കൊച്ചി: പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമ്മൂടും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് 'ജന ഗണ മന'. 'ക്വീന്‍' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പൃഥ്വിരാജ് തന്നെ ഇത്തരത്തിൽ സൂചനകൾ തന്നിരുന്നു. എന്നാൽ, പിന്നീട് ഇതിൽ അപ്ഡേറ്റുകളൊന്നും പുറത്തുവന്നിരുന്നില്ല. ഇപ്പോഴിതാ, ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ടൊവിനോ ചിത്രം 'പള്ളിച്ചട്ടമ്പി'യുടെ പ്രസ് മീറ്റിൽ 'ജന ഗണ മന 2'വിനെപ്പറ്റി മനസുതുറന്നിരിക്കുകയാണ് പൃഥ്വിരാജ്.
"ജന ഗണ മന സിനിമയുടെ ഷൂട്ടിങ് സമയത്ത് തന്നെ ഷാരിസും ഡിജോയും എന്നോട് അതിന്റെ രണ്ടാം ഭാഗത്തിന്റെ ഐഡിയ പറഞ്ഞിരുന്നു. അങ്ങനെ ഒരു ഐഡിയ അവർ പറയാതെ ഞാൻ വന്നിരുന്നു പറയില്ലല്ലോ. ഞാൻ എഴുതുകയോ സംവിധാനം ചെയ്യുകയോ ചെയ്ത സിനിമ അല്ലല്ലോ അത്; നിർമിക്കുക മാത്രമാണ് ചെയ്തത്. ജന ഗണ മനയുടെ രണ്ടാം ഭാഗത്തേക്കാൾ അരവിന്ദ് സ്വാമിനാഥന്റെ (പൃഥ്വിരാജ് കഥാപാത്രം) കഥയെന്ന തരത്തിൽ ആണ് അവർ എന്നോട് പറഞ്ഞത്. എന്നോട് പത്ത് മിനുട്ട് കൊണ്ട് പറഞ്ഞ സാധനം എനിക്ക് വളരെ രസകരമായി തോന്നിയിരുന്നു. അതിനി തിരക്കഥയായി എഴുതി വരണം", എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.
സിനിമയുടെ ജോലികൾ നടക്കുകയാണ് എന്നായിരുന്നു ഡിജോ ജോസ് ആന്റണിയുടെ പ്രതികരണം. സുപ്രിയ മേനോനും, ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് 'ജന ഗണ മന' നിര്‍മിച്ചത്. പൃഥ്വിരാജിനും സുരാജ് വെഞ്ഞാറമ്മൂടിനുമൊപ്പം ധ്രുവന്‍, ശാരി, ഷമ്മി തിലകന്‍, രാജ കൃഷ്ണമൂര്‍ത്തി, പശുപതി, അഴകം പെരുമാള്‍, ഇളവരശ്, വിനോദ് സാഗര്‍, വിന്‍സി അലോഷ്യസ്, മിഥുന്‍, ഹരി കൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്.
അതേസമയം, ടൊവിനോ തോമസ് നായകനായ 'പള്ളിച്ചട്ടമ്പി'യിലെ പൃഥ്വിരാജിന്റെ അതിഥി വേഷത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പട്ടേലർ കുഞ്ഞമ്പു നമ്പ്യാർ എന്ന കഥാപാത്രമായാണ് പൃഥ്വി ചിത്രത്തിൽ എത്തുന്നത്. 1957-58 കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിലെ ഒരു കാർഷിക ഗ്രാമത്തിൽ നടക്കുന്ന കഥയാണ് ചിത്രത്തിൽ പ്രതിപാദിക്കുന്നത്. കയാദു ലോഹർ ആണ് നായിക.