മലയാളികളുടെ പ്രിയങ്കരരായ പൃഥ്വിരാജ് സുകുമാരൻ - സുപ്രിയ മേനോൻ ദമ്പതികളുടെ മകൾ അലംകൃതയുടെ പന്ത്രണ്ടാം ജന്മദിനമാണിന്ന്. അലംകൃതയുടെ സ്വകാര്യതയ്‌ക്ക് പ്രാധാന്യം നൽകുന്ന ദമ്പതികൾ പൊതുവേ മകളുടെ മുഖം വ്യക്തമാക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറില്ല. എന്നാൽ, ഇത്തവണ പതിവുതെറ്റിച്ചുകൊണ്ട് മകളുടെ മനോഹരമായ ചിത്രങ്ങൾക്കൊപ്പം ഹൃദ്യമായ പിറന്നാൾ ആശംസാക്കുറിപ്പുകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് ഇരുവരും.
"ഹാപ്പി ബർത്ത്ഡേ സൺഷൈൻ! നീ ആയിരിക്കുന്ന വ്യക്തിയിലും നീ വളർന്നുവരുന്ന രീതിയിലും മമ്മയ്ക്കും ഡാഡയ്ക്കും ഒരുപാട് അഭിമാനമുണ്ട്. ചുറ്റുമുള്ള ലോകത്തോടുള്ള നിന്റെ കരുണ ഞങ്ങൾക്ക് എന്നും പ്രചോദനമാണ്. നിന്റെതായ രീതിയിൽ ജീവിച്ചുകൊണ്ട് തന്നെ ജീവിതത്തെക്കുറിച്ച് ഒട്ടനേകം കാര്യങ്ങളാണ് പലപ്പോഴും നീ മമ്മയെയും ദാദയെയും പഠിപ്പിച്ചത്! ഇനിയും ഉയരങ്ങളിലേക്ക് പറക്കുക.. ഇതുപോലെ ജീവിതത്തെ എന്നും സ്നേഹിക്കുക!," എന്നാണ് ജന്മദിനാശംസയായി പൃഥ്വിരാജ് കുറിച്ചത്.
അലംകൃതയ്ക്ക് 12 വയസായെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് കുറിച്ച സുപ്രിയ, മകളുടെ കുസൃതിയും നല്ല ഗുണങ്ങളും തന്റെ ആശംസാ കുറിപ്പിൽ എടുത്തുപറയുന്നു. "12ാം പിറന്നാൾ ആശംസകൾ അല്ലിക്കുട്ടി! നീ ഇത്രയും വലുതായെന്ന് വിശ്വസിക്കാൻ പോലുമാകുന്നില്ല! ആശുപത്രിയിൽ നിന്ന് നിന്നെ വീട്ടിലേക്ക് കൊണ്ടുവന്നത് ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു. നീ നല്ല മകളാണ്; ഞങ്ങളുടെ ഏറ്റവും നല്ല ഗുണങ്ങളെല്ലാം നിനക്കുണ്ടെന്ന് എനിക്ക് തോന്നാറുണ്ട് (നിന്റെ ആ കുസൃതിയും എതിർത്തുപറച്ചിലുമൊക്കെ ആരിൽ നിന്നാണ് കിട്ടിയതെന്ന് എനിക്ക് പ്രത്യേകം പറയേണ്ടതില്ലല്ലോ!). എപ്പോഴും ദയയുള്ളവളും സ്നേഹമുള്ളവളും സഹാനുഭൂതിയുള്ളവളുമായിരിക്കുക, കാരണം ഈ ലോകം ശരിക്കും ഒരു സർക്കസാണ്! നീ ആയിരിക്കുന്ന വ്യക്തിയിലും നീ വളർന്നുവരുന്ന രീതിയിലും മമ്മയ്ക്കും ദാദയ്ക്കും ഒരുപാട് അഭിമാനമുണ്ട്! ഒരുപാട് സ്നേഹം!," എന്നാണ് സുപ്രിയ കുറിച്ചത്.
2014 സെപ്റ്റംബർ എട്ടിനാണ് അലംകൃതയുടെ ജനനം. എഴുത്തിലും വായനയിലും അതീവ താൽപ്പര്യമുള്ള അല്ലി 'ദ ബുക്ക് ഓഫ് എൻചാന്റിങ് പോയംസ്' എന്ന പേരിൽ ഒരു കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിസാം ബഷീർ സംവിധാനം ചെയ്ത 'ഐ, നോബഡി' എന്ന ചിത്രത്തിലൂടെ ഗായികയായും അലംകൃത അരങ്ങേറിയിരുന്നു. ജേക്സ് ബിജോയ് ഈണമിട്ട 'സർക്കസ്' എന്ന ഗാനമാണ് അലംകൃത പാടിയത്.