Parasakthi Vs Jana Nayagan DMK Udhayanidhi Stalin Is Turning Cinema Into A Political Ambush Against Vijay News Malayalam
ENTERTAINMENT

പൊങ്കലിന് തീയറ്ററുകളില്‍ 'രാഷ്ട്രീയ യുദ്ധം': തമിഴകത്ത് വിജയ്‍യും ഉദയനിധിയും നേര്‍ക്കുനേര്‍ !

പൊങ്കല്‍ റിലീസുകളില്‍ പ്രതീകാത്മക പോരാട്ടത്തിൽ ഡി.എം.കെ നേരിട്ടല്ലാതെ വിജയ്ക്കെതിരെ രംഗത്തുണ്ട് എന്നതാണ് കാര്യം.

Author : വിപിന്‍ വി.കെ

നുവരി 9, 10 ദിവസങ്ങള്‍ തമിഴ്നാട്ടിലെ വെള്ളിത്തിരയില്‍ വെറും പൊങ്കല്‍ ഉത്സവകാലം അല്ല, ഒരു രാഷ്ട്രീയ യുദ്ധം കൂടിയാണ് നടക്കാന്‍ പോകുന്നത് . 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള രാഷ്ട്രീയ ദിശ നിർണ്ണയിക്കുന്ന വലിയൊരു പ്രോക്സി വാര്‍ നടക്കും തമിഴ് വെള്ളിത്തിരയില്‍. ഒരു വശത്ത് രാഷ്ട്രീയത്തിൽ സജീവമാകുന്നതിന് മുൻപുള്ള വിജയ്‍യുടെ അവസാന ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന 'ജനനായകൻ'. മറുവശത്ത് ദ്രാവിഡ രാഷ്ട്രീയത്തിന്റെ ആശയം പേറുന്നുവെന്ന് പറയപ്പെടുന്ന 'പരാശക്തി'. ഇത് രണ്ട് സിനിമകൾ തമ്മിലുള്ള മത്സരമല്ല മറിച്ച് രാഷ്ട്രീയ മേൽക്കോയ്മയ്ക്കും പ്രതീകങ്ങൾക്കും വേണ്ടിയുള്ള ഒരു പോരാട്ടമായിരിക്കും എന്നാണ് വിലയിരുത്തലുകള്‍.

തമിഴ് രാഷ്ട്രീയത്തിലെ 'എക്സ് ഫാക്ടർ'

ഈ പോരാട്ടത്തിന്റെ കേന്ദ്രബിന്ദു വിജയ് തന്നെയാണ്. 1967 മുതൽ തമിഴ്‌നാട് ഭരിക്കുന്ന ഡ്രാവിഡ രാഷ്ട്രീയം ആശയമാക്കിയ ഡി.എം.കെ - എ.ഐ.എ.ഡി.എം.കെ പാര്‍ട്ടികളെ അസ്ഥിരപ്പെടുത്തുന്ന 'എക്സ് ഫാക്ടർ' ആണ് ഇന്ന് വിജയ്. തന്റെ പാർട്ടിയായ തമിഴക വെട്രി കഴകവും ഡി.എം.കെയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണ് 2026ലെ തമിഴക തെരഞ്ഞെടുപ്പ് എന്ന് പ്രഖ്യാപിച്ചതിലൂടെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റാൻ താൻ സന്നദ്ധനാണെന്ന് വിജയ് വ്യക്തമാക്കിയിട്ടുണ്ട്.

കരൂരില്‍ ടിവികെ റാലിയില്‍ 42 പേരുടെ മരണം സംഭവിച്ചത് വിജയ്‍യെ താല്‍ക്കാലികമായി ഒന്ന് ക്ഷീണത്തിലാക്കിയെങ്കിലും, തുടര്‍ന്ന് ശക്തമായി സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്ന കാഴ്ചയാണ് കണ്ടത്. ജനനായകന്‍ റിലീസ് ഈ തിരിച്ചുവരവ് ഒരു ഉച്ചസ്ഥായില്‍ എത്തിക്കുകയും, അത് പിന്നീട് മെയ് മാസത്തിലേക്കുള്ള തമിഴ്നാട് ഇലക്ഷനിലേക്ക് മാറ്റാം എന്നുമാണ് ടിവികെ ക്യാമ്പിന്‍റെ പ്രതീക്ഷ.

വിജയ് ഒരു ദ്രാവിഡ രാഷ്ട്രീയ വിരുദ്ധനല്ല, മറിച്ച് ദ്രാവിഡ പ്രത്യയശാസ്ത്രങ്ങളെ അംഗീകരിച്ചുകൊണ്ട് തന്നെ ആ ആശയത്തിന്റെ ഉടമസ്ഥാവകാശം അവകാശപ്പെടുന്ന പാർട്ടികളുടെ ആധിപത്യത്തെ വെല്ലുവിളിക്കുന്നയാളാണ്. അതുകൊണ്ടുതന്നെ അദ്ദേഹം ഡി.എം.കെക്ക് കൂടുതൽ അപകടകാരിയായ എതിരാളിയായി മാറുന്നു. ഒപ്പം പൂര്‍ണ്ണരാഷ്ട്രീയക്കാരനിലേക്കുള്ള മാറ്റത്തിന് മുന്‍പ് അദ്ദേഹം ചെയ്യുന്ന പടവും ഒരു വെല്ലുവിളിയാണ് ഭരണകക്ഷിയായ ഡിഎംകെയ്ക്ക്.

ജനനായകൻ vs പരാശക്തി

വിജയ്‍യുടെ വിടവാങ്ങൽ ചിത്രമായ 'ജനനായകൻ' അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന് കൃത്യമായ അടിത്തറ പാകുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഫസ്റ്റ്ലുക്ക് പോസ്റ്റ് മുതല്‍ അവസാനം ഇറങ്ങിയ പാട്ട് വരെ വ്യക്തമാക്കുന്നത് അതാണ്. മലേഷ്യയില്‍ നടന്ന ചിത്രത്തിന്‍റെ ഓഡിയോ റിലീസില്‍ നടത്തിയ പ്രസംഗത്തില്‍ നേരിട്ടല്ലാതെ വിജയ് പങ്കുവച്ചതും ഈ രാഷ്ട്രീയം തന്നെയാണ്.

ഏറ്റവും അവസാനം 'ഗോട്ട്' ചിത്രത്തില്‍ കാറിന്‍റെ നമ്പര്‍ സിഎം 2026 എന്ന് ആക്കിയതും, ഡാന്‍സ് ചെയ്യാന്‍ എത്തിയ നടിയുടെ സാരി പാര്‍ട്ടി കൊടിയുടെ നിറം നല്‍കിയതും അന്ന് തന്നെ വാര്‍ത്തയായിരുന്നു. എന്തായാലും അഴിമതി നിറഞ്ഞ വ്യവസ്ഥിതിക്കെതിരെ പോരാടുന്ന വീരനായകന്‍റെ കഥ പറയുന്ന ഈ ചിത്രം വിജയ് എന്ന രാഷ്ട്രീയക്കാരന്‍റെ അവതരണം കൂടിയായി മാറിയേക്കാം എന്നാണ് വിവരം. നേരത്തെ ശരിക്കും ജനനായകന്‍ നിര്‍മ്മിക്കാന്‍ തമിഴ് പ്രൊഡക്ഷന്‍ കമ്പനികള്‍ ഒന്നും തയ്യാറായില്ല എന്ന വിവരം വന്നിരുന്നു. ഒടുവില്‍ കര്‍ണാടകയിലെ കെവിഎന്‍ പ്രൊഡക്ഷനാണ് ഈ ചിത്രം ഏറ്റെടുത്തത് എന്നാണ് പുറത്തുവന്ന വിവരം.

എന്നാൽ പൊങ്കല്‍ റിലീസുകളില്‍ പ്രതീകാത്മക പോരാട്ടത്തിൽ ഡി.എം.കെ നേരിട്ടല്ലാതെ വിജയ്ക്കെതിരെ രംഗത്തുണ്ട് എന്നതാണ് കാര്യം. ശിവകാർത്തികേയനെ നായകനാക്കി സുധാ കൊങ്കര സംവിധാനം ചെയ്യുന്ന 'പരാശക്തി'യിലൂടെയാണ് അവർ വിജയ്‍ക്ക് മറുപടി നൽകാന്‍ ഉദ്ദേശിക്കുന്നത് എന്നാണ് വിവരം.

1952-ൽ കരുണാനിധിയുടെ തിരക്കഥയിൽ പുറത്തിറങ്ങിയ 'പരാശക്തി' തമിഴകത്തെ ഇളക്കിമറിച്ച ദ്രാവിഡ രാഷ്ട്രീയത്തിന്‍റെ വിളംബരമായിരുന്നു. പുതിയ ചിത്രം ആ ചിത്രത്തോട് പേരില്‍ മാത്രമാണ് സാമ്യം എങ്കിലും, ചിത്രത്തിലെ ചില രംഗങ്ങള്‍ ദ്രാവിഡ രാഷ്ട്രീയ സംഭവങ്ങളെ ഓര്‍മ്മിപ്പിക്കും എന്നാണ് വിവരം. തമിഴ്നാട്ടിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭം അടക്കം ചിത്രത്തിന്‍റെ പാശ്ചത്തലമാണ് എന്നാണ് വിവരം.

തന്ത്രപരമായ നീക്കങ്ങൾ

തമിഴ്നാട്ടിലെ ഡെപ്യൂട്ടി മുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍റെ മകൻ ഇൻബൻ സി.ഇ.ഒ ആയ റെഡ് ജയിന്‍റ് മൂവീസ് ആണ് 'പരാശക്തി' വിതരണം ചെയ്യുന്നത്. ജനുവരി 14 ന് നേരത്തെ റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം ജനുവരി 10-ലേക്ക് മാറ്റിയത് വിജയ്‍യുടെ സിനിമയ്‌ക്കെതിരെയുള്ള തന്ത്രപരമായ നീക്കമായി വിലയിരുത്തപ്പെടുന്നുണ്ട്.

അടുത്തിടെ ഈറോഡ് റാലിയിൽ ഡി.എം.കെയെ തിന്മയുടെ ശക്തി എന്ന് വിജയ് വിശേഷിപ്പിച്ചതിനുള്ള മറുപടിയായാണ് ഈ റിലീസ് മാറ്റത്തെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. വിജയ്‍യുടെ ബോക്സോഫീസ് മേധാവിത്വത്തെ വെല്ലുവിളിക്കാന്‍ ഇന്ന് തമിഴകത്ത് മറ്റൊരു താരം ഇല്ലെന്നത് നേരാണ്. പക്ഷെ ഡിഎംകെ ഭരണകാലത്ത് തമിഴ് സിനിമയില്‍ എന്താണ് റെഡ് ജയിന്‍റ് മൂവീസ് എന്നത് പ്രത്യേകം പറയേണ്ടതില്ല. തമിഴകത്തെ ചലച്ചിത്രം വിതരണ മേഖലയുടെ കുത്തകാവകാശം അവര്‍ക്കാണ് എന്ന രീതിയിലാണ് പ്രവര്‍ത്തനം. തമിഴകത്ത് തന്നെ ചലച്ചിത്ര മേഖലയിലെ ചുരുക്കം ചിലര്‍ മാത്രമാണ് ഇതിനെ ചോദ്യം ചെയ്ത് രംഗത്ത് വന്നിട്ടുള്ളത്.

അതിനാല്‍ തന്നെ തമിഴകത്തെ ഒട്ടുമിക്ക റിലീസിംഗ് സെന്‍ററുകളിലും ആധിപത്യമുള്ള റെഡ് ജൈന്‍റ് റിലീസിന് എന്തൊക്കെ ചെയ്യും എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. 'പരാശക്തി' ബോക്‌സ് ഓഫീസിൽ വിജയ്‍യുടെ കളക്ഷനെ ബാധിക്കുന്നുണ്ടോ എന്നതിനേക്കാൾ, ഡി.എം.കെയുടെ രാഷ്ട്രീയമായ വെല്ലുവിളി ഏറ്റെടുക്കാൻ വിജയ് തയ്യാറാണോ എന്നതാണ് പ്രധാനം. ഈ മത്സരം തമിഴ് സിനിമാ വ്യവസായത്തിനുള്ളിലും വലിയ ചലനങ്ങൾ സൃഷ്ടിക്കും. തിയേറ്ററുകൾക്ക് വേണ്ടിയുള്ള പോരാട്ടം ഉദയനിധി സ്റ്റാലിനും വിജയിയും തമ്മിലുള്ള വ്യക്തിപരമായ മത്സരമായി മാറാൻ സാധ്യതയുണ്ട്.

സെൻസർ ബോർഡ് 'പരാശക്തി'ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് കേന്ദ്രസർക്കാർ വിജയ്‍യെ സഹായിക്കുന്നതിന്‍റെ തെളിവാണ് എന്ന ആരോപണം ഡിഎംകെ ഐടി സൈല്‍ വഴിയും മറ്റും വരുന്നുണ്ട്. ചുരുക്കത്തിൽ, ഈ പൊങ്കല്‍ തമിഴ്‌നാടിന് വെറുമൊരു സിനിമാ ഉത്സവമല്ല. വരാനിരിക്കുന്ന 2026-ലെ വലിയ രാഷ്ട്രീയ യുദ്ധത്തിന്റെ തിരനോട്ടമാണ്.'

SCROLL FOR NEXT