കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ അവസാനമായി കാണാൻ കണ്ടനാട്ടെ വീട്ടിലെത്തി പാർവതി തിരുവോത്തും നടൻ പൃഥ്വിരാജും സംവിധായകൻ രാജസേനനും. ശ്രീനിവാസനെ നമ്മൾ എക്കാലവും ആഘോഷിച്ചിട്ടുണ്ടെന്ന് പാർവതി തിരുവോത്ത് പറഞ്ഞു. സിനിമാ മേഖലയിലുള്ളവർ മാത്രമല്ല എല്ലാവരും അദ്ദേഹത്തെ ആഘോഷിച്ചു. ശ്രീനിവാസൻ നൽകിയ സംഭാവനകൾ സിനിമകളിൽ മാത്രമല്ല, വ്യക്തികൾ എന്ന നിലയിലും അത് മറക്കാൻ പറ്റാത്തതാണ്. അതിൽ നിന്നും പ്രചോദനം ഉൾക്കൊള്ളുന്നു. എല്ലാത്തിനും അദ്ദേഹത്തോട് നന്ദി പറയുന്നുവെന്നും പാർവതി പറഞ്ഞു.
40 വർഷത്തെ ഹൃദയബന്ധം ശ്രീനിവാനുമായി ഉണ്ടായിരുന്നതായി സംവിധായകൻ രാജസേനനും പറഞ്ഞു. ഒരു അൽഭുത പ്രതിഭാസമായിരുന്നു ശ്രീനിവാസൻ്റെ എഴുത്ത്. മലയാള സിനിമയുടെ എല്ലാം എല്ലാം ആണ് അദ്ദേഹം. ഏത് ചരിത്രത്തിലും മലയാള സിനിമയുടെ ഭാഗം വരുമ്പോൾ ശ്രീനിവാസൻ്റെ ഭാഗം വലുത് തന്നെയായിരിക്കുമെന്നും വിധായകൻ രാജസേനൻ പറഞ്ഞു.
അസുഖബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്ന ശ്രീനിവാസന്‍ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. തൃപ്പുണിത്തറ ഉദയംപേരൂരിലെ വീട്ടിലായിരുന്ന ശ്രീനിവാസനെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. തുടർന്ന് ടൗൺ ഹാളിൽ വൈകീട്ട് വരെ പൊതുദർശനത്തിന് വച്ചിരുന്നു. മുഖ്യമന്ത്രിയും മമ്മൂട്ടിയും മോഹന്‍ലാലും ഉൾപ്പെടെയുള്ളവർ ശ്രീനിവാസനെ കാണാൻ എത്തിയിരുന്നു. രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുള്‍പ്പടെ ആയിരങ്ങള്‍ അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിച്ചു.
ഇന്ന് രാവിലെ പത്ത് മണിക്ക് കണ്ടനാട്ടെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെയാണ് ശ്രീനിവാസന്റെ സംസ്‌കാരം. അഭിനയജീവിതത്തില്‍ സുപ്രധാന നിമിഷങ്ങളില്‍ ഒപ്പം നിന്ന പ്രിയപ്പെട്ടവന് സമീപം ഒന്നിച്ചഭിനയിച്ച മുഹൂര്‍ത്തങ്ങളുടെ പൊള്ളുന്ന ഓര്‍മകളുമായി ഇരുവരും.