'ഭൂത് ബംഗ്ല' ആദ്യ ഗാനം  
ENTERTAINMENT

പ്രേതങ്ങളെ 'വേർതിരിച്ച്' അക്ഷയ് കുമാർ; ചർച്ചയായി പ്രിയദർശൻ ചിത്രം 'ഭൂത് ബംഗ്ല' ആദ്യ ഗാനം

പ്രേതങ്ങളെ നിറം, ലിംഗം, ഉയരം എന്നിവയുടെ അടിസ്ഥാനത്തിൽ തരംതിരിക്കുന്നത് വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: അക്ഷയ് കുമാറിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന 'ഭൂത് ബംഗ്ല' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. 'റാം ജി ആകെ ഭല കരേംഗെ' എന്ന ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഗാനരംഗത്തിൽ അക്ഷയ് കുമാർ പ്രേതങ്ങളെ അവയുടെ നിറം, ലിംഗം, ഉയരം എന്നിവയുടെ അടിസ്ഥാനത്തിൽ തരംതിരിക്കുന്നത് വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.

കോമഡി ഗാനമായാണ് ഒരുക്കിയിരിക്കുന്നത് എങ്കിലും, പ്രേതങ്ങളെ കറുത്തവരെന്നും വെളുത്തവരെന്നും, ആണുങ്ങളെന്നും പെണ്ണുങ്ങളെന്നും, ഉയരമുള്ളവരെന്നും ഇല്ലാത്തവരെന്നും വേർതിരിച്ചു കാണിക്കുന്നത് 'ബോഡി ഷെയ്മിംഗ്' ആണെന്നാണ് വിമർശനം. പ്രീതമാണ് ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. അർമാൻ മാലിക്കും അർവാനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മെല്ലോ ഡി ആണ് റാപ്പ് ഭാഗങ്ങൾ എഴുതി, പാട്ടിയിരിക്കുന്നത്.

അക്ഷയ് കുമാറിനെ കൂടാതെ വാമിക ഗബ്ബി, പരേഷ് റാവൽ, രാജ്പാൽ യാദവ്, അശ്വിനി കൽസേക്കർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ശോഭ കപൂർ, എക്താ കപൂർ, അക്ഷയ് കുമാർ എന്നിവർ ചേർന്നാണ് നിർമാണം.

14 വർഷത്തെ ഇടവേളയ്ക്ക് ശേഷം, പ്രിയദർശനും അക്ഷയ് കുമാറും ഒന്നിക്കുന്ന ചിത്രമാണ് 'ഭൂത് ബംഗ്ല' . 2010ൽ ഇറങ്ങിയ 'ഖട്ട മീത്ത' ആണ് ഇരുവരും അവസാനം ഒരുമിച്ച് എത്തിയ ചിത്രം. ഇവരുടെ മുൻകാല ഹിറ്റായ 'ഭൂൽ ഭുലയ്യ' പോലെ 'ഭൂത് ബംഗ്ല'യും ഒരു ഹൊറർ-കോമഡി ചിത്രമാണിത്.

SCROLL FOR NEXT