാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് ഇതിന്റെ പ്രമേയം. മെഡിക്കൽ റെപ്രസെന്റേറ്റീവ് നേരിടുന്ന ജോലി സമ്മർദവും സീരീസ് പ്രതിപാദിക്കുന്നു.

നിവിനോടൊപ്പം ദേശീയ അവാർഡ് ജേതാവായ രജത് കപൂർ ഉൾപ്പെടെയുള്ള താരനിരയും സീരീസിലുണ്ട്. മുൻപ് ‘അഗ്‌നിസാക്ഷി’ എന്ന മലയാള ചിത്രത്തിൽ അഭിനയിച്ച അദ്ദേഹം ഏറെ ഇടവേളയ്ക്കുശേഷമാണ് വീണ്ടും മലയാളത്തിലെത്തുന്നത്. പി.ആർ. അരുണ് എഴുതി സംവിധാനം ചെയ്ത എട്ട് എപ്പിസോഡുകളുള്ള ഈ സീരീസ് 2024 ൽ ഗോവയിൽ നടന്ന ഐഎഫ്എഫ്ഐ യിൽ പ്രീമിയർ ചെയ്തിരുന്നു.

മൂവി മിൽ ബാനറിന്റെ പേരിൽ കൃഷ്ണൻ സേതുകുമാർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ശ്രുതി രാമചന്ദ്രൻ, ബിനു പപ്പു, നരേൻ, വീണ നന്ദകുമാർ, മുത്തുമണി, ആലേഖ് കപൂർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം - അഭിനന്ദൻ രാമാനുജം, സംഗീതം - ജേക്സ് ബിജോയ്, എഡിറ്റിങ് - ശ്രീജിത് സാരംഗ്, പ്രൊഡക്ഷൻ കൺട്രോളർ - നോബിൾ ജേക്കബ്, പിആർഒ - റോജിൻ കെ റോയ്.

SCROLL FOR NEXT