പ്രേക്ഷകര്‍ കാത്തിരുന്ന ഏറ്റവും പുതിയ ചിത്രങ്ങള്‍ ഒടിടിയില്‍ എത്തിയിരിക്കുകയാണ്. മോഹന്‍ലാലിന്റെ 'തുടരും' മുതല്‍ സൂര്യയുടെ 'റെട്രോ' വരെ നീളുന്നു ഈ ആഴ്ച്ച പ്രേക്ഷകര്‍ക്കായി എത്തിയ ഒടിടി റിലീസുകള്‍.
തുടരും
റാന്നിയിലെ ഒരു ഗ്രാമത്തിലെ ഷണ്‍മുഖം എന്ന ടാക്‌സി ഡ്രൈവറുടെ കഥയാണ് 'തുടരും' പറയുന്നത്. മോഹന്‍ലാലാണ് ഷണ്‍മുഖം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രം ഏപ്രില്‍ 25നാണ് തിയേറ്ററിലെത്തിയത്. കെ ആര്‍ സുനിലിന്റെ കഥയ്ക്ക് തിരക്കഥ എഴുതിയിരിക്കുന്നത് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്താണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മോഹന്‍ലാല്‍, ശോഭന എന്നിവര്‍ക്കൊപ്പം പ്രകാശ് വര്‍മ്മ, ബിനു പപ്പു, മണിയന്‍ പിള്ള രാജു, ഫര്‍ഹാന്‍ ഫാസില്‍ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. മെയ് 30 മുതല്‍ ചിത്രം ജിയോ പ്ലസ് ഹോട്ട്‌സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്.
റെട്രോ
കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് സൂര്യ നായകനായി എത്തിയ ചിത്രമാണ് 'റെട്രോ'. മെയ് ഒന്നിനാണ് ചിത്രം തിയേറ്ററിലെത്തിയത്. സൂര്യയുടെ 44-ാമത്തെ ചിത്രമായിരുന്നു റെട്രോ. പേര് പോലെ തന്നെ വിന്റേജ് കാലഘട്ടത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. പൂജ ഹെഗ്ഡെ നായികയായ ചിത്രത്തില്‍ ജോജു ജോര്‍ജ്, ജയറാം, കരുണാകരന്‍, നാസര്‍, പ്രകാശ് രാജ്, സുജിത്ത് ശങ്കര്‍, തരക് പൊന്നപ്പ, തമിഴ്, കൃഷ്ണകുമാര്‍ ബാലസുബ്രഹ്‌മണ്യന്‍, പ്രേം കുമാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാണ്. 2 ഡി എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാണം രാജശേഖര്‍ കര്‍പ്പൂരസുന്ദരപാണ്ഡ്യന്‍, കാര്‍ത്തികേയന്‍ സന്താനം എന്നിവരാണ്. ചിത്രം മെയ് 31 മുതല്‍ നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് ആരംഭിക്കും.
കണ്‍ഖജുര
റോഷന്‍ മാത്യു, മോഹിത് റൈന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചന്ദന്‍ അറോറ സംവിധാനം ചെയ്ത സീരീസാണ് 'കണ്‍ഖജുര'. പ്രശസ്ത ഇസ്രായേലി സീരീസ് ആയ 'മാഗ്‌പൈ'യുടെ ഹിന്ദി അഡാപ്‌റ്റേഷനാണിത്. സീരീസ് മെയ് 30 മുതല്‍ സോണി ലിവ്വില്‍ സ്ട്രീമിംഗ് ആരംഭിക്കും.
ഹിറ്റ് : ദ തേര്‍ഡ് കേസ്
ശൈലേഷ് കോലാനു സംവിധാനം ചെയ്ത 'ഹിറ്റ് 3'യില്‍ നാനിയാണ് നായകന്‍. മെയ് ഒന്നിനാണ് ചിത്രം തിയേറ്ററിലെത്തിയത്. നാനിയുടെ കരിയറിലെ തന്നെ ഏറ്റവും ഹൈപ്പുള്ള ചിത്രമായിരുന്നു ഇത്. ശ്രീനിഥി ഷെട്ടിയാണ് ചിത്രത്തിലെ നായിക. വയലന്‍സിന് പ്രാധാന്യം കൊടുത്ത് ചിത്രീകരിച്ച ആക്ഷന്‍ ത്രില്ലറാണ് ചിത്രം. മെയ് 29ന് ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് ആരംഭിച്ചു.