OTT

ഷാരൂഖ് ഖാന്‍ രണ്ട് കോടി നഷ്ടപരിഹാരം നല്‍കണം; ആര്യന്‍ ഖാന്റെ ബാഡ്‌സ് ഓഫ് ബോളിവുഡിനെതിരെ മുന്‍ നാര്‍ക്കോട്ടിക്‌സ് ഉദ്യോഗസ്ഥന്‍

2002 ല്‍ മുംബൈ ക്രൂയിസ് ലഹരി കേസില്‍ ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തത് സമീര്‍ വാങ്ക്‌ഡേ ആയിരുന്നു

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ സംവിധാനം ചെയ്ത നെറ്റ്ഫ്ളിക്‌സ് സീരീസ് ബാഡ്‌സ് ഓഫ് ബോളിവുഡിനെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് മുന്‍ നാര്‍ക്കോട്ടിക്‌സ് ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്ക്‌ഡേ. സീരിസില്‍ തന്നെ മോശമായി ചിത്രീകരിച്ചു എന്ന് കാണിച്ചാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

സീരീസിന്റെ നിര്‍മാതാക്കളായ ഷാരൂഖ് ഖാനും റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിനുമെതിരെ രണ്ട് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ് നല്‍കിയിരിക്കുന്നത്. തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വ്യാജമായി വീഡിയോ ചിത്രീകരിച്ചുവെന്നാണ് സമീര്‍ വാങ്ക്‌ഡേയുടെ ആരോപണം.

മയക്കുമരുന്ന് വിരുദ്ധ ഏജന്‍സികളെ തെറ്റായ രീതിയില്‍ ചിത്രീകരിക്കുന്നുവെന്നും ഇത് നിയമ നിര്‍വ്വഹണ സംവിധാനങ്ങളെ കുറിച്ച് പൊതുജനത്തിന്റെ വിശ്വാസം ഇല്ലാതാക്കുന്നതാണെന്നുമാണ് സമീര്‍ വാങ്കേഡയുടെ വാദം.

ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാന്റെ ആദ്യ സംവിധാന സംരംഭമാണ് ബാഡ്‌സ് ഓഫ് ബോളിവുഡ്. നെറ്റ്ഫ്‌ളിക്‌സ് പുറത്തിറക്കിയ സീരിസിന്റെ ആദ്യ എപ്പിസോഡില്‍ മുന്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥനായ സമീര്‍ വാങ്ക്‌ഡേയുമായി രൂപസാദൃശ്യമുള്ളയാളെ കാണിക്കുന്നുണ്ട്.

2021 ല്‍ മുംബൈ ക്രൂയിസ് ലഹരി കേസില്‍ ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തത് സമീര്‍ വാങ്ക്‌ഡേ ആയിരുന്നു. ആര്യന്റെ അറസ്റ്റിനു പിന്നാലെ വാര്‍ത്തകളില്‍ ഇടംപിടിച്ചയാളാണ് വാങ്ക്‌ഡേ. കോര്‍ഡിയ ക്രൂയിസ് എന്ന ആഡംബര കപ്പലില്‍ നിന്നാണ് ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തത്. മാസങ്ങളോളം ജയിലില്‍ കഴിഞ്ഞ ആര്യന്‍ ഖാനെ പിന്നീട് കോടതി കുറ്റവിമുക്തനാക്കി. കേസില്‍ നിന്ന് ആര്യന്‍ ഖാനെ ഒഴിവാക്കാന്‍ ഷാരൂഖ് ഖാനില്‍ നിന്ന് കോടികള്‍ പ്രതിഫലമായി ആവശ്യപ്പെട്ടെന്ന് സമീര്‍ വാങ്ക്‌ഡേയ്‌ക്കെതിരെ പിന്നീട് ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നാര്‍ക്കോട്ടിക് ബ്യൂറോ സോണല്‍ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് വാങ്ക്‌ഡേയെ നീക്കുകയും ചെയ്തിരുന്നു.

ആര്യന്‍ ഖാന്റെ ആദ്യ സംവിധാന സംരംഭത്തില്‍ സമീര്‍ വാങ്ക്‌ഡേയുമായി സാദൃശ്യമുള്ള കഥാപാത്രം എത്തിയത് യാദൃശ്ചികമല്ലെന്നും ആര്യന്‍ ഖാന്റെ മറുപടിയാണിതെന്നും തരത്തില്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചകള്‍ തുടരുന്നതിനിടയിലാണ് സമീര്‍ വാങ്ക്‌ഡേ കോടതിയെ സമീപിച്ചത്.

SCROLL FOR NEXT