ബോളിവുഡ് താരം രാധിക ആപ്തയുടെ അന്താരാഷ്ട്ര തലത്തിൽ ചർച്ചയായ ചിത്രമാണ് 'സിസ്റ്റർ മിഡ്നൈറ്റ്'. 2024 കാൻ ചലച്ചിത്ര മേളയിലാണ് ചിത്രം ആദ്യമായി പ്രദർശിപ്പിച്ചത്. ഒരു വർഷത്തിന് ശേഷം മെയ് 23നാണ് 'സിസ്റ്റർ മിഡ്‌നൈറ്റ്' ഇന്ത്യയിൽ തിയേറ്റർ റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.
ചിത്രത്തിന്റെ ഡിസ്ട്രിബ്രൂട്ടേഴ്‌സായ ആൾറ്റിറ്റിയൂഡ് ഫിലിംസാണ് ഒടിടി സ്ട്രീമിംഗ് ആരംഭിച്ച വിവരം ഔദ്യോഗികമായി അറിയിച്ചത്. വീഡിയോ ഓൺ ഡിമാന്റ് ഓപ്ഷനിലാണ് നിലവിൽ ചിത്രം ലഭ്യാമാകുന്നത്. യുകെയിൽ ആപ്പിൾ ടിവി, പ്രൈം വീഡിയോ, ഗൂഗിൾ പ്ലേ എന്നിവടങ്ങളിൽ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യയിലെ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ സിനിമ ലഭ്യമല്ല. എന്നാൽ റിപ്പോർട്ടുകൾ അനുസരിച്ച് ഉടൻ തന്നെ ചിത്രം ഇന്ത്യയിലും സ്ട്രീമിംഗ് ആംഭിക്കുമെന്നാണ് പറയുന്നത്.
കരൺ കാൻധാരിയാണ് ചിത്രത്തിന്റെ സംവിധായകൻ. കരൺ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണിത്. കേന്ദ്ര കഥാപാത്രമായ രാധിക ആപ്തെയ്ക്കൊപ്പം ചിത്രത്തിൽ അശോക് പതക്, ഛായാ കദം, സ്മിത താംബേ, നവ്യ സാവന്ത് എന്നിവരും അണിനിരക്കുന്നുണ്ട്. അൽസ്റ്റെയർ ക്ലാർക്ക്, അന്ന ഗ്രിഫിൻ, അലൻ മക്അല്ക്സ് എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ.
വിവാഹം കഴിഞ്ഞതിന് പിറ്റേ ദിവസം രാവിലെ ഉണരുന്ന സ്ത്രീ എന്ത് ചെയ്യണമെന്ന് അറിയാതെ പുതിയ വീട്ടിൽ ഒറ്റയ്ക്ക് കഴിയുന്നതാണ് സിനിമയുടെ ഇതിവൃത്തം. ജീവിതത്തിൽ, പ്രത്യേകിച്ച് ബന്ധങ്ങളിൽ കൃത്യമായ നിയമങ്ങളില്ലാ എന്നതിനെ കുറിച്ചാണ് 'സിസ്റ്റർ മിഡ്നൈറ്റ്' സംസാരിക്കുന്നത്.
"വിവാഹം കഴിഞ്ഞ് ആദ്യ ദിനം ഉണരുമ്പോൾ ഭർത്താവ് ഒന്നും പറയാതെ ജോലിക്ക് പോയിട്ടുണ്ടെങ്കിൽ ആ പുതിയ വീട്ടിൽ ഭാര്യ ഒന്നും അറിയാതെ കാര്യങ്ങൾ ചെയ്യേണ്ടി വരില്ലേ ഐഡിയയിൽ നിന്നാണ് സിനിമയുണ്ടാകുന്നത്", എന്നാണ് സംവിധായകൻ കരൺ പറഞ്ഞത്. ജീവിതത്തിൽ കാര്യങ്ങൾ ചെയ്യാൻ യഥാർത്ഥത്തിൽ ഒരു മാന്വലും ഇല്ലെന്നാണ് 'സിസ്റ്റർ മിഡ്നൈറ്റി'ലൂടെ പറഞ്ഞുവെക്കുന്നത്. അമേരിക്കൻ നടനും കൊമേഡിയനുമായി ബസ്റ്റർ കീറ്റണിന്റെ പഴയ നിശബ്ദ ചിത്രത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് 'സിസ്റ്റർ മിഡ്നൈറ്റ്' ചെയ്തതെന്നും സംവിധായകൻ പറഞ്ഞു.
ഓസ്റ്റിനിലെ ഫെന്റാസ്റ്റിക് ഫെസ്റ്റിൽ നിന്നും മികച്ച ചിത്രത്തിനുള്ള ബെസ്റ്റ് വേവ് അവാർഡ് ചിത്രം കരസ്ഥമാക്കിയിരുന്നു. കൂടാതെ ബ്രിട്ടിഷ് ഇൻഡിപെൻഡന്റ് ഫിലിം അവാർഡിൽ ചിത്രം നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. ലോകമെമ്പാടുമുള്ള ചലച്ചിത്ര മേളകളിൽ നിന്ന് മികച്ച അഭിപ്രായം നേടിയ ചിത്രം കൂടിയാണ് 'സിസ്റ്റർ മിഡ്നൈറ്റ്'.