പരേഷ് റാവൽ Source: ANI
ENTERTAINMENT

"ഗുജറാത്ത് പാകിസ്ഥാനിൽ ആണോ?" ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ വേദി മാറ്റത്തെ പിന്തുണച്ച് പരേഷ് റാവൽ

പതിവായി ഡൽഹിയിൽ നടക്കാറുള്ള ചടങ്ങ് ഗുജറാത്തിലേക്ക് മാറ്റിയതിനെതിരെ വിമർശനം ഉയർന്നിരുന്നു

Author : ന്യൂസ് ഡെസ്ക്

72ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങ് ഡൽഹിയിൽ നിന്ന് ഗുജറാത്തിലേക്ക് മാറ്റിയ തീരുമാനത്തെച്ചൊല്ലിയുള്ള വിവാദങ്ങളിൽ രൂക്ഷമായ പ്രതികരണവുമായി മുതിർന്ന നടൻ പരേഷ് റാവൽ. ഗുജറാത്ത് നമ്മുടെ രാജ്യത്തിന്റെ തന്നെ ഭാഗമാണെന്നും പിന്നെന്തുകൊണ്ട് അവിടെ ചടങ്ങ് നടത്തിക്കൂടായെന്നുമാണ് നടന്റെ ചോദ്യം.

"ഗുജറാത്ത് ബംഗ്ലാദേശിലോ പാകിസ്ഥാനിലോ ആണോ? ഗുജറാത്ത് നമ്മുടെ രാജ്യത്തിന്റെ തന്നെ ഭാഗമാണ്. പിന്നെന്തുകൊണ്ട് അവിടെ ചടങ്ങ് നടത്തിക്കൂടാ?" വാർത്താ ഏജൻസിയായ എ.എൻ.ഐയോട് സംസാരിക്കവെ പരേഷ് റാവൽ ചോദിച്ചു. ഇത്തരം ദേശീയ പ്രാധാന്യമുള്ള ചടങ്ങുകൾ കേവലം ഡൽഹിയിൽ മാത്രം ഒതുങ്ങിനിൽക്കാതെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും നടക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പതിവായി ഡൽഹിയിൽ നടക്കാറുള്ള ചടങ്ങ് ഗുജറാത്തിലേക്ക് മാറ്റിയതിനെതിരെ ചില സിനിമാ പ്രവർത്തകരും രാഷ്ട്രീയ നേതാക്കളും ചോദ്യങ്ങൾ ഉയർത്തിയിരുന്നു. രാജ്യത്തെ പ്രധാന പരിപാടികളും ചടങ്ങുകളുമെല്ലാം ഗുജറാത്തിൽവച്ച് നടത്തുന്നുവെന്നായിരുന്നു പ്രധാന ആരോപണം. എന്നാൽ 'ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്' എന്ന ആശയത്തിന്റെ ഭാഗമായാണ് പുരസ്കാര ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് കൊണ്ടുപോകുന്നതെന്നാണ് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ വിശദീകരണം. വരും വർഷങ്ങളിൽ പുരസ്കാര വിതരണച്ചടങ്ങ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കാൻ നയപരമായി തീരുമാനമെടുത്തതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ഗുജറാത്തിലെ കേവാഡിയയിലാകും 72ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം നടക്കുക. സെപ്റ്റംബർ 22ന് നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു പുരസ്‌കാരങ്ങൾ സമ്മാനിക്കും. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സർദാർ വല്ലഭ്ഭായി പട്ടേലിന്റെ പ്രതിമ (സ്റ്റാച്യൂ ഓഫ് യൂണിറ്റി) സ്ഥിതി ചെയ്യുന്ന സ്ഥലമാണ് കെവാഡിയ.

1971ൽ ചെന്നൈയിൽ വച്ച് നടന്ന 17ാമത് പുരസ്കാര ചടങ്ങിന് ശേഷം ആദ്യമായാണ് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഡൽഹിക്ക് പുറത്തൊരു സംസ്ഥാനത്ത് വച്ച് നടക്കുന്നത്.

SCROLL FOR NEXT