പ്രകാശ് രാജ്, 'ധുരന്ധർ: ദ റിവഞ്ച്' സിനിമ 
ENTERTAINMENT

"കടപ്പാടുകളുടെ ലക്ഷണങ്ങൾ തെക്കോട്ടും വ്യാപിക്കുന്നു"; 'ധുരന്ധർ 2'വിനെ പ്രശംസിച്ച് തെലുങ്ക് താരങ്ങൾ, വിമർശിച്ച് പ്രകാശ് രാജ്

ആദിത്യ ധർ സംവിധാനം ചെയ്ത സ്പൈ ത്രില്ലർ മാർച്ച്19നാണ് ആഗോളതലത്തിൽ റിലീസ് ആയത്

Author : ന്യൂസ് ഡെസ്ക്

'ധുരന്ധർ: ദ റിവഞ്ച്' എന്ന ചിത്രത്തെ പ്രശംസിച്ചുകൊണ്ട് തെലുങ്കിലെ പ്രമുഖ താരങ്ങൾ രംഗത്തെത്തിയതിനെ ചോദ്യം ചെയ്ത് നടൻ പ്രകാശ് രാജ്. പ്രൊപ്പഗാണ്ടയുടെ ഭാഗമാണെന്ന വിമർശനം നേരിടുന്ന സിനിമയെ താരങ്ങൾ പ്രശംസ കൊണ്ട് മൂടുന്നത് കടപ്പാടുകൾ കാരണമാണെന്നാണ് നടന്റെ പരിഹാസം. ആദിത്യ ധർ സംവിധാനം ചെയ്ത ഈ സ്പൈ ത്രില്ലർ ചിത്രം മാർച്ച്19നാണ് ആഗോളതലത്തിൽ റിലീസ് ആയത്.

ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് പ്രകാശ് രാജ് താരങ്ങൾക്ക് എതിരെ വിമർശനം ഉന്നയിച്ചത്. 'അല്ലു അർജുൻ, വിജയ് ദേവരകൊണ്ട, ജൂനിയർ എൻടിആർ, മഹേഷ് ബാബു എന്നിവർ 'ധുരന്ധർ 2'വിനെ പ്രശംസിച്ചു. എന്നാൽ, ഏതൊക്കെ ബോളിവുഡ് താരങ്ങൾ ട്വീറ്റ് ചെയ്തു?' എന്ന എക്സ് പോസ്റ്റ് പങ്കുവച്ചുകൊണ്ടാണ് പ്രകാശ് രാജ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. "കടപ്പാടുകളുടെ ലക്ഷണങ്ങൾ തെക്കോട്ടും വ്യാപിക്കുന്നു," എന്നാണ് ഈ പോസ്റ്റിനൊപ്പം നടൻ കുറിച്ചത്.

മറ്റൊരു പോസ്റ്റിൽ 'ഹം ദോനോ' എന്ന സിനിമയിലെ 'അഭി നാ ജാവോ ചോഡ് കർ' എന്ന ഗാനം കേൾക്കുന്ന വീഡിയോ പങ്കുവച്ച് താൻ 'ധുരന്ധറിൽ' നിന്നും വളരെ അകലെയാണെന്നും പ്രകാശ് രാജ് കുറിച്ചു.

രൺവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ 2'വിനെ പ്രശംസിച്ച് നിരവധി പ്രമുഖ തെലുങ്ക് താരങ്ങളാണ് രംഗത്തെത്തിയത്. മഹേഷ് ബാബു, അല്ലു അർജുൻ, വിജയ് ദേവരകൊണ്ട, ജൂനിയർ എൻടിആർ തുടങ്ങിയ ദക്ഷിണേന്ത്യൻ സൂപ്പർ താരങ്ങൾ ചിത്രത്തിന്റെ പ്രിവ്യൂ ഷോകൾക്കും ആദ്യ പ്രദർശനങ്ങൾക്കും ശേഷം മികച്ച അഭിപ്രായങ്ങളാണ് പങ്കുവച്ചത്. ആദിത്യ ധറിന്റെ സംവിധാന മികവിനെ പ്രശംസിച്ച താരങ്ങൾ രൺവീർ സിംഗിന്റെ പ്രകടനത്തെയും വാനോളം പുകഴ്ത്തി.

ഇവർക്ക് പുറമേ, അനന്യ പാണ്ഡെ, കാർത്തിക് ആര്യൻ, സിദ്ധാർത്ഥ് മൽഹോത്ര തുടങ്ങിയ ബോളിവുഡ് താരങ്ങളും ചിത്രത്തെ അഭിനന്ദിച്ചു. സിനിമയിലെ രൺവീർ സിംഗിന്റെ പ്രകടനം ദേശീയ അവാർഡ് അർഹിക്കുന്നുവെന്നാണ് സംവിധായകൻ മധുർ ഭണ്ഡാക്കർ അഭിപ്രായപ്പെട്ടത്.

അതേസമയം, സിനിമ പ്രൊപ്പഗാണ്ടയുടെ ഭാഗമാണെന്ന വിമർശനം ശക്തമാണ്. നോട്ട് നിരോധനം ഉൾപ്പെടെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ നയങ്ങളെ മഹത്വവത്കരിക്കുകയാണ് ചിത്രം എന്നാണ് വിമർശനം. 'നന്നായി നിർമിക്കപ്പെട്ട പ്രൊപ്പഗണ്ട കൂടുതൽ അപകടകരമാണ്' എന്ന് താൻ പറഞ്ഞത് ഓർമിപ്പിച്ചുകൊണ്ടാണ് പ്രമുഖ യൂട്യൂബർ ധ്രുവ് റാഠി സിനിമയ്‌ക്കെതിരെ രംഗത്തെത്തിയത്.

ബി62 സ്റ്റുഡിയോ നിർമിച്ച 'ധുരന്ധർ 2' ജിയോ സ്റ്റുഡിയോ ആണ് അവതരിപ്പിക്കുന്നത്. ചിത്രം രചിച്ചതും സംവിധായകൻ ആദിത്യ ധർ തന്നെയാണ്. ജ്യോതി ദേശ്പാണ്ഡെയും ലോകേഷ് ധറും ആദിത്യ ധറും ചേർന്നാണ് ഈ മെഗാ മാസ് ആക്ഷൻ സ്പൈ ത്രില്ലർ നിർമിച്ചിരിക്കുന്നത്. രൺവീർ സിംഗിനൊപ്പം അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, മാധവൻ, അക്ഷയ് ഖന്ന, സാറ അർജുൻ, രാകേഷ് ബേദി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

SCROLL FOR NEXT