സ്ട്രെയ്ഞ്ചർ തിങ്സ്  
OTT

ഒരു മരണം ഉറപ്പ്! ആരായിരിക്കുമത്? സ്‌ട്രെയ്ഞ്ചര്‍ തിങ്‌സ് സീസണ്‍ 5 ട്രെയിലര്‍ ഡീകോഡ് ചെയ്താല്‍

വെക്‌നയെ ഇല്ലാതാക്കാന്‍ ഇലവനും സംഘത്തിനും സാധിക്കുമോ?

Author : ന്യൂസ് ഡെസ്ക്

ട്രെയിലര്‍ പുറത്തിറങ്ങിയതിനു പിന്നാലെ ദൃശ്യങ്ങള്‍ ഓരോന്നും ഡീകോഡ് ചെയ്‌തെടുക്കുന്ന തിരക്കിലാണ് സ്‌ട്രെയ്ഞ്ചര്‍ തിങ്‌സ് ആരാധകര്‍. കാത്തിരിപ്പിനൊടുവില്‍ പ്രിയ സീരീസിന്റെ അവസാന സീസണ്‍ പുറത്തിറങ്ങുകയാണ്.

മൂന്ന് ഭാഗങ്ങളിലായാണ് അഞ്ചാം സീസണ്‍ എത്തുന്നത്. ഇതില്‍ ആദ്യഭാഗം നവംബര്‍ 26 ന് പുറത്തിറങ്ങും. അഞ്ച് എപ്പിസോഡുകളിലായി എത്തുന്ന ആദ്യ ഭാഗത്തില്‍ ഓരോ എപ്പിസോഡും രണ്ട് മണിക്കൂറോളം ദൈര്‍ഘ്യമുള്ളതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനൊപ്പം പുതിയ ട്രെയിലര്‍ കൂടി പുറത്തിറങ്ങിയതോടെ ചര്‍ച്ചകളും സജീവമായി. വെക്‌നയെ ഇല്ലാതാക്കാന്‍ ഇലവനും സംഘത്തിനും സാധിക്കുമോ? ലക്ഷ്യത്തിലെത്താന്‍ ഒരാളുടെ ജീവന്‍ ബലി നല്‍കേണ്ടി വരുമോ? ഡസ്റ്റിന്‍ മരിക്കുമോ? അങ്ങനെ പല ചോദ്യങ്ങളാണ് ട്രെയിലറിനു താഴെ ആരാധകര്‍ ചോദിക്കുന്നത്.

ട്രെയിലറില്‍ നിന്നും മനസ്സിലാക്കിയെടുത്ത കാര്യങ്ങളും ചര്‍ച്ചയാകുന്നുണ്ട്. വെക്‌നയ്‌ക്കെതിരായ പോരാട്ടത്തില്‍ എല്ലാവരേയും ഒന്നിപ്പിക്കുന്നത് പതിവു പോലെ ഫിന്‍ വോള്‍ഫ്ഹാര്‍ഡിന്റെ കഥാപാത്രമായ മൈക്ക് വീലര്‍ ആയിരിക്കും. അത് ട്രെയിലറില്‍ നിന്നു തന്നെ വ്യക്തമാകുന്നുണ്ട്.

വെക്‌നയെ ഇല്ലാതാക്കാനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നത് മൈക്ക് തന്നെയാണ്. എന്നാല്‍, അതൊരു മണ്ടന്‍ പ്ലാന്‍ ആകരുതെന്നും വലിയ വില കൊടുക്കേണ്ടി വരുമെന്നും മില്ലി ബോബി ബ്രൗണിന്റെ കഥാപാത്രമായ ഇലവന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

അവസാനത്തെ പോരാട്ടത്തില്‍ നിര്‍ണായകമാകുക നോഹ ഷ്‌നാപ്പ് അവതരിപ്പിക്കുന്ന വില്‍ ബയേഴ്‌സ് ആകും. രണ്ട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് അവസാന സീസണില്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എന്താണ് അപ്‌സൈഡ് ഡൗണ്‍? ഒപ്പം വില്‍ യഥാര്‍ത്ഥത്തില്‍ ആരാണ്? വില്ലനോ നായകനോ? ഈ രണ്ട് ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം അവസാന സീസണില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആദ്യ സീസണ്‍ തൊട്ട് ആരാധകരെ സമ്പാദിച്ച ഡസ്റ്റിന്‍ ഹെന്‍ഡേഴ്‌സണ്‍ അവസാന സീസണില്‍ മരിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. ഗേറ്റന്‍ മാറ്റരാസോ അവതരിപ്പിക്കുന്ന ഡസ്റ്റിനെ കൊല്ലരുതെന്ന കമന്റുകള്‍ ട്രെയിലറിനു താഴെ കാണാം. വെക്‌നയ്‌ക്കെതിരെയുള്ള അവാസന പോരാട്ടത്തില്‍ ഇലവന് തന്റെ പ്രിയപ്പെട്ടവരില്‍ ഒരാളെ നഷ്ടപ്പെടുത്തേണ്ടി വരുമോ എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. മുന്‍ സീസണുകളില്‍ പ്രിയങ്കരനായ ജോസഫ് ക്വിന്‍ അവതരിപ്പിച്ച എഡീ മണ്‍സണെ നഷ്ടമായതിന്റെ ആഘാതം ഇതുവരെ അവസാനിച്ചിട്ടില്ലെന്നു കൂടി ആരാധകര്‍ ഓര്‍മിപ്പിക്കുന്നു.

ആരാധകര്‍ കാത്തിരിക്കുന്ന മറ്റൊരു കഥാപാത്രം സാഡീ സിങ്ക് അവതരിപ്പിച്ച മാക്‌സ് കോമയില്‍ നിന്ന് തിരിച്ചുവരുന്നതാണ്. ലൂക്കസിന് മാക്‌സിനെ രക്ഷിക്കാനാകുമോ എന്ന് ട്രെയിലര്‍ കണ്ടിട്ടും ആരാധകര്‍ക്ക് എത്തുംപിടിയും കിട്ടിയിട്ടില്ല.

ഇനി വെക്‌ന തന്നെയാണോ യഥാര്‍ത്ഥ വില്ലന്‍? ആ ചോദ്യവും ബാക്കിയാണ്. വെക്‌നയെ പോലെ തന്നെ ഇലവന്‍ ഭയപ്പെടേണ്ടയാളാണ് ഡോ. കെ. ഡോ. കെയ്‌ക്കൊപ്പം വെക്‌നയും ചേര്‍ന്നാല്‍ ഇലവനും കൂട്ടുകാര്‍ക്കും അത് തടയാനാകുമോ?

SCROLL FOR NEXT