Tudum 2025 
OTT

Tudum 2025 | സ്‌ട്രേഞ്ചര്‍ തിങ്‌സ്, വെനസ്‌ഡേ, സ്‌ക്വിഡ് ഗെയിം... കാത്തിരുന്ന അപ്‌ഡേറ്റുമായി നെറ്റ്ഫ്‌ളിക്‌സ്

ലേഡി ഗാഗയുടേയും മലയാളികളുടെ സ്വന്തം ഹനുമാന്‍കൈന്‍ഡിന്റേയും പെര്‍ഫോമന്‍സായിരുന്നു ഇവന്റിന്റെ ഹൈലൈറ്റ്

Author : ന്യൂസ് ഡെസ്ക്

സിനിമാ-സീരീസ് ആരാധകര്‍ കാത്തിരുന്ന അപ്‌ഡേറ്റുകളുമായി നെറ്റ്ഫ്‌ള്കിസ് ടുഡും എത്തി. പ്രതീക്ഷിച്ചതു പോലെ ജനപ്രിയ സിനിമകളുടേയും സീരീസുകളുടേയും പുതിയ സീസണുകളും റിലീസ് തീയതിയുമൊക്കെ തന്നെയാണ് നെറ്റ്ഫ്‌ളിക്‌സ് അവതരിപ്പിച്ചിരിക്കുന്നത്.

കാലിഫോര്‍ണിയയിലെ ഇംഗിള്‍വുഡിലുള്ള കിയ ഫോറത്തിലാണ് ടുഡും 2025 നടന്നത്. ഇന്ത്യന്‍ സമയം രാവിലെ 5.30 ന് ആരംഭിച്ച പരിപാടി നെറ്റ്ഫ്‌ളിക്‌സ് ആപ്പിലൂടെ ലോകം മുഴുവനുമുള്ള ആരാധകര്‍ തത്സമയം കണ്ടു. കഴിഞ്ഞ വര്‍ഷം യൂട്യൂബിലൂടെ സ്ട്രീം ചെയ്തിരുന്ന പരിപാടി ഇതാദ്യമായാണ് നെറ്റ്ഫ്‌ള്കിസ് ആപ്പിലൂടെ മാത്രം തത്സമയം സംപ്രേഷണം ചെയ്യുന്നത്.

ലേഡി ഗാഗയുടേയും മലയാളികളുടെ സ്വന്തം ഹനുമാന്‍കൈന്‍ഡിന്റേയും പെര്‍ഫോമന്‍സായിരുന്നു ഇവന്റിന്റെ ഹൈലൈറ്റ്. ഇവന്റില്‍ ലോകമെമ്പാടും ആരാധകരുള്ള നെറ്റ്ഫ്‌ള്കിസ് ഷോകളിലെ അഭിനേതാക്കളും പിന്നണി പ്രവര്‍ത്തകരും എത്തി.

2020 മുതലാണ് നെറ്റ്ഫ്‌ളിക്‌സ് ടുഡും ഇവന്റ് നടത്തി തുടങ്ങിയത്. രണ്ട് മണിക്കൂര്‍ നീണ്ട ഇവന്റില്‍ ജനപ്രിയ സീരീസുകളുടെ ട്രെയിലറുകളും പ്രീമിയര്‍ തീയതികളും പ്രഖ്യാപിച്ചു. ലോകത്തെമ്പാടുമുള്ള ആരാധകര്‍ കാത്തിരുന്ന സ്‌ക്വിഡ് ഗെയിം, സ്‌ട്രേഞ്ചര്‍ തിങ്‌സ് സീരീസുകളുടെ ഫൈനല്‍ സീസണ്‍ ഡേറ്റുകളുമുണ്ട്.

ദക്ഷിണ കൊറിയന്‍ സര്‍വൈവല്‍ ത്രില്ലറായ സ്‌ക്വിഡ് ഗെയിമിന്റെ മൂന്നാമത്തേയും അവസാനത്തേയും ട്രെയിലറാണ് പുറത്തിറങ്ങിയത്. ഇതുവരെ കണ്ടതൊന്നുമല്ല, ഇനി കാണാനിരിക്കുന്നതാണ് യഥാര്‍ഥ ഗെയിം എന്ന് സൂചന നല്‍കുന്നതാണ് ട്രെയിലര്‍. ജൂണ്‍ 27 നാണ് ഫൈനല്‍ സീസണ്‍ പുറത്തിറങ്ങുന്നത്.

ആരാധകര്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന സീരീസാണ് സ്‌ട്രേഞ്ചര്‍ തിങ്‌സ്. സീരീസിന്റെ അഞ്ചാമത്തേയും അവസാനത്തേതുമായ സീസണിന്റെ റിലീസ് ഡേറ്റും പ്രഖ്യാപിച്ചിട്ടുണ്ട്. ഫൈനല്‍ സീസണ്‍ മൂന്ന് ഭാഗങ്ങളായാണ് എത്തുക. ആദ്യ ഭാഗം നവംബര്‍ 26 നും രണ്ടാം ഭാഗം ഡിസംബര്‍ 25 നും മൂന്നാം ഭാഗം ഡിസംബര്‍ 31 നുമാണ് പുറത്തിറങ്ങുന്നത്. ആരാധകരെ ആവേശത്തിലാക്കുന്ന ട്രെയിലറും പുറത്തിറങ്ങിയിട്ടുണ്ട്.

വെനസ്‌ഡേയുടെ രണ്ടാം സീസണാണ് ഇനി വരാനിരിക്കുന്നത്. സീസണ്‍ 2 പ്രഖ്യാപിച്ചതാകട്ടെ സാക്ഷാല്‍ ലേഡി ഗാഗയും. അല്‍പം സ്‌പെഷ്യല്‍ ആയാണ് വെനസ്‌ഡേയുടെ ട്രെയിലര്‍ എത്തിയത്. സീരീസിന്റെ ആദ്യത്തെ ആറ് മിനുട്ടാണ് ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. രണ്ട് ഭാഗങ്ങളിലായാണ് രണ്ടാം ഭാഗം എത്തുക. ആദ്യ ഭാഗം ഓഗസ്റ്റ് 6 നും രണ്ടാം ഭാഗം സെപ്റ്റംബര്‍ 4 നും നെറ്റ്ഫ്‌ളിക്‌സില്‍ എത്തും.

SCROLL FOR NEXT