ഓമി‌ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി Source: Instagram / _diyakrishna_
ENTERTAINMENT

ഓമിയെ താലോലിച്ച് മോദി; 'ക്യൂട്ട് ബേബി' ആരെന്ന് തിരഞ്ഞ് സോഷ്യൽ മീഡിയ; ഫാൻ മൊമെന്റ് എന്ന് ദിയ

ഓമിയെ പ്രധാനമന്ത്രി മോദി ലാളിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ജനിച്ച ദിവസം മുതൽ സോഷ്യൽ മീഡിയയിൽ സ്റ്റാർ ആണ് നിയോം ആശ്വിൻ കൃഷ്ണ എന്ന ഓമി - സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും സംരംഭകയുമായ ദിയ കൃഷ്ണകുമാറിന്റെയും അശ്വിൻ ഗണേഷിന്റെയും മകൻ. നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് സുപരിചതയായ ദിയ കഴിഞ്ഞ ദിവസം ഓമിയുടെ ചില ചിത്രങ്ങൾ പങ്കുവച്ചിരുന്നു. ഓമിയെ ഒരാൾ കൈകളിൽ എടുത്ത് സ്നേഹത്തോടെ ഓമനിക്കുന്ന ചിത്രങ്ങൾ. മറ്റാരുമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദി!

നിയോമിനെ പ്രധാനമന്ത്രി മോദി ലാളിക്കുന്ന ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഓമിക്കൊപ്പമുള്ള ചിത്രം പ്രധാനമന്ത്രിയും തന്റെ ഔദ്യോഗിക പേജിൽ പങ്കുവച്ചിട്ടുണ്ട്. 'ഇന്നലെ 7, ലോക് കല്യാൺ മാർഗിൽ വന്ന ഒരു യുവ സുഹൃത്തിനൊപ്പം,' എന്ന അടിക്കുറിപ്പോടെയാണ് മോദി ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ചിത്രത്തിലെ കുട്ടി ആരാണെന്ന് തിരഞ്ഞ് നിരവധി പേരാണ് കമന്റ് ബോക്സിലെത്തുന്നത്. ഇത് ദിയ കൃഷ്ണയുടെ മകൻ ഓമിയാണെന്ന് ചില മലയാളികൾ മറുപടിയും നൽകുന്നുണ്ട്.

കൃഷ്ണകുമാറും, ഭാര്യ സിന്ധു കൃഷ്ണയും മക്കള്‍ അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരും മരുമകന്‍ അശ്വിനും കൊച്ചുമകന്‍ ഓമിയുമാണ് പ്രധാനമന്ത്രിയെ കാണാന്‍ എത്തിയത്. ഒരു മണിക്കൂർ നീണ്ട ഈ സന്ദർശനത്തിൽ ഓമിയായിരുന്നു താരം.

"എന്റെ ജീവിതത്തിലെ ഏറ്റവും വലിയ 'ഫാൻ മൊമെന്റ്'! ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയോടൊപ്പം ചിലവഴിച്ച ആ ഒരു മണിക്കൂറിന്റെ സന്തോഷത്തിൽ നിന്നും ആരെങ്കിലും എന്നെ ഒന്ന് ഉണർത്തിയിരുന്നെങ്കിൽ എന്ന് ഞാൻ ഇപ്പോഴും ആഗ്രഹിച്ചുപോവുകയാണ്. എനിക്കും എന്റെ കുടുംബത്തിനും ഒരിക്കലും മറക്കാനാവാത്ത ഒരു ദിവസമാണിന്ന്. ഇത് സാധ്യമാക്കിയ അച്ഛന് ഒരുപാട് നന്ദി!," എന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ദിയ കുറിച്ചത്.

SCROLL FOR NEXT