കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിർണായക വിധി പറയുന്ന ദിനമാണിന്ന്. ആറ് വർഷത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് വിധിവരുന്നത്. നടൻ ദിലീപ് എട്ടാം പ്രതിയായ കേസ് സിനിമാ മേഖലിയിൽ വലിയ മാറ്റങ്ങൾക്ക് കാരണമായ സംഭവമായിരുന്നു. ഈ ദിവസം അവൾക്കൊപ്പമാണെന്ന നിലപാട് ഒന്നുകൂടി ഉറപ്പിച്ച് പറയുകയാണ് നടി പാർവതി തിരുവോത്ത്.
"ഒരു ദൈവം ഉണ്ടെങ്കിൽ, അതിന്റെ തെളിവിന് ഇന്ന് ഒരു നല്ല ദിവസമാണ്. കുറഞ്ഞപക്ഷം മനുഷ്യത്വത്തിനെങ്കിലും," പാർവതി തിരുവോത്ത് കുറിച്ചു. അവൾക്കൊപ്പം എന്നും നടി കുട്ടിച്ചേർത്തു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടിയുടെ പ്രതികരണം.
കഴിഞ്ഞ ദിവസം, അതിജീവിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് വുമൺ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യൂസിസി)യും സമൂഹമാധ്യമത്തിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല എന്നാണ് ഡബ്ല്യൂസിസി പങ്കുവച്ച പോസ്റ്റിൽ പറയുന്നത്. നീതിക്കായുള്ള 3215 ദിവസത്തെ കാത്തിരിപ്പാണെന്നും ഡബ്ല്യൂസിസി അവൾക്കൊപ്പവും ഇത് കാണുന്ന അതിജീവിതകൾക്ക് ഒപ്പവുമാണെന്നും ഡബ്ല്യൂസിസിയുടെ പോസ്റ്റിൽ പറയുന്നു.
ബലാത്സംഗത്തിന് ക്വട്ടേഷൻ കൊടുത്തുവെന്നതിലൂടെ കുപ്രസിദ്ധി നേടിയ കേസിൽ നടൻ ദിലീപ് അടക്കം പത്ത് പേരാണ് പ്രതികൾ. പൾസർ സുനി എന്ന സുനിൽ കുമാർ ആണ് ഒന്നാം പ്രതി. എറണാകുളം സെഷൻസ് ജഡ്ജി ഹണി എം. വർഗീസാണ് ശിക്ഷ വിധിക്കുക. 2017 ഫെബ്രുവരി 17ന് ഷൂട്ടിങ്ങിനായി തൃശൂരിൽ നിന്ന് കൊച്ചിക്ക് വരും വഴിയായിരുന്നു നടിക്ക് നേരെ ആക്രമണം ഉണ്ടായത്. കാർ തടഞ്ഞുനിർത്തി അതിക്രമിച്ചുകയറിയ പൾസർ സുനിയും സംഘവും നടിയെ ശാരീരികമായി ഉപദ്രവിക്കുകയും അപകീർത്തികരമായ ചിത്രങ്ങളും വീഡിയോകളും പകർത്തുകയുമായിരുന്നു.