ENTERTAINMENT

പി. പദ്മരാജന്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; ചന്ദ്രമതി മികച്ച നോവലിസ്റ്റ്, ബാഹുൽ രമേശ് മികച്ച തിരക്കഥാകൃത്ത്

മികച്ച സംവിധായകനായി ‘എക്കോ’ ഒരുക്കിയ ദിൽജിത്ത് അയ്യത്താനെ തെരഞ്ഞെടുത്തു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംവിധായകനും എഴുത്തുകാരനുമായ പി. പദ്മരാജൻ്റെ സ്മരണാർഥം പി. പദ്മരാജൻ ട്രസ്റ്റ് നൽകുന്ന 2025ലെ പുരസ്കകാരങ്ങൾ പ്രഖ്യാപിച്ചു. നോവൽ വിഭാഗത്തിൽ എഴുത്തുകാരി ചന്ദ്രമതിയുടെ ‘ഒഴുകാതെ ഒരു പുഴ’ എന്ന കൃതിക്കാണ് പുരസ്കാരം. 20,000 രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്. ഷനോജ് ആർ ചന്ദ്രന്റെ അരപ്പാതിരിയാണ് മികച്ച ചെറുകഥ. 15,000 രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമാണ് പുരസ്കാരം.

വിസ്മയമാക്സ് യുവസാഹിത്യ പുരസ്കാരത്തിന് എഴുത്തുകാരനും ദേശാഭിമാനി സീനിയർ സബ് എഡിറ്ററുമായ മിഥുൻ കൃഷ്ണ അർഹനായി. ‘അപരസമുദ്ര’ എന്ന നോവലിനാണ് 10,000 രൂപയും ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം. മിഥുൻ കൃഷ്‌ണ കോഴിക്കോട്‌ പേരാമ്പ്ര സ്വദേശിയാണ്‌. എസ്. ഹരീഷ് ചെയർമാനും രാഹുൽ രാധാകൃഷ്ണൻ, പ്രദീപ് പനങ്ങാട് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാര ജേതാക്കളെ നിർണയിച്ചത്.

മികച്ച സംവിധായകനായി ‘എക്കോ’ ഒരുക്കിയ ദിൽജിത്ത് അയ്യത്താനെ തെരഞ്ഞെടുത്തു. 25,000 രൂപയും ശിൽപ്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. എക്കോയുടെ തിരക്കഥാകൃത്ത്‌ ബാഹുൽ രമേശാണ് മികച്ച തിരക്കഥാകൃത്ത്. 15,000 രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. മധുപാൽ ചെയർമാനായും സുലോചന രാം മോഹൻ, വിജയകൃഷ്ണൻ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് ജേതാക്കളെ നിർണയിച്ചത്.

SCROLL FOR NEXT